ഹമ്മോ, കുത്തബ്‌ മിനാറിന്‍റെ വലിപ്പം! ഭീമന്‍ ഛിന്നഗ്രഹം ശരവേഗത്തില്‍ ഭൂമിക്കരികിലേക്ക് എന്ന് മുന്നറിയിപ്പ്

By Web Team  |  First Published Nov 12, 2024, 2:07 PM IST

ഏറെ നിലകളുള്ള കെട്ടിടത്തിന്‍റെ വലിപ്പമുള്ള കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി അതിവേഗത്തില്‍ വരുന്നതായി മുന്നറിയിപ്പ്


കാലിഫോര്‍ണിയ: ഏകദേശം കുത്തബ്‌ മിനാറിന്‍റെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം മണിക്കൂറില്‍ 37,659 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിക്ക് അരികിലേക്ക് എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇന്ന് നവംബര്‍ 12ന് '2020 യുഎല്‍3' എന്ന് പേരുള്ള ഈ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തെത്തും എന്നാണ് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി കണക്കാക്കുന്നത്. 

250 അടി അഥവാ 76 മീറ്ററാണ് 2020 യുഎല്‍3 ഛിന്നഗ്രഹത്തിന്‍റെ വ്യാസം. വലിപ്പം കൊണ്ട് അല്‍പം പ്രശ്നക്കാരനായ ഛിന്നഗ്രഹം ഭൂമിക്ക് എന്തെങ്കിലും പരിക്ക് ഏല്‍പിക്കുമോ എന്ന ചോദ്യം സജീവമാണ്. എന്നാല്‍ 2020 യുഎല്‍3യെ അത്രകണ്ട് ഭയക്കേണ്ടതില്ല എന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി പറയുന്നു. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 973,000 മൈല്‍ അകലും ഛിന്നഗ്രഹത്തിനുണ്ടാകും എന്നാണ് നാസയുടെ നിഗമനം. ഭൂമിയില്‍ നിന്ന് സുരക്ഷിതമായ അകലമാണിത് എന്നതിനാല്‍ 2020 യുഎല്‍3 ഛിന്നഗ്രഹത്തെ ഭയക്കേണ്ടതില്ല. 

Latest Videos

undefined

ഇത് കൂടാതെ മറ്റൊരു ഛിന്നഗ്രഹം കൂടി ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ ചീറിപ്പായും. 2024 വിഎച്ച്1 എന്നാണ് ഇതിന്‍റെ പേര്. ഒരു വീടിന്‍റെ വലിപ്പം കണക്കാക്കുന്ന ഈ ഛിന്നഗ്രഹത്തിന്‍റെ വ്യാസം 51 അടിയാണ്. 2024 വിഎച്ച്1 ഛിന്നഗ്രഹവും ഭൂമിക്ക് യാതൊരു പ്രശ്നവും സൃഷ്ടിക്കില്ല. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 317,000 മൈല്‍ അകലം ഛിന്നഗ്രഹത്തിനുണ്ടാകും എന്നതാണ് കാരണം. 

നാളെ നവംബര്‍ 13ന് രണ്ട് ഛിന്നഗ്രഹങ്ങള്‍ കൂടി ഭൂമിക്ക് അരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പും ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോറ്ററി നല്‍കുന്നു. ഒരു വീടിന്‍റെ വലിപ്പം (44 അടി) കണക്കാക്കുന്ന 2024 വിഒ2, 2020 എബി2 എന്നീ ഛിന്നഗ്രഹങ്ങളാണിത്. കടന്നുപോകുമ്പോള്‍ യഥാക്രമം 2,730,000 മൈല്‍, 4,490,000 മൈല്‍ എന്നിങ്ങനെ സുരക്ഷിത അകലം ഈ ഛിന്നഗ്രഹങ്ങള്‍ക്ക് ഭൂമിയുമായുണ്ടാകും. 

Read more: ഇന്ത്യക്ക് വഴികാട്ടാന്‍ 'നാവിക്'; പുത്തന്‍ നാവിഗേഷന്‍ സംവിധാനം ഉടന്‍ ഫോണുകളില്‍, ജിപിഎസ് എന്ന വന്‍മരം വീഴും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!