ചന്ദ്രനില്‍ കണ്ടെത്തിയിരിക്കുന്ന ഗുഹ ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാന്‍ കഴിയും
ചന്ദ്രനിൽ ഗുഹ ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇല്ലല്ലേ. ആദ്യമായി ചന്ദ്രനിൽ ഗുഹ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. കുറഞ്ഞത് 100 മീറ്ററെങ്കിലും ആഴമുള്ള ഗുഹ മനുഷ്യർക്ക് സ്ഥിരവാസത്തിന് യോജ്യമായ തരത്തിലുള്ള ഇടമാണെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ബഹിരാകാശത്ത് മറഞ്ഞിരിക്കുന്ന നൂറുകണക്കിന് ഗുഹകളിൽ ഒന്ന് മാത്രമാണിതെന്ന് ഗവേഷകര്‍ പറയുന്നു. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം സാധ്യമാക്കാന്‍ രാജ്യങ്ങൾ മത്സരിക്കുന്ന സമയത്താണ് ഇത്തരമൊരു നിര്‍ണായക കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്.
ഇറ്റലിയിലെ ട്രെൻറോ സർവകലാശാലയിലെ ലോറെൻസോ ബ്രൂസോണും ലിയോനാർഡോ കാരറും ചേർന്നാണ് മാരെ ട്രാൻക്വിലിറ്റാറ്റിസ് എന്ന പാറസമതലത്തിലെ ഗുഹ റഡാർ ഉപയോഗിച്ച് കണ്ടെത്തിയത്. ഇത് ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാന്‍ കഴിയും. 1969-ൽ അപ്പോളോ 11 ഇറങ്ങിയത് ഈ ഗുഹയ്ക്ക് അടുത്തുള്ള പ്രദേശത്താണ്. ഗുഹയുടെ മുഴുവൻ വ്യാപ്തിയും മനസിലാക്കാൻ ഇനിയും ഏറെ പഠിക്കാനുണ്ടെന്നാണ് ബ്രൂസോണും കാരറും പറയുന്നത്.
undefined
ചന്ദ്രനിൽ സ്ഥിരമായ ഒരു കേന്ദ്രം സ്ഥാപിക്കാൻ നാസ ലക്ഷ്യമിടുന്നുണ്ട്. ചൈനയും റഷ്യയും ചാന്ദ്ര ഗവേഷണ ഔട്ട്‌പോസ്റ്റുകൾ തുടങ്ങാനുള്ള താൽപ്പര്യം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ കോസ്മിക് വികിരണങ്ങൾ ഏൽക്കാത്ത പരിതസ്ഥിതിയിൽ മാത്രമേ സ്ഥിരമായ ബേസ് ചന്ദ്രനിൽ സ്ഥാപിക്കാൻ കഴിയൂ. ചന്ദ്രനില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഗുഹ ഭാവിയില്‍ മനുഷ്യവാസത്തിന് സഹായകമായേക്കാം. കോസ്മിക് വികിരണങ്ങള്‍, സൗരവികിരണം തുടങ്ങി ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ബഹിരാകാശ കാലാവസ്ഥയില്‍ നിന്ന് രക്ഷനല്‍കാന്‍ ഈ ഗുഹയ്ക്കാകും എന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ ഭാവിയില്‍ ഈ ഗുഹയില്‍ മനുഷ്യര്‍ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ചന്ദ്രന്‍റെ ചരിത്രത്തെയും നമ്മുടെ സൗരയൂഥത്തെയും കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചന്ദ്രനില്‍ കണ്ടെത്തിയിരിക്കുന്ന ഗുഹ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. സവിശേഷമായ ബഹിരാകാശ കാലാവസ്ഥ കാരണം ചന്ദ്രനിലെ ഗുഹയ്ക്കുള്ളിലെ പാറകൾക്ക് കേടുപാടുകൾ സംഭവിക്കില്ലെന്നാണ് അനുമാനം. അതിനാൽ ഗുഹയിലെ പര്യവേഷണം കോടിക്കണക്കിന് വർഷങ്ങള്‍ നീണ്ട വിവരങ്ങള്‍ ശാസ്ത്രലോകത്തിന് നൽകിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം