ഇനി രണ്ട് മാസക്കാലം ഭൂമിക്ക് രണ്ട് ചന്ദ്രനുകള്‍! 'മിനി മൂണ്‍' ഇന്നെത്തും; നിങ്ങള്‍ അറിയാനേറെ

By Web Team  |  First Published Sep 29, 2024, 11:31 AM IST

അമ്പിളിമാമന് ഒക്കച്ചങ്ങായിയായി 'ചന്ദ്രന്‍ ജൂനിയര്‍' ഇന്നെത്തും, മിനി മൂണ്‍ ആകാശ വിസ്‌മയത്തെ കുറിച്ച് അറിയാനേറെ
 


തിരുവനന്തപുരം: കാത്തിരുന്ന ആ ദിനമെത്തി! ഇന്ന് മുതല്‍ ഭൂമിക്ക് ഒരു കുഞ്ഞന്‍ ചന്ദ്രന്‍ കൂടി ലഭിക്കുകയാണ്. മിനി മൂണ്‍ എന്ന് വിശേഷിപ്പിക്കുന്ന 2024 പിടി5 ഛിന്നഗ്രഹം ഇന്ന് മുതല്‍ ഭൂമിയെ ഭ്രമണം ചെയ്യും. രണ്ട് മാസക്കാലം ഈ രണ്ടാം ചന്ദ്രന്‍ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കും. ഭൂമിക്ക് യാതൊരു അപകടവും സൃഷ്ടിക്കാതെയായിരിക്കും ഇതിന്‍റെ യാത്ര. 

പിടി5 ഛിന്നഗ്രഹം ഭൂമിയെ വലംവെക്കുന്ന മിനി മൂണ്‍ പ്രതിഭാസം 2024 സെപ്റ്റംബര്‍ 29ന് ആരംഭിക്കുകയാണ്. നവംബര്‍ 25 വരെ 2024 പിടി5 ചന്ദ്രനെ പോലെ ഭൂമിയെ ചുറ്റും. എന്നാലിത് ഭൂമിയെ പൂര്‍ണമായും വലംവെക്കുകയല്ല ചെയ്യുക. ഏകദേശം ഒരു സിറ്റി ബസിന്‍റെ നീളമുള്ള ഛിന്നഗ്രഹം 'അർജുന' എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണ്. ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം ഭ്രമണപഥത്തിലേക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഭൂമിയെ ചുറ്റിത്തിരിയാൻ കുഞ്ഞൻ ഛിന്നഗ്രഹം സജ്ജമാകുന്നത്. 37 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം അതിന്‍റെ യഥാര്‍ഥ ഭ്രമണപഥമായ അര്‍ജുന ഛിന്നഗ്രഹ ബെല്‍റ്റിലേക്ക് നവംബര്‍ 25ഓടെ മടങ്ങിപ്പോകും. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള ബഹിരാകാശ പാറകൾ കൊണ്ട് നിർമിതമായ ദ്വിതീയ ഛിന്നഗ്രഹ വലയത്തെയാണ് അർജുന എന്ന് വിളിക്കുന്നത്. 

Latest Videos

undefined

2024 ഓഗസ്റ്റ് 7ന് ദക്ഷിണാഫ്രിക്കയിലെ അറ്റ്‌ലസാണ് (ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം) 2024 പിടി5 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 1981ലും 2022ലും മിനി മൂണ്‍ പ്രതിഭാസമുണ്ടായിരുന്നു. ഭൂമിക്കരികിലേക്ക് പിടി5 ഛിന്നഗ്രഹത്തിന്‍റെ അടുത്ത വരവ് 2055ലായിരിക്കും എന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. ശാസ്ത്രലോകത്തിന്‍റെ കണ്ണില്‍പ്പെടാത്ത അനേകം മറ്റ് ബഹിരാകാശ വസ്‌തുക്കള്‍ ഇതിനകം ഭൂമിക്കടുത്ത് വന്നുപോയിട്ടുമുണ്ട്. അവയില്‍ മിനി മൂണ്‍ പ്രതിഭാസങ്ങളുമുണ്ടായിരുന്നിരിക്കാം. 

Read more: ചന്ദ്രന് കമ്പനി കൊടുക്കാൻ 'കുഞ്ഞൻ' ഉടനെത്തും; എന്താണ് മിനി-മൂൺ ഇവന്‍റ്, അടുത്തത് ഏത് വര്‍ഷം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!