1.8 ബില്യണ്‍ മൈല്‍ യാത്ര ചെയ്ത് അന്യഗ്രഹ ജീവന്‍ കണ്ടെത്തുക ലക്ഷ്യം; 'യൂറോപ്പ ക്ലിപ്പര്‍' പേടകം ഇന്ന് കുതിക്കും

By Web TeamFirst Published Oct 14, 2024, 7:30 AM IST
Highlights

നാസയുടെ ഏറ്റവും വലിയ ഗ്രഹ പേടകമാണ് യൂറോപ്പ ക്ലിപ്പര്‍, ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിന്‍റെ വലിപ്പമുള്ള ഇതിന്‍റെ ഭാരം 6000 കിലോഗ്രാം 

ഭൂമിക്ക് പുറത്തുള്ള ജീവനെ കണ്ടെത്തുന്നതിനായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അടുത്ത ദൗത്യത്തിന് തുടക്കമിടുന്നു. വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയിലേക്ക് ഇന്ന് കുതിക്കാന്‍ തയ്യാറെടുക്കുകയാണ് 'യൂറോപ്പ ക്ലിപ്പര്‍' പേടകം. ഈ പദ്ധതിയില്‍ നാസയുമായി സ്വകാര്യ ബഹിരാകാശ ദൗത്യ സംരംഭകരായ സ്പേസ് എക്‌സ് സഹകരിക്കുന്നുണ്ട്. സ്പേസ് എക്സിന്‍റെ ഫാള്‍ക്കണ്‍ ഹെവി റോക്കറ്റാണ് ക്ലിപ്പറിനെ യൂറോപ്പയിലേക്ക് അയക്കുന്നത്. 

ലക്ഷ്യം 1.8 ബില്യണ്‍ മൈല്‍ അകലെ

Latest Videos

ഐതിഹാസികമായ ഗവേഷണ യാത്രയ്ക്ക് മുമ്പ് യൂറോപ്പ ക്ലിപ്പര്‍ പേടകത്തിന്‍റെ വിശേഷങ്ങള്‍ നാസ പങ്കുവെച്ചു. 1.8 ബില്യണ്‍ മൈല്‍ അകലേയ്ക്കുള്ള ദൗത്യത്തിനാണ് ക്ലിപ്പര്‍ കുതിക്കുന്നത് എന്ന് നാസ വ്യക്തമാക്കുന്നു. 2024 ഒക്ടോബര്‍ 14ന് വിക്ഷേപിക്കുന്ന ക്ലിപ്പര്‍ പേടകം അഞ്ചര വര്‍ഷം പിന്നിട്ട് 2030 ഏപ്രിലിലാണ് വ്യാഴത്തിന്‍റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക. 

ക്ലിപ്പറിന്‍റെ പ്രത്യേകതകള്‍

ഏതെങ്കിലുമൊരു ഗ്രഹ ദൗത്യത്തിനായി നാസ ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ബഹിരാകാശ പേടകമാണ് യൂറോപ്പ ക്ലിപ്പർ. ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിന്‍റെ വലിപ്പമുള്ള യൂറോപ്പ ക്ലിപ്പര്‍ പേടകത്തിന് 6000 കിലോഗ്രാം ഭാരമുണ്ട്. 9 നവീന ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന ക്ലിപ്പര്‍ പേടകം യൂറോപ്പയുടെ പ്രതലത്തെ വിശദമായി നിരീക്ഷിക്കും. യൂറോപ്പയിലെ തണുത്തുറഞ്ഞ ഐസ് പാളികള്‍ക്കടിയില്‍ ജീവന്‍റെ തുടിപ്പുകളുണ്ടോ എന്ന് കണ്ടെത്തുന്നതിനായി തെര്‍മല്‍ ഇമേജിംഗ്, സ്‌പെക്‌ട്രോമീറ്റര്‍, വിവിധ ക്യാമറകള്‍ എന്നിവ ക്ലിപ്പറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങള്‍ യൂറോപ്പയിലെ അസാധാരണമായ ചൂടും രാസപ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്. 

മില്‍ട്ടണ്‍ കൊടുങ്കാറ്റ് കൊടുത്ത പണി 

2024 ഒക്ടോബര്‍ 10നാണ് യൂറോപ്പ ക്ലിപ്പറിനെ വിക്ഷേപിക്കാന്‍ നാസ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഫ്ലോറിഡയില്‍ വീശിയടിച്ച മില്‍ട്ടണ്‍ കൊടുങ്കാറ്റ് കണക്കുകള്‍ തെറ്റിച്ചു. ഇതോടെ നീട്ടിവച്ച വിക്ഷേപണത്തിനുള്ള അന്തിമ ഒരുക്കങ്ങളിലാണ് ഫ്ലോറിഡയില്‍ കെന്നഡി സ്പേസ് സെന്‍റര്‍. ഇന്ന് 39 എ ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരിക്കും ക്ലിപ്പറിന്‍റെ വിക്ഷേപണം. യൂറോപ്പ ക്ലിപ്പര്‍ വിക്ഷേപണം നാസ തത്സമയം സംപ്രേക്ഷണം ചെയ്യും. 

A journey of 1.8 billion miles is about to begin.

All about NASA's mission to explore Jupiter's intriguing moon Europa: https://t.co/KX1yfEbiNu

Launch is slated for Monday, Oct. 14. Here's how to watch: https://t.co/x4XNEuvd7U pic.twitter.com/qkUkVq39pT

— NASA Europa Clipper (@EuropaClipper)

Read more: മഹാത്ഭുതം! 20 നില കെട്ടിടത്തിന്‍റെ വലിപ്പമുള്ള റോക്കറ്റ് ഭാഗം തിരികെ ലാന്‍ഡ് ചെയ്യിച്ച് സ്പേസ് എക്സ്- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!