വേണ്ടെന്നുവെച്ചത് ഐഎസ്ആര്‍ഒയിലെ സുരക്ഷിത ജോലി; രണ്ട് യുവാക്കളുടെ ധൈര്യവും വിജയവും ചരിത്രമായി മാറുന്നത് ഇങ്ങനെ

By Web Team  |  First Published Oct 10, 2023, 2:48 PM IST

താരതമ്യേന കുറഞ്ഞ ചെലവിൽ സാറ്റലൈറ്റ് സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് പവന്‍ ചന്ദനയും ഭരത് ഡാകയുടെ സ്കൈറൂട്ട് എന്ന കമ്പനി സ്ഥാപിക്കുന്നത്.  2022 നവംബര്‍ 19ന് സ്കൈറൂട്ടിന്റെ ആദ്യ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍ നിന്ന് വിക്ഷേപിച്ചു. 


ഹൈദരാബാദ്: ഇലോൺ മസ്കിനെപ്പോലുള്ള ശതകോടീശ്വരൻമാർ അരങ്ങ് വാഴുന്ന ബഹിരാകാശ വാണിജ്യ രംഗത്ത് തങ്ങളുടേതായ ഒരു ഇടം കണ്ടെത്തിയ ഇന്ത്യൻ കമ്പനിയെ പരിചയപ്പെടാം. ഐഎസ്ആര്‍ഒയിലെ സുരക്ഷിതമായ ജോലി വിട്ട്, സ്കൈറൂട്ട് എയ്റോസ്പേസസ് എന്ന റോക്കറ്റ് നിർമാണ സ്റ്റാർട്ടപ്പ് തുടങ്ങിയ രണ്ട് യുവാക്കളുടെ വിജയകഥയാണിത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് 2022ൽ വിക്ഷേപിച്ച സ്കൈറൂട്ട്, അടുത്ത വർഷം ആദ്യത്തില്‍ ദക്ഷിണേഷ്യയിലെ തന്നെ ആദ്യത്തെ സ്വകാര്യ ഓ‌ർബിറ്റൽ റോക്കറ്റ് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്.

ഐഎസ്ആർഒയിൽ നിന്ന്, സുരക്ഷിതമായ ഒരു കരിയർ വിട്ട്, ഇന്ത്യയിൽ നിന്ന് അധികമാരും കൈ വയ്ക്കാൻ ധൈര്യം കാണിക്കാത്ത ബഹിരാകാശ രംഗത്ത് നിക്ഷേപം നടത്താൻ ധൈര്യം കാണിച്ച രണ്ട് യുവ എഞ്ചിനീയർമാർ പടുത്തുയർത്തിയത് ചരിത്രമാണ്. താരതമ്യേന കുറഞ്ഞ ചെലവിൽ സാറ്റലൈറ്റ് സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് പവന്‍ ചന്ദനയും ഭരത് ഡാകയുടെ സ്കൈറൂട്ട് എന്ന കമ്പനി സ്ഥാപിക്കുന്നത്.  2022 നവംബര്‍ 19ന് സ്കൈറൂട്ടിന്റെ ആദ്യ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍ നിന്ന് വിക്ഷേപിച്ചു. 

Latest Videos

undefined

രാജ്യത്ത് ആദ്യമായി സ്വകാര്യമേഖലയിൽ വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കുകയും പരീക്ഷിച്ച് വിജയിക്കുകയും ചെയ്ത കമ്പനിയാണ് സ്കൈറൂട്ട് എയ്റോസ്പേസ്. ത്രീഡി പ്രിന്‍റഡ് ക്രയോജനിക്, ഹൈഡ്രോളിക് ലിക്വിഡ്, ഖര- ഇന്ധന കേന്ദ്രീകൃതമായ റോക്കറ്റ് എഞ്ചിനുകൾ തുടങ്ങിയവ കമ്പനി വികസിപ്പിക്കുകയും പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. 

Read also: 'എൽവിഎം 3'; ചന്ദ്രയാൻ രണ്ടിനെയും മൂന്നിനെയും വഹിച്ച വമ്പൻ റോക്കറ്റ്, 7 ദൗത്യങ്ങളും വിജയം, ഇനി പുതിയ മിഷൻ !

പ്രാരംഭ് എന്നതാണ് സ്കൈറൂട്ടിന്‍റെ ആദ്യ ബഹിരാകാശ ദൗത്യം. വിക്രം എസ്സിന് പുറമേ, വിക്രം 1, 2, 3 എന്നീ മൂന്ന് റോക്കറ്റുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. 480 കിലോ പേലോഡ്, 500 കിലോ മീറ്റര്‍ വരുന്ന താഴ്ന്ന ചരിഞ്ഞ ഭ്രമണപഥത്തിലും 290 കിലോ പേലോഡ് 500 കിലോ മീറ്റര്‍ വരുന്ന സൗരസ്ഥിര ഭ്രമണപഥത്തിലും എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് വിക്രം 1. അതിലും മുകളിലേക്ക് കൂടുതൽ ഭാരമുള്ള പേലോഡുകളെ എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് വിക്രം രണ്ടും മൂന്നും. ഇതിൽ വിക്രം 1, ഉടൻ തന്നെ ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുകയാണ്. 

ബഹികാശരംഗം സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കാനുള്ള സുപ്രധാന തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത് 2020 ജൂണിലാണ്. ഇതാണ് സ്കൈറൂട്ടിന്‍റെ പ്രാരംഭ് ദൗത്യത്തിന് വഴിയൊരുക്കിയത്. ഇലോൺ മസ്കിന്‍റെ സ്പേസ് എക്സ് പോലെ ബഹിരാകാശ വാണിജ്യ രംഗത്ത് നിർണായക ചുവടുവയ്പുകൾ നടത്തുകയെന്നത് തന്നെയാണ് സ്കൈറൂട്ടിന്‍റെ ലക്ഷ്യം. ആവേശ ദൗത്യമെങ്കിലും വെല്ലുവിളികളും ഏറെയാണ്.

ബഹികാരാശം പോലെ അനന്തമാണ് സ്പേസ് രംഗത്തെ ഗവേഷണ, വാണിജ്യ സാധ്യതകൾ. അമേരിക്കയിലോ യൂറോപ്പിലോ ഉള്ള കമ്പനികൾ നൽകുന്ന സേവനം അവരേക്കാൾ എത്രയോ കുറഞ്ഞ ചെലവിൽ നൽകാമെന്ന വാഗ്ദാനമാണ് സ്കൈറൂട്ട് മുന്നോട്ട് വയ്ക്കുന്നത് എന്നത് തന്നെയാണ് ശ്രദ്ധേയം. ആകാശം മുട്ടെ, അതിരുകളില്ലാതെ ഇന്ത്യൻ ബഹികാരാശ രംഗം വളരുന്നതിന്‍റെ ചെറു കാൽവയ്പ്പുകളിലൂടെ സ്കൈറൂട്ട് മുന്നോട്ട് നടക്കുകയാണ്. ആത്മവിശ്വാസത്തോടെ.

വീഡിയോ റിപ്പോര്‍ട്ട് കാണാം...
Watch Video

tags
click me!