സെപ്റ്റംബറിൽ വീണ്ടും സൂര്യരശ്മികൾ പതിക്കുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സ്വിച്ച് ചെയ്യാൻ കഴിയുമെങ്കിൽ അത് പുതിയ ചരിത്രമാകുമെന്നും എസ് സോമനാഥ്
ദില്ലി: ചന്ദ്രോപരിതലത്തിലെ വളരെ കുറഞ്ഞ താപനിലയെ അതിജീവിച്ച് സെപ്റ്റംബർ 22 ന് ചന്ദ്രയാൻ മൂന്നിന്‍റെ വിക്രമും പ്രഗ്യാനും ഉണരുകയാണെങ്കിൽ അത് ചരിത്രമാകുമെന്ന് ഐഎസ്ആർഒ ചെയര്‍മാൻ എസ് സോമനാഥ്. ചന്ദ്രോപരിതലത്തിലെ വളരെ കുറഞ്ഞ താപനിലയെ ദീർഘനേരം അതിജീവിച്ചും സിസ്റ്റങ്ങൾ വീണ്ടും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സെപ്റ്റംബറിൽ വീണ്ടും സൂര്യരശ്മികൾ പതിക്കുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സ്വിച്ച് ചെയ്യാൻ കഴിയുമെങ്കിൽ അത് പുതിയ ചരിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഐഎസ്ആർഒ ചെയര്‍മാൻ മനസ് തുറന്നത്. ക്രമം അനുസരിച്ച്, ഐഎസ്ആർഒ വിക്രം ലാൻഡറിനായുള്ള സ്ലീപ്പ് മോഡ് സെപ്റ്റംബർ അഞ്ചിനാണ് ആരംഭിച്ചത്. ഇതിന് മുമ്പ് ഹോപ്പ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. തുടര്‍ന്ന് ChaSTE, RAMBHA-LP, ILSA payloads എന്നിവ ഉൾപ്പെടുന്ന ഇൻ-സിറ്റു പരീക്ഷണങ്ങളുടെ ഒരു പരമ്പര പുതിയ സ്ഥലത്ത് നടത്തുകയും ചെയ്തു. അങ്ങനെ ശേഖരിച്ച ഡാറ്റ ഭൂമിയിലേക്ക് കൈമാറുകയും പേലോഡുകൾ നിർജ്ജീവമാക്കുകയും ചെയ്തു.
undefined
ഈ സാഹചര്യത്തിലും ലാൻഡറിലെ റിസീവറുകൾ പ്രവർത്തനക്ഷമമായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണെന്നും സോമനാഥ് പറഞ്ഞു. സെപ്റ്റംബര്‍ 22ന് ലാൻഡറിലും പ്രഗ്യാൻ റോവറിലുമുള്ള ഉപകരണങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താൻ ശാസ്ത്രജ്ഞർ ഒരുങ്ങുകയാണ്. അതികഠിനമായ താഴ്ന്ന താപനിലയെ ചെറുക്കാനുള്ള ഈ ഉപകരണങ്ങളുടെ കഴിവിനെ ആശ്രയിച്ചാകും ഇതിന്‍റെ വിജയം. ചന്ദ്രനിലെ രാത്രികാല താപനില ഏകദേശം മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ കുത്തനെ താഴ്ന്നേക്കുമെന്നാണ് മുൻ ചാന്ദ്ര ദൗത്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.
ചന്ദ്രയാൻ മൂന്ന്, വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ എന്നിവയ്‌ക്ക് വേണ്ടി ചെയ്ത കാര്യങ്ങളില്‍ പൂർണ്ണ ആത്മവിശ്വാസമാണ് ഉള്ളതെന്ന് സോമനാഥ് പറഞ്ഞു. സിസ്റ്റത്തിലെ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും അയക്കുന്ന കമാൻഡുകൾ റിസീവ് ചെയ്ത് അത് പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തരത്തിലേക്കാണ് അവ രണ്ടും മാറേണ്ടത്. ഇത് സെപ്റ്റംബര്‍ 22ന് സാധ്യമായാല്‍ അത് ചരിത്രമായി മാറും. വളരെ കുറഞ്ഞ താപനിലയിൽ പ്രഗ്യാൻ പൂർണ്ണമായി പരീക്ഷിച്ചു.
എന്നാൽ വിക്രമിന്‍റെ കാര്യം വരുമ്പോൾ എല്ലാം പരീക്ഷിച്ചു എന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 സെപ്റ്റംബറിൽ വിക്രം ലാൻഡർ മൊഡ്യൂൾ വീണ്ടും സജീവമാക്കിയാൽ കൂടുതൽ ഹോപ് ടെസ്റ്റുകൾ നടത്താമെന്നും ഐഎസ്ആർഒ ചെയർമാൻ സ്ഥിരീകരിച്ചു. ഏകദേശം 90 കിലോയോളം ഇന്ധനം ബാക്കിയുണ്ട്. ചില ശ്രദ്ധേയമായ കാര്യങ്ങള്‍ കൂടെ നടത്താൻ ഈ ഇന്ധനം മതിയാകും. എന്നാൽ, ഇതിന് നിരവധി വെല്ലുവിളികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഊഷ്മാവ് 180 ഡിഗ്രിക്ക് താഴെ പോയാൽ ദ്രാവകം തണുത്തുറഞ്ഞ് ഖരാവസ്ഥിയിലാകും. വീണ്ടും ഉപയോഗിക്കണമെങ്കില്‍ അത് വീണ്ടും ദ്രാവകാവസ്ഥയിലെത്തണമെന്നും എസ് സോമനാഥ് പറഞ്ഞു. ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ യു ആർ റാവു സാറ്റലൈറ്റ് സെന്‍ററിൽ വച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിന് അദ്ദേഹം പ്രത്യേക അഭിമുഖം അനുവദിച്ചത്.
9497980900 എന്ന പൊലീസിന്‍റെ പ്രത്യേക വാട്സ് ആപ്പ് നമ്പർ ഓര്‍ത്ത് വയ്ക്കാം; പുതിയ സംവിധാനം ഇങ്ങനെ