ഇതുവരെ അളക്കാന്‍ കഴിഞ്ഞ ഏറ്റവും വലിപ്പം കുറഞ്ഞ ഛിന്നഗ്രഹമാണിത്, സ്ഥിരീകരണം രണ്ട് വര്‍ഷത്തിന് ശേഷം
ഒണ്ടാറിയോ: 2022 നവംബര്‍ 19, അതിസുന്ദരമായ നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലായി ആകാശത്ത് പച്ചനിറത്തിലൊരു മിന്നല്‍പ്പിണര്‍ കണ്ടവര്‍ അത് മറക്കാനിടയില്ല. 2022 WJ1 എന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പേര് നല്‍കിയ ഛിന്നഗ്രഹമായിരുന്നു അന്ന് നയാഗ്രയുടെ മുകളില്‍ കത്തിജ്വലിച്ചത്. ശാസ്ത്രലോകത്തിന് ഇതുവരെ കൃത്യമായി അളക്കാന്‍ കഴിഞ്ഞ ഏറ്റവും ചെറിയ ഛിന്നഗ്രഹമാണ് 2022 WJ1 എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
ഏറ്റവും 'ചിന്ന' ഛിന്നഗ്രഹം
undefined
2022ല്‍ ദക്ഷിണ ഒണ്ടാറിയോയ്ക്ക് മുകളിലാണ് 2022 WJ1 ഛിന്നഗ്രഹം കത്തിജ്വലിച്ചത്. ഈ ഛിന്നഗ്രഹത്തിന് 20 ഇഞ്ച് മാത്രമാണ് വലിപ്പം എന്ന കണ്ടെത്തലാണ് 2024 നവംബര്‍ 22ന് പ്ലാനറ്ററി സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഈ ബഹിരാകാശ പാറക്കഷണത്തിന്‍റെ വലിപ്പം തിരിച്ചറിഞ്ഞു എന്നത് മാത്രമല്ല 2022 WJ1യെ ശ്രദ്ധേയമാക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ കൃത്യമായി വലിപ്പം നിര്‍ണയിച്ച ഏറ്റവും ചെറിയ ഛിന്നഗ്രഹമാണ് 2022 WJ1 എന്നും പഠനത്തില്‍ വിശദീകരിക്കുന്നു.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുമ്പാണ് 2022 WJ1 ഛിന്നഗ്രഹത്തെ അരിസോണയിലെ കറ്റാലിന സ്കൈ സര്‍വേയിലെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. പിന്നാലെ നയാഗ്ര വെള്ളച്ചട്ടത്തിന് മുകളില്‍ 10 സെക്കന്‍ഡോളം തീജ്വാലയായി ഇത് കത്തിത്തീരുകയും ചെയ്തു. ഈ ഛിന്നഗ്രഹത്തിന്‍റെ പ്രവേശനവും സഞ്ചാരപാതയും കൃത്യമായി പ്രവചിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്കായിരുന്നു. ദക്ഷിണ ഒണ്ടാറിയോയ്ക്ക് പുറമെ ന്യൂയോര്‍ക്കും ഒഹായോയും അടക്കമുള്ള അമേരിക്കന്‍ പ്രദേശങ്ങളിലും 2022 WJ1 എന്ന ഛിന്നഗ്രഹം കത്തിയമരുന്നത് ദൃശ്യമായി എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്.
എങ്ങനെ അളന്നു?
4.3 മീറ്റർ അപേര്‍ച്വറുള്ള ലോവൽ ഡിസ്‌കവറി ടെലിസ്‌കോപ്പും വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയുടെ മെറ്റിയർ ക്യാമറ നെറ്റ്‌വർക്ക് ഉപകരണങ്ങളും ഉപയോഗിച്ചാണ് 2022 WJ1 ഛിന്നഗ്രഹത്തെ നിരീക്ഷിച്ചത്. ഈ ഉപകരണങ്ങളില്‍ ഛിന്നഗ്രഹത്തിന്‍റെ പ്രകാശവും പാതയും പതിഞ്ഞിരുന്നു. ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചതില്‍ നിന്ന് 2022 WJ1 ഛിന്നഗ്രഹത്തിന്‍റെ വ്യാസം 16 മുതൽ 24 ഇഞ്ച് വരെയായിരുന്നു എന്ന അനുമാനത്തില്‍ ഗവേഷകര്‍ എത്തിച്ചേരുകയായിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ വച്ച് കത്തിയമര്‍ന്നെങ്കിലും ഛിന്നഗ്രഹത്തിന്‍റെ അവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
📷, Rob Weryk https://t.co/KZiY2gU7kI pic.twitter.com/odZqphQKCj
Read more: സൗരയൂഥത്തിന് പുറത്തെ 'ശിശു'; ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി, പഴക്കം വെറും 30 ലക്ഷം വര്‍ഷം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം