ചന്ദ്രനില്‍ നിന്ന് ശേഖരിച്ച മണ്ണില്‍ തന്‍മാത്രാ രൂപത്തില്‍ ജലം;ചരിത്ര കണ്ടെത്തലെന്ന് ചൈന

By Web Team  |  First Published Aug 8, 2024, 3:04 PM IST

തന്‍മാത്രാ രൂപത്തിലുള്ള (H20) ജലം ചന്ദ്രനിലുണ്ട് എന്നാണ് ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്


ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യമുണ്ട് എന്ന അനുമാനങ്ങള്‍ ലോകത്തിന് പുതുമയല്ല. ജലം ഏത് രൂപത്തിലാണ് ചാന്ദോപരിതലത്തിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുമുണ്ടായിരുന്നു. എന്നാല്‍ തന്‍മാത്രാ രൂപത്തിലുള്ള ജലം ചന്ദ്രനിലുണ്ട് എന്ന് ചൈന ഭൗതിക തെളിവുകളോടെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ചന്ദ്രനില്‍ നിന്ന് ചൈനയുടെ ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണ് വിശകലനം ചെയ്‌താണ് ഈ കണ്ടെത്തല്‍ എന്ന് രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തു. നേച്ചര്‍ ആസ്ട്രോണമി ജേണല്‍ ഇത് സംബന്ധ് ചൈനീസ് ശാസ്ത്രജ്ഞരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തന്‍മാത്രാ രൂപത്തിലുള്ള (H20) ജലം ചന്ദ്രനിലുണ്ട് എന്നാണ് അവിടെ നിന്ന് ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ജലത്തിന്‍റെ സാന്നിധ്യമേയില്ല എന്ന് മുമ്പ് കരുതിയിരുന്ന ചാന്ദ്ര ഭാഗത്ത് നിന്നാണ് ചാങ്ഇ-5 പേടക സാംപിള്‍ ശേഖരിച്ചത്. തന്‍മാത്രാ രൂപത്തിലുള്ള വെള്ളത്തിന് പുറമെ ധാതുവിന്‍റെയും അമോണിയയുടേയും സാന്നിധ്യം മണ്ണിന്‍റെ സാംപിളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിഗൂഢമായ ഈ ധാതുവിന് ULM-1 എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്ന് നേച്ചര്‍ ആസ്ട്രോണമി ജേണല്‍ 2024 ജൂലൈ 16ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഭാവിയില്‍ ചാന്ദ്ര വാസത്തിനുള്ള വിഭവമാകാന്‍ ചന്ദ്രനില്‍ കണ്ടെത്തിയ ജലത്തിനായേക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ കരുതുന്നു. 

Latest Videos

undefined

ചന്ദ്രന്‍റെ മധ്യ ലാറ്റിറ്റ്യൂഡ് പ്രദേശത്ത് നിന്നാണ് ചാങ്ഇ-5 പേടകം മണ്ണിന്‍റെ സാംപിള്‍ ശേഖരിച്ചത്. ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യമുള്ളതായി നാസയുടെ സോഫിയ ടെലസ്കോപ് 2020ല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ചൂടുപിടിച്ച ചന്ദ്രേപരിതലത്തില്‍ എങ്ങനെയാണ് ജലമുള്ളതെന്ന്  ഭൗതിക തെളിവുകളോടെ നാസയ്ക്ക് സ്ഥാപിക്കാനായിരുന്നില്ല. ഈ വെല്ലുവിളിയാണ് ചാങ്ഇ-5 പേടകം മറികടന്നിരിക്കുന്നത്. ചന്ദ്രനില്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ ചൈനയ്ക്ക് പദ്ധതിയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ചൈന 2020ല്‍ അയച്ച ചാന്ദ്ര പര്യവേഷണ പേടകമാണ് ചാങ്ഇ-5. ചന്ദ്രനില്‍ നിന്നുള്ള സാംപിളുകള്‍ ശേഖരിച്ച് ഭൂമിയില്‍ തിരിച്ചെത്തുകയായിരുന്നു ഈ ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണിന്‍റെ സാംപിളുകള്‍ സൂക്ഷ്‌മമായി പരിശോധിച്ചാണ് ചൈനീസ് ഗവേഷകര്‍ ചന്ദ്രനിലെ ജല സാന്നിധ്യത്തെ കുറിച്ച് നിഗമനത്തിലെത്തിയിരിക്കുന്നത്. 

Read more: 'ഒക്കച്ചങ്ങായി'യായ ഭൂമിയും ചന്ദ്രനും അകലുകയാണോ? ഒരു ദിവസം 25 മണിക്കൂറായേക്കുമെന്ന് മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!