ലാൻഡറിലെ ക്യാമറകൾ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആഒ പുറത്തുവിട്ടത്.
ബംഗ്ലൂരു : ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തി ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർണ്ണ വിജയം. ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ചിത്രങ്ങളും പുറത്ത് വന്നു. ലാൻഡറിലെ ക്യാമറകൾ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആഒ പുറത്തുവിട്ടത്. കൂടുതൽ ചിത്രങ്ങൾ അടുത്ത മണിക്കൂറുകളിൽ പുറത്ത് വന്നേക്കും.
undefined
അണുവിട പിഴക്കാതെ ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ ലാൻഡർ ചന്ദ്രനെ തൊട്ടു. നാല് ഘട്ട ലാൻഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. റഫ് ബ്രേക്കിംങ്ങിലൂടെ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന പേടകത്തിന്റെ വേഗം സെക്കൻഡിൽ മുന്നൂറ്റിയെഴുപത് മീറ്റർ എന്ന അവസ്ഥയിലെത്തി. ഈ സമയത്ത് ചന്ദ്രോപരിതലത്തിൽ നിന്ന് ഏഴു കിലോമീറ്ററിന് അടുത്ത ഉയരത്തിലായിരുന്നു ലാൻഡർ.
ചന്ദ്രനോളം അഭിമാനം, ചരിത്ര നിമിഷം; ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലം തൊട്ടു
ആൾട്ടിട്ട്യൂഡ് ഹോൾഡിങ്ങ് ഘട്ടവും കൃത്യം. മെല്ലെ ചെരിഞ്ഞ് വീണ്ടും വേഗം കുറയ്ക്കുന്ന ഫൈൻ ബ്രേക്കിങ്ങിലേക്ക്. ലാൻഡിങ്ങ് സ്ഥാനത്തിന് 800 മീറ്റർ ഉയരത്തിൽ വച്ച് ഫൈൻ ബ്രേക്കിംഗ് അവസാനിക്കുമ്പോൾ പേടകം നിശ്ചയിച്ച ലാൻഡിങ്ങ് സ്ഥാനത്തിന് തൊട്ടുമുകളിലെത്തിയിരുന്നു. പന്ത്രണ്ട് സെക്കൻഡ് അതിന് മുകളിൽ നിന്ന ശേഷം താഴേക്ക്. ലാൻഡിങ്ങ് സ്ഥാനത്തിന് 150 മീറ്റർ ഉയരത്തിലെത്തി വീണ്ടും അൽപ്പനേരം കാത്തു നിന്നു. സെൻസറുകളും ക്യാമറയിലെ ചിത്രങ്ങളും ലാൻഡിംഗിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതോടെ അടുത്ത ഘട്ടത്തിലേക്കെത്തി. അൽപ്പം മാറി അനുയോജ്യമായ സ്ഥാനം കണ്ടെത്തി. രാജ്യം ചങ്കിടിപ്പോടെ നോക്കി നിൽക്കെ ലാൻഡർ താഴേക്ക്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യൻ കാൽവയ്പ്പ്.