അണുവിട പിഴക്കാതെ ചരിത്രം കുറിച്ച് ഇന്ത്യ. റോവർ പുറത്തേക്ക് എത്തിക്കുന്ന ഘട്ടത്തിലേക്ക് ഇസ്രോ കടന്നു.
ബംഗ്ലൂരു : ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തിയ ചന്ദ്രയാൻ മൂന്ന് അടുത്ത ഘട്ടത്തിലേക്ക്. ചന്ദ്രയാൻ ലാൻഡറിന്റെ വാതിൽ തുറന്നു. റോവർ പുറത്തേക്ക് എത്തിക്കുന്ന ഘട്ടത്തിലേക്ക് ഇസ്രോ കടന്നു. നേരത്തെ അനുകൂല സാഹചര്യമാണോ എന്നതിൽ വ്യക്തത വരുത്തിയ ശേഷം തുടര്‍ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു.
ചരിത്രം സൃഷ്ടിച്ച്, അണുവിട പിഴക്കാതെ ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിലാണ് കൃത്യമായ കണക്കുകൂട്ടലിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ ലാൻഡർ ചന്ദ്രനിലിറങ്ങിയത്. നാല് ഘട്ട ലാൻഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. റഫ് ബ്രേക്കിംങ്ങിലൂടെ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന പേടകത്തിന്റെ വേഗം സെക്കൻഡിൽ മുന്നൂറ്റിയെഴുപത് മീറ്റർ എന്ന അവസ്ഥയിലെത്തി. ഈ സമയത്ത് ചന്ദ്രോപരിതലത്തിൽ നിന്ന് ഏഴു കിലോമീറ്ററിന് അടുത്ത ഉയരത്തിലായിരുന്ന ലാൻഡർ, അതിന് ശേഷം മെല്ലെ ചെരിഞ്ഞ് വീണ്ടും വേഗം കുറയ്ക്കുന്ന ഫൈൻ ബ്രേക്കിങ്ങിലേക്കെത്തി.
undefined
ലാൻഡിങ്ങ് സ്ഥാനത്തിന് 800 മീറ്റർ ഉയരത്തിൽ വച്ച് ഫൈൻ ബ്രേക്കിംഗ് അവസാനിക്കുമ്പോൾ പേടകം നിശ്ചയിച്ച ലാൻഡിങ്ങ് സ്ഥാനത്തിന് തൊട്ടുമുകളിലെത്തിയിരുന്നു. പന്ത്രണ്ട് സെക്കൻഡ് അതിന് മുകളിൽ നിന്ന ശേഷം വീണ്ടും താഴേക്ക്. ലാൻഡിങ്ങ് സ്ഥാനത്തിന് 150 മീറ്റർ ഉയരത്തിലെത്തി വീണ്ടും അൽപ്പനേരം കാത്തു നിന്നു. സെൻസറുകളും ക്യാമറയിലെ ചിത്രങ്ങളും ലാൻഡിംഗിന് അനുയോജ്യമായ സ്ഥലമല്ലെന്ന് കണ്ടെത്തിയതോടെ അടുത്ത ഘട്ടത്തിലേക്കെത്തി. അൽപ്പം മാറി അനുയോജ്യമായ സ്ഥാനം കണ്ടെത്തി, രാജ്യം ചങ്കിടിപ്പോടെ നോക്കി നിൽക്കെ ലാൻഡർ ചന്ദ്രോപരിതലം തൊട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തേക്ക് എത്തിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് ഇസ്രോ കടന്നത്.
'ഭൂമിയിൽ സ്വപ്നം കണ്ടു, ചന്ദ്രനിൽ നടപ്പാക്കി'; ഐതിഹാസിക നിമിഷം; ആഹ്ളാദം പങ്കുവെച്ച് പ്രധാനമന്ത്രി
ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് അംഗീകാരം
ജി-20 ഉച്ചകോടി നടക്കാനിരിക്കെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അംഗീകാരവും സ്വീകാര്യതയും ഉയർത്തുന്നതാണ് ചന്ദ്രയാൻ ദൗത്യത്തിൻറെ വിജയം. ഇന്ത്യയുടെ വിജയം പ്രധാന വിദേശമാധ്യമങ്ങളെല്ലാം വൻപ്രാധാന്യത്തോടെയാണ് നല്കിയത്. ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ നീക്കങ്ങൾക്ക് നേതൃത്വം നൽകാനും ഈ നേട്ടം ഇന്ത്യയ്ക്ക് കരുത്തു പകരും. സിഎൻഎൻ, ബിബിസി, അൽജസീറ തുടങ്ങി പ്രധാന വിദേശമാധ്യമങ്ങളെല്ലാം വിക്രം ചന്ദ്രനിൽ ഇറങ്ങിയതും ഇന്ത്യയിലെ ആഘോഷവും തത്സമയമാണ് നല്കിയത്. സമീപകാലത്ത് ഇന്ത്യയുടെ ഒരു നേട്ടവും ഇതു പോലെ ലോകമെങ്ങും ചലനമുണ്ടാക്കിയില്ല.റഷ്യൻ ദൗത്യത്തിൻറെ പരാജയത്തിനു ശേഷമാണ് സൗത്ത് പോളിനടുത്ത് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യം എന്ന ഈ ബഹുമതി ഇന്ത്യ സ്വന്തമാക്കിയത് എന്നതും ലോകം ഈ നിമിഷങ്ങൾ ശ്രദ്ധിക്കുന്നതിന് കാരണമാണ്.
ചന്ദ്രനോളം അഭിമാനം, ചരിത്ര നിമിഷം; ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലം തൊട്ടു
കൊവിഡിനു ശേഷം ഇന്ത്യൻ വിപണി പല പാശ്ചാത്യ രാജ്യങ്ങളെയും ആകർഷിക്കുന്നുണ്ട്. വിമാനങ്ങൾക്കായുള്ള കരാറുകളും ആയുധ ഇടപാടുകളും അമേരിക്ക ഫ്രാൻസ് റഷ്യ തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യയോട് ചേർത്ത് നിറുത്തുന്നു. സാമ്പത്തിക ശക്തിയായി വളരാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ഈ ശാസ്ത്രനേട്ടവും കുതിപ്പാകും. ജി20 ഉൾപ്പടെ ലോക കൂട്ടായ്മകളിൽ ഇന്ത്യയുടെ ശബ്ദത്തിന് കൂടുതൽ സ്വീകാര്യത കിട്ടും. ഐക്യരാഷ്ട്രസഭയുൾപ്പടെ അന്താരാഷ്ട സംഘടനകളുടെ പൊളിച്ചെഴുത്ത് എന്ന വാദത്തിനും ഇത് കരുത്താകും.