ദിനോസറുകളുടെ സ്വർ​ഗമായിരുന്നോ ഇന്ത്യ!, കണ്ടെത്തിയത് 256 ദിനോസർ മുട്ടകൾ, ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച് ധാർ

By Web Team  |  First Published Jan 31, 2024, 1:42 AM IST

ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് മുട്ടകളുടെ ഫോസിൽ കണ്ടെത്തിയത്. ചില സ്ഥലങ്ങളില്‍ നിന്ന് 20 മുട്ടകള്‍ വരെ ലഭിച്ചു.


ദില്ലി: മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്ന് 256 ദിനോസർ മുട്ടകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ജില്ലയിലെ 92 കേന്ദ്രങ്ങളിൽ നിന്നാണ് ഇത്രയധികം മുട്ടകൾ കണ്ടെടുത്തത്. ഇതോടെ ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലായിരിക്കാമെന്ന നി​ഗമത്തിലാണ് ശാസ്ത്രലോകം. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് മുട്ടകളുടെ ഫോസിൽ കണ്ടെത്തിയത്. ചില സ്ഥലങ്ങളില്‍ നിന്ന് 20 മുട്ടകള്‍ വരെ ലഭിച്ചു. ഏകദേശം 66 ദശലക്ഷം  (6.6 കോടി) വര്‍ഷങ്ങള്‍ ഫോസിലുകള്‍ക്ക്  പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 

ഗവേഷക ഹര്‍ഷ ധീമന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ചിലെ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ശാസ്ത്ര മാസികയായ പ്ലോസ് വണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Latest Videos

undefined

15 മുതല്‍ 17 സെന്‍റീമീറ്റര്‍ വരെ വ്യാസമുള്ള മുട്ടകൾ, ഓരോ കൂട്ടിലും 20 വരെ സൂക്ഷിച്ചിരുന്നു. ചില മുട്ടകളില്‍ അടയിരുന്നതിന്റെ ശേഷിപ്പും ലഭിച്ചുയ ചിലതില്‍ വിരിയാൻ വെച്ചതിന്റെ അടയാളമുണ്ടായിരുന്നില്ല. ഡെക്കാന്‍ ട്രാപ്പിനോട് ചേര്‍ന്ന് കിടക്കുന്ന ലമെറ്റ ഫോര്‍മേഷൻ പ്രദേശത്താണ് ദിനോസറുകളുടെ മുട്ടകള്‍ വന്‍തോതില്‍ കണ്ടെത്തിയത്. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലാണ് ലമെറ്റ ഫോർമേഷനുകൾ ഗവേഷകര്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിലും ഫോസിലുകൾ ഉണ്ടായേക്കാമെന്നും സംശയിക്കുന്നു.  ഈ സ്ഥലങ്ങളില്‍ നിന്ന് സസ്തനികളുടെയും ഉരഗങ്ങളുടെയും മറ്റ് ജീവികളുടെയും ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

നര്‍മദാ തീരം ദിനോസറുകളുടെ പ്രജനന കേന്ദ്രമായിരുന്നുവെന്നും മുട്ടയിടാനും വിരിയിക്കാനുമായി ദിനോസറുകള്‍  ഇവിടെ എത്തിയിരുന്നുവെന്നുമാണ് പ്രധാന നിഗമനം. ദിനോസറുകള്‍ക്ക് ജീവിക്കാനാവശ്യമായ പരിതസ്ഥിതിയും ഭക്ഷണലഭ്യതയുമായിരിക്കാം ഇങ്ങോട്ടേക്ക് ആകർഷിച്ചത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്നും ഗുജറാത്തിലെ ബലാസിനോറില്‍ നിന്നും നേരത്തെയും ദിനോസറുകളുടെ മുട്ട കണ്ടെത്തിയിരുന്നു. ധറില്‍ ദിനോസറുകളുടെ മുട്ട നാട്ടുകാര്‍ കുലദേവതയെന്ന് കരുതി ആരാധിച്ചിരുന്നത് വാർത്തയായിരുന്നു. 

ദിനോസറുകള്‍ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ്, ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ഫോസിലുകൾ നൽകുന്ന സൂചന. ഭീമമായ ഉൽക്കാപതനത്തെ തുടർന്നുണ്ടായ ആവാസമാറ്റമാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണം. 
 

click me!