സൂര്യപ്രകാശത്തിന്‍റെ കണിക പോലുമില്ല; എന്നിട്ടും കടലില്‍ 13,000 അടി താഴെ നിഗൂഢ ഓക്‌സിജന്‍! രഹസ്യം പുറത്ത്

By Web TeamFirst Published Jul 24, 2024, 11:59 AM IST
Highlights

സ്വീറ്റ്മാന്‍റെയും സംഘത്തിന്‍റെയും സമീപകാല ഗവേഷണം ഇതുവരെയുള്ള ധാരണകളെയെല്ലാം വെല്ലുവിളിക്കുന്നു

സമുദ്രങ്ങളിലെ ഓക്‌സിജന്‍ ഉത്പാദനത്തെ കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെല്ലാം തിരുത്തിക്കുറിച്ചേക്കാവുന്ന ഒരു കണ്ടെത്തലിന്‍റെ അമ്പരപ്പില്‍ ശാസ്ത്രലോകം. 13,000 അടി (4 കിലോമീറ്റര്‍) താഴെ സൂര്യപ്രകാശം തെല്ലുപോലും കടന്നുചെല്ലാത്ത സമുദ്രത്തിന്‍റെ അടിത്തട്ടില്‍ ഡാര്‍ക്ക് ഓക്‌സിജന്‍റെ രൂപീകരണം നടക്കുന്നതായാണ് കടല്‍ ശാസ്ത്രജ്ഞനായ പ്രൊഫസര്‍ ആന്‍ഡ്രൂ സ്വീറ്റ്‌മാന്‍റെ സംഘം കണ്ടെത്തിയിരിക്കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സമ്പൂര്‍ണ ഇരുട്ടിലും കടലിന്‍റെ അടിത്തട്ടില്‍ എങ്ങനെയാണ് ഓക്‌സിജന്‍ ഉത്പാദനം നടക്കുന്നതെന്ന് സ്വീറ്റ്‌മാന്‍റെ പഠനം പറയുന്നതിനെ കുറിച്ച് വിശദമായി അറിയാം. 

ശാസ്ത്രം തിരുത്തേണ്ടിവരുമോ? 

Latest Videos

പസഫിക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ മുമ്പ് സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു പ്രതിഭാസം കണ്ടെത്തിയിരിക്കുകയാണ് കടല്‍ ശാസ്ത്രജ്ഞനായ ആന്‍ഡ്രൂ സ്വീറ്റ്‌മാന്‍റെ ഗവേഷണ സംഘം. സ്കോട്ടിഷ് അസോസിയേഷന്‍ ഓഫ് മറൈന്‍ സയന്‍സിലെ ഗവേഷകനാണ് സ്വീറ്റ്‌മാന്‍. മനുഷ്യന്‍ ശ്വസിക്കുന്ന ഓക്‌സിജന്‍റെ ഏറിയ പങ്കും കടലില്‍ നിന്ന് ബഹിര്‍ഗമിക്കുന്നവയാണ്. കടലില്‍ ആല്‍ഗകളാണ് ഓക്‌സിജന്‍റെ പ്രധാന ഉത്പാദകര്‍ എന്നായിരുന്നു ഇതുവരെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. ഇത്തരമൊരു പ്രവര്‍ത്തനം നടക്കണമെങ്കില്‍ കടല്‍സസ്യങ്ങളില്‍ സൂര്യപ്രകാശം എത്തി പ്രകാശസംശ്ലേഷണം നടക്കണം. എന്നാല്‍ സൂര്യപ്രകാശം കടന്നുചെല്ലാത്ത കടലിലെ നാല് കിലോമീറ്റര്‍ ആഴത്തിലും പ്രകാശസംശ്ലേഷണമില്ലാതെ ഓക്‌സിജന്‍ ഉത്പാദനം നടക്കുന്നതായാണ് സ്വീറ്റ്‌മാന്‍റെ ഗവേഷണം പറയുന്നത്. 

സൂര്യപ്രകാശം എത്താത്ത ആഴക്കടലില്‍ ഓക്‌സിജന്‍ ഉല്‍പാദനം നടക്കുന്നില്ല എന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്.  സ്വീറ്റ്മാന്‍റെയും സംഘത്തിന്‍റെയും സമീപകാല ഗവേഷണം ഈ ധാരണയെ വെല്ലുവിളിക്കുന്നു. ഫോട്ടോസിന്തസിസ് ഇല്ലാതെ ഓക്സിജൻ ഉൽപാദനം നടക്കുന്നതായുള്ള കണ്ടെത്തല്‍ ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രധാന്യം അര്‍ഹിക്കുന്നത്. കടല്‍ത്തട്ടിലെ ഓക്‌സിജന്‍ ഉത്പാദനത്തെ കുറിച്ചുള്ള കണ്ടെത്തല്‍ ജീവന്‍റെ ആരംഭത്തെ കുറിച്ച് നിര്‍ണായക സൂചനകള്‍ നല്‍കും എന്ന പ്രതീക്ഷ സ്വീറ്റ്‌മാന്‍ പങ്കുവെക്കുന്നു. 

നാടകീയമായ കണ്ടെത്തല്‍ 

പസഫിക് സമുദ്രത്തിന്‍റെ ആഴങ്ങളില്‍ നിന്ന് മുന്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഓക്‌സിജന്‍റെ സാന്നിധ്യം ആന്‍ഡ്രൂ സ്വീറ്റ്‌മാന്‍റെ സെന്‍സറുകള്‍ തിരിച്ചറിഞ്ഞത് കൗതുകരമായിരുന്നു. ഇങ്ങനെയൊരു ഫലം ഒട്ടും പ്രതീക്ഷിക്കാത്തതിനാല്‍ നിരീക്ഷണ ഉപകരണത്തിന് തെറ്റുപറ്റിയതാകാമെന്നാണ് സ്വീറ്റ്‌മാന്‍ ആദ്യം കരുതിയത്. അതിനാല്‍ ഉപകരണത്തിന്‍റെ നിര്‍മാതാക്കളോട് സെന്‍സറിന്‍റെ കാര്യക്ഷമത പരിശോധിക്കാന്‍ സ്വീറ്റ്‌മാന്‍ തന്‍റെ വിദ്യാര്‍ഥികളെ അയച്ചു. എന്നാല്‍ സെന്‍സറുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കുന്നു എന്നായിരുന്നു ഉപകരണത്തിന്‍റെ നിര്‍മാതാക്കളുടെ തറപ്പിച്ചുള്ള മറുപടി. ഇതോടെയാണ് കടലിന് അടിയില്‍ സൂര്യപ്രകാശത്തിന്‍റെ സഹായമില്ലാതെ ഓക്‌സിജന്‍റെ ഉത്പാദനം നടക്കുന്നതായുള്ള തന്‍റെ കണ്ടെത്തല്‍ ശരിയാണെന്ന് ആന്‍ഡ്രൂ സ്വീറ്റ്‌മാന്‍ ഉറപ്പിച്ചത്. 

പിന്നാലെ ആശങ്ക

കടൽജലത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഭജിക്കുന്ന പ്രകൃതിദത്തമായ ലോഹ നോഡ്യൂളുകൾ വഴിയാണ് ആഴക്കടലില്‍ ഓക്സിജൻ ഉത്പാദനം നടക്കുന്നത് എന്ന് ആന്‍ഡ്രൂ സ്വീറ്റ്‌മാന്‍ പറയുന്നു. ലോഹ നോഡ്യൂളുകളുടെ കലവറയായ പ്രദേശത്താണ് സ്വീറ്റ്‌മാന്‍ ഗവേഷണം നടത്തിയത്. എന്നാല്‍ ഈ ഗവേഷണ ഫലം പുറത്തുവന്നതിന് പിന്നാലെ ഒരു ആശങ്കയും ഉള്‍ത്തിരിഞ്ഞിട്ടുണ്ട്. നിരവധി ഖനന കമ്പനികൾക്ക് കടലിന്‍റെ ആഴങ്ങളിലെ ഈ നോഡ്യൂളുകൾ ശേഖരിക്കാൻ പദ്ധതിയുണ്ട്. ഇത് കടലിന്‍റെ അടിത്തട്ടിലെ ഓക്‌സിജന്‍ ഉത്പാദനത്തെ തടസപ്പെടുത്തുമെന്നാണ് സമുദ്ര ശാസ്ത്രജ്ഞരുടെ ഭയം. ആഴക്കടലിലെ ഓക്‌സിജനെ ആശ്രയിക്കുന്ന സമുദ്രജീവികളുടെ നാശത്തിനും ഖനന കമ്പനികളുടെ ഇടപെടല്‍ വഴിവെച്ചേക്കും എന്നും ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു. 

Read more: ചരിത്രനേട്ടം; അന്തരീക്ഷ ഓക്‌സിജന്‍ വലിച്ചെടുത്ത് ഐഎസ്ആര്‍ഒയുടെ റോക്കറ്റ് കുതിച്ചു; പരീക്ഷണം വിജയകരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!