ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13 ന്; ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

By Web Team  |  First Published Jun 28, 2023, 6:58 PM IST

പേടകം ശ്രീഹരിക്കോട്ടയിൽ എത്തി. എൽവിഎം 3 റോക്കറ്റാണ് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ വാഹനം


തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13നെന്ന് സൂചന. ഉച്ചയക്ക് 2.30ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാ‍ഡിൽ നിന്നായിരിക്കും വിക്ഷേപണം. വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ക്രോയജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേർത്തിട്ടില്ല. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമായതിനാൽ തന്നെ മൂന്നാം ദൗത്യത്തിൽ ഓർബിറ്ററിൽ കാര്യമായ പരീക്ഷണ ഉപകരണങ്ങൾ ഇല്ല. ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ ലക്ഷ്യം.

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐഎസ്ആർഒ (ഇസ്രൊ) വീണ്ടും ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. കഴിഞ്ഞ തവണത്തെ പരാജയത്തിൽ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങളാണ് ഇത്തവണത്തെ മൂലധനം. ലാൻഡറിന്റെ ഘടന മുതൽ ഇറങ്ങൽ രീതി വരെ വീണ്ടും വീണ്ടും പരിശോധിച്ച് പരിഷ്കരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഈ രണ്ടാം ശ്രമം. വിജയം മാത്രമേ ഇസ്രൊ ചന്ദ്രയാൻ മൂന്നിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ.

Latest Videos

undefined

ചന്ദ്രയാൻ രണ്ടിന്റേതിന് സമാനമായ യാത്രാ പഥമാണ് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഭൂമിയിൽ നിന്ന് പുറപ്പെട്ട് 40 ദിവസങ്ങൾക്ക് ശേഷമായിരിക്കും ലാൻഡിംഗ് ശ്രമം. ചന്ദ്രനിൽ ഒതുങ്ങുന്നതല്ല ഈ വർഷത്തെ ഇസ്രൊയുടെ സ്വപ്നങ്ങൾ. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 ദൗത്യം ആഗസ്റ്റിൽ വിക്ഷേപിക്കും. ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷണവും ഈ വർഷം തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

click me!