ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഭ്രമണപഥ താഴ്ത്തൽ ഓഗസ്റ്റ് 14ന് പകൽ പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിൽ നടക്കും
ദില്ലി: ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. ലാൻഡറിലെ രണ്ട് വ്യത്യസ്ത ക്യാമറകൾ എടുത്ത ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. ജൂലൈ പതിനാലിന് വിക്ഷേപണ ശേഷം ലാൻഡർ ഇമേജർ ക്യാമറയാണ് ഭൂമിയുടെ ചിത്രം പകര്‍ത്തിയത്. ചന്ദ്രനിൽ ഇറങ്ങാൻ സഹായിക്കാനായി രൂപകൽപ്പന ചെയ്ത ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറയെടുത്ത ചന്ദ്രന്‍റെ ചിത്രമാണ് രണ്ടാമത്തേത്.
ഓഗസ്റ്റ് ആറിനാണ് ഈ ചിത്രം പകർത്തിയത്. ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഭ്രമണപഥ താഴ്ത്തൽ ഓഗസ്റ്റ് 14ന് പകൽ പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിൽ നടക്കും. ഓഗസ്റ്റ് 16ന് പേടകത്തെ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചശേഷം പതിനേഴാം തീയതിയായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ഓഗസ്റ്റ് 23നായിരിക്കും സോഫ്റ്റ് ലാൻഡിംഗ്.
undefined
ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ച ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആഗസ്റ്റ് 17നായിരിക്കും ഈ നിർണായക ഘട്ടം നടക്കുക. പ്രൊപ്പൽഷൻ മൊഡ്യൂൾ നേരത്തെയുള്ള ഭ്രമണപഥത്തിൽ തുടരും. ലാൻഡർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റർ അടുത്ത ദൂരവും, നൂറ് കിലോമീറ്റർ അടുത്ത ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് മാറും.
ഇവിടുന്നാണ് സോഫ്റ്റ് ലാൻഡിങ്ങിനായുള്ള ഒരുക്കങ്ങൾ തുടങ്ങുക. പേടകത്തിന്റെ കാലുകൾ ചന്ദ്രനിൽ തൊടുന്ന ദിവസത്തിനായി രാജ്യം കാത്തിരിക്കുകയാണ്. പേടകത്തിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഓഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പേടകത്തിലെ ക്യാമറകൾ ചന്ദ്രനെ ആദ്യം ഒപ്പിയെടുത്തത്. മിഴിവേറിയ കാഴ്ചകൾ ഇനി വരാനിരിക്കുന്നതേ ഉള്ളൂ എന്ന സൂചനകളാണ് ആദ്യ ചിത്രങ്ങള്‍ നൽകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം