Tesla AI Robot ടെസ്ല നിര്‍മിക്കുന്ന യന്ത്രമനുഷ്യന്റെ പ്രാഥമിക രൂപം സെപ്തംബര്‍ 30ന് പ്രദര്‍ശിപ്പിക്കും. ടെസ്‌ലയുടെ എഐ ഡേ ആണ് സെപ്റ്റംബര്‍ 30. ഒപ്ടിമസ് എന്നായിരിക്കും റോബോട്ടിന്റെ പേരെന്ന് മസ്‌ക് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ടെസ്‍ല നിര്‍മിക്കുന്ന യന്ത്രമനുഷ്യന്റെ (Tesla AI Robot ) പ്രാഥമിക രൂപം സെപ്തംബര്‍ 30ന് പ്രദര്‍ശിപ്പിക്കും. ടെസ്‌ലയുടെ എഐ ഡേ ആണ് സെപ്റ്റംബര്‍ 30. ഒപ്ടിമസ് എന്നായിരിക്കും റോബോട്ടിന്റെ പേരെന്ന് മസ്‌ക് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഹ്യൂമനോയിഡ് റോബോട്ടുകള്‍ എന്നറിയപ്പെടുന്ന ഇത്തരം റോബോട്ടുകളെ നിര്‍മിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ് ടെസ്‍ല.
കഴിഞ്ഞ വര്‍ഷമാണ് ഒപ്ടിമസിനെ എലോണ്‍ മസ്ക് ആദ്യമായി പരിചയപ്പെടുത്തിയത്. ഏകദേശം ആറടി പൊക്കമുള്ള റോബോട്ട് മണിക്കൂറില്‍ അഞ്ച് മൈല്‍ വരെ നടക്കും. 150 പൗണ്ട് ഭാരം ഉയര്‍ത്താനും 45 പൗണ്ട് ഭാരം കൊണ്ടു നടക്കാനും ഈ റോബോട്ടിനാകും. നല്ല സുഹൃത്താകാന്‍ ഒപ്ടിമസിന് കഴിയും. കാറിന്റെ ബോള്‍ട്ട് പിടിക്കാനും കടയില്‍ പോയി പലചരക്കു സാധനങ്ങള്‍ വാങ്ങി വരാനും റോബോട്ടിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
undefined
ടെസ്‌ല കാറുകളിലുള്ള ഓട്ടോപൈലറ്റ് സംവിധാനം ഈ റോബോട്ടില്‍ പ്രയോജനപ്പെടുത്തും. യഥാര്‍ഥ ജീവിതത്തിലുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. ഒപ്ടിമസിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത സെന്‍സറുകളും ആക്ച്യുവേറ്ററുകളും ഉണ്ടാകും. കൂടാതെ ഒപ്ടിമസിന്റെ തലയില്‍ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ക്യാമറകളും ഉള്ളില്‍ കമ്പനിയുടെ സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിങ് കംപ്യൂട്ടറും ഉള്‍ക്കൊള്ളിക്കും.
നേരത്തേ കാണിച്ച റോബോട്ടിന്റെ രൂപകല്‍പനയുമായാണ് കമ്പനി മുന്നോട്ടുപോകുന്നതെങ്കില്‍ ഹോളിവുഡ് സയന്‍സ് ഫിക്‌ഷന്‍ സിനിമയായ ‘ഐ റോബട്ടി’ല്‍ ഉള്ള എന്‍എസ്5 റോബട്ടിനോട് സാമ്യമുള്ളതായിരിക്കും ഒപ്ടിമസ്. തനതു വ്യക്തിത്വം ആര്‍ജിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ടെസ്‍ല നല്‍കുന്ന സൂചന. കാലം കഴിയുന്തോറും ഇവയുടെ സ്വഭാവത്തില്‍ മാറ്റങ്ങളും വന്നേക്കാം.
ഉപയോക്താവിന്റെ രീതികളിലേക്ക് റോബോട്ട് മാറും. ആരോഗ്യമുള്ള ഒരാളിന് കീഴ്പ്പെടുത്താനാവുന്ന തരത്തിലായിരിക്കും ഒപ്ടിമസിനെ രൂപപ്പെടുത്തുന്നത്. ഈ വര്‍ഷം തന്നെ റോബോട്ടിനെ പുറത്തിറക്കാനാകും എന്ന പ്രതീക്ഷയിലാണ് മസ്ക്. റോബോട്ടിനെ പരിചയപ്പെടുത്തുന്നതിനൊപ്പം ഊര്‍ജസ്വലമായ പുതിയ സാങ്കേതിക വിദ്യകളും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
ലോകത്തെ ഏറ്റവും പുരോഗതിയാര്‍ജിച്ച എഐ കമ്പനിയാകാനുള്ള ഒരുക്കത്തിലാണ് ടെസ്‍ല എന്നും സൂചനയുണ്ട്. എഐ ദിനം ആഘോഷിക്കുന്നതിനു പിന്നില്‍ ലോകമെമ്പാടുമുള്ള എഐ നൈപുണ്യമുള്ളവരെ കമ്പനിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യമുണ്ടെന്ന് ടെസ്‍ല നേരത്തെ പറഞ്ഞിരുന്നു.