ഇനി മണിക്കൂറുകൾ മാത്രം! ചന്ദ്രോപരിതലത്തിലേക്ക് ചന്ദ്രയാൻ 3; വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങും

By Web Team  |  First Published Aug 23, 2023, 3:01 PM IST

മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ. 


ദില്ലി: 140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്ന് പേടകം ഇന്ന് വൈകീട്ട് ചന്ദ്രോപരിതലം തൊടും. ചന്ദ്രയാൻ 3 ലാൻഡിം​ഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ അറിയിച്ചു. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണ്. വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചു. 

ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.44 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.

Latest Videos

undefined

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ്. ഇന്ത്യൻ സംവിധാനങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്.

കാൻബറയിലെയും മാഡ്രിഡിലെയും ഡീപ്പ് സ്പേസ് നെറ്റ്‌വർക്ക് ആന്റിനകൾ ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കായി കാതോർത്തിരിക്കും. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും. പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‍വെയറാണ്.

മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

ഇന്ന് ലാന്‍റിംഗ് നടന്നില്ലെങ്കില്‍; ചന്ദ്രയാന്‍ 3 ലാന്‍റിംഗില്‍ പ്ലാന്‍ ബിയും ഐഎസ്ആര്‍ഒയ്ക്കുണ്ട്!

ചന്ദ്രയാൻ മൂന്നിനെ സ്വർണം കൊണ്ടാണോ പൊതിഞ്ഞിരിക്കുന്നത്? ചോദ്യത്തിനുള്ള ഉത്തരം ഇതാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

click me!