ബഹിരാകാശത്ത് അമേരിക്കയെ നടന്ന് തോൽപിച്ച് ചൈന; 9 മണിക്കൂര്‍ നടത്തത്തിന് റെക്കോര്‍ഡ്!

By Web Team  |  First Published Dec 20, 2024, 9:43 AM IST

ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ നടത്തത്തിന്‍റെ റെക്കോര്‍ഡ് ചൈനയ്ക്ക്, 9 മണിക്കൂര്‍ ബഹിരാകാശത്ത് നടന്ന് ചൈനീസ് സ‌ഞ്ചാരികള്‍ തകര്‍ത്തത് അമേരിക്ക 2001ല്‍ സ്ഥാപിച്ച റെക്കോര്‍ഡ്


ബെയ്‌ജിങ്: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തത്തിന്‍റെ റെക്കോർഡ് ചൈനയ്ക്ക്. ചൈനയിലെ രണ്ട് ബഹിരാകാശ യാത്രികർ (കായ് സൂഷെ, സോംഗ് ലിംഗ്‌ഡോംഗ്) ചേർന്നാണ് ഒമ്പത് മണിക്കൂർ ബഹിരാകാശ നടത്തം പൂർത്തിയാക്കി റെക്കോർഡ് സ്വന്തമാക്കിയത്. അമേരിക്കയുടെ റെക്കോർഡാണ് ചൈന തകർത്തിരിക്കുന്നത്. ബഹിരാകാശ നടത്തം എന്നറിയപ്പെടുന്ന ഒമ്പത് മണിക്കൂർ എക്‌സ്‌ട്രാ വെഹിക്കുലാർ ആക്‌റ്റിവിറ്റി (ഇവിഎ) ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിന് പുറത്താണ് നടന്നതെന്ന് ചൈന മാൻഡ് സ്പേസ് ഏജൻസി (സിഎംഎസ്എ)യാണ് പറയുന്നു.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റിപ്പോര്‍ട്ട് പ്രകാരം 2001 മാർച്ച് 12-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരു ദൗത്യത്തിനിടെ സ്‌പേസ് ഷട്ടിൽ ഡിസ്‌കവറിക്ക് പുറത്ത് എട്ട് മണിക്കൂറും 56 മിനിറ്റും ചെലവഴിച്ച യുഎസ് ബഹിരാകാശയാത്രികരായ ജെയിംസ് വോസും സൂസൻ ഹെൽസുമാണ് നേരത്തെ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ യാത്രയിലെ നാഴികക്കല്ല് കൂടിയാണ് റെക്കോർഡുകൾ തകർത്ത ബഹിരാകാശ നടത്തം. ബഹിരാകാശ നടത്തത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ചൈനയുടെ ബഹിരാകാശ ബ്രോഡ്കാസ്റ്റർ സിസിടിവി പുറത്തുവിട്ടു. രണ്ട് ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെ വെന്‍റിയൻ ലാബ് മൊഡ്യൂളിൽ നിന്ന് സുരക്ഷാ കേബിളുകൾ കൊണ്ട് ഘടിപ്പിച്ച് പുറത്തേക്ക് പോകുന്നത് വീഡിയോയിൽ കാണാം.

Latest Videos

undefined

സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടനുസരിച്ച് ഈ ദൗത്യം രണ്ട് ബഹിരാകാശ സഞ്ചാരികൾക്ക്, പ്രത്യേകിച്ച് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പിഎൽഎ) മുൻ യുദ്ധവിമാന പൈലറ്റായ സോങ്ങിന്‍റെ വ്യക്തിപരമായ നാഴികക്കല്ലായിരുന്നു. 1990-കളിൽ ജനിച്ച അദേഹം ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരിയാണ്. ടിയാൻഗോങ്ങിൽ മിഷൻ കമാൻഡർ കായുടെ രണ്ടാമത്തെ ബഹിരാകാശ നടത്തമായിരുന്നു ഇത്. ഷെൻസോ-14 ക്രൂവിന്‍റെ ഭാഗമായി 2022 നവംബറിൽ അദേഹം 5.5 മണിക്കൂർ ബഹിരാകാശ നടത്തം പൂർത്തിയാക്കിയിരുന്നു.

ഒക്‌ടോബർ അവസാനത്തോടെ ടിയാൻഗോങ്ങിൽ എത്തിയ ഷെൻഷൗ-19-ന്‍റെ ജീവനക്കാർ 2025 ഏപ്രിൽ അവസാനമോ മെയ് ആദ്യമോ ഭൂമിയിലേക്ക് മടങ്ങും. അവർ ഇന്നർ മംഗോളിയയിലെ ഡോങ്‌ഫെങ് സൈറ്റിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്. അതുവരെ ദൗത്യത്തിന്‍റെ ഭാഗമായി കൂടുതൽ ബഹിരാകാശ നടത്തങ്ങൾ നടന്നേക്കുമെന്ന് സിഎംഎസ്എ പറയുന്നു.

Read more: ഒരു അഗ്നിപര്‍വത സ്ഫോടനത്തില്‍ വിചിത്ര രൂപം വന്ന ദ്വീപ്, ഇപ്പോഴും സജീവം; അതും അന്‍റാര്‍ട്ടിക്കയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!