ലാൻഡർ പേടകത്തിൽ നിന്ന് വേർപെടുത്തുകയും സാമ്പിളുകൾ ശേഖരിച്ച ശേഷം പേടകവുമായി വീണ്ടും ബന്ധിപ്പിക്കുകയും ചെയ്യും. 53 ദിവസത്തിന് ശേഷം പേടകം ഭൂമിയിലേക്ക് മടങ്ങും.
ബീജിങ്: ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ച് ചൈന. ഹൈനാൻ ദ്വീപ് പ്രവിശ്യയിലെ വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച്-5 വൈബി റോക്കറ്റിൽ വെള്ളിയാഴ്ച ചാങ്' ഇ-6 ചാന്ദ്ര പേടകം ചന്ദ്രനിലേക്ക് വിക്ഷേപിച്ചു. ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിലായിരിക്കും പേടകം ഇറങ്ങുക. ഇരു ധ്രുവങ്ങളുടെയും വ്യത്യാസങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്ന സാമ്പിളുകൾ ശേഖരിച്ച് തിരികെ ഭൂമിയിലേക്ക് കൊണ്ടുവരിക എന്നതാണ് ദൗത്യത്തിൻ്റെ ലക്ഷ്യം. ലാൻഡർ പേടകത്തിൽ നിന്ന് വേർപെടുത്തുകയും സാമ്പിളുകൾ ശേഖരിച്ച ശേഷം പേടകവുമായി വീണ്ടും ബന്ധിപ്പിക്കുകയും ചെയ്യും. 53 ദിവസത്തിന് ശേഷം പേടകം ഭൂമിയിലേക്ക് മടങ്ങും.
2019-ൽ ചന്ദ്രൻ്റെ മറുവശത്ത് ചൈന റോവർ ഇറക്കിയിരുന്നു. ചാങ്'ഇ-4 എന്ന ചാന്ദ്ര പേടകം ഉപയോഗിച്ചായിരുന്നു നേട്ടം കൈവരിച്ചത്. 1970-കൾക്ക് ശേഷം ആദ്യമായി ചന്ദ്രനിൽനിന്ന് സാമ്പിളുകൾ തിരികെ കൊണ്ടുവന്നു. വിശകലനം ചെയ്തപ്പോൾ ചന്ദ്രനിലെ മണ്ണിനുള്ളിൽ വെള്ളം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. 2021-ൽ വിക്ഷേപിച്ച ചൈനീസ് ബഹിരാകാശ ദൗത്യമായ ടിയാൻഗോങ്ങിൽ മൂന്ന് അംഗ സംഘം സഞ്ചരിക്കുന്നു. വരുന്ന നാല് വർഷത്തിനുള്ളിൽ മൂന്ന് ചൈനീസ് ചാന്ദ്രപര്യവേഷണ ദൗത്യങ്ങൾ വിക്ഷേപിക്കാനും ചൈന പദ്ധതിയിടുന്നു. 2030ൽ മനുഷ്യരെ ചന്ദ്രനിലിറക്കാനാണ് ചൈനയുടെ പദ്ധതി.
ചന്ദ്രോപരിതലത്തിൽ ദീർഘകാല സാന്നിധ്യം സ്ഥാപിക്കുന്നതിനായി അമേരിക്കയുമായുള്ള മത്സരത്തിന്റെ ഭാഗമാണ് ചൈനയുടെ വിക്ഷേപണം. അതേസമയം, 2026-ൽ യുഎസ് ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് അയക്കും. ചൈനയുടെ പേടകമെത്തുന്ന ഭാഗത്താണ് അമേരിക്കയുടെ ദൗത്യവും എത്തുക. ജെഫ് ബെസോസിൻ്റെ ബ്ലൂ ഒറിജിൻ, എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് തുടങ്ങിയ മറ്റ് സ്വകാര്യ ഏജൻസികളും ചന്ദ്രദൗത്യത്തിന് ശ്രമിക്കുന്നുണ്ട്. ചന്ദ്രന്റെ അജ്ഞാത മേഖലയിലേക്ക് മറ്റുള്ളവർ പ്രവേശിക്കുന്നത് തടയാൻ ചൈന ശ്രമിച്ചേക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. അവിടെ വെള്ളമുണ്ടെന്നും വെള്ളമുണ്ടെങ്കിൽ റോക്കറ്റ് ഇന്ധനമുണ്ടെന്നും ഞങ്ങൾ കരുതുന്നു. അതുകൊണ്ടാണ് ദക്ഷിണധ്രുവത്തിലേക്ക് പോകാനുള്ള കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.