പ്രിറ്റോറിയയുടെ 135 റണ്‍സ് 16.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് മറികടക്കുകയായിരുന്നു
ജൊഹന്നസ്‌ബര്‍ഗ്: പ്രഥമ ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് ജേതാക്കള്‍. ഫൈനലില്‍ പ്രിറ്റോറിയ ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ചാണ് സണ്‍റൈസേഴ്‌സിന്‍റെ കിരീടധാരണം. പ്രിറ്റോറിയയുടെ 135 റണ്‍സ് 16.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് മറികടക്കുകയായിരുന്നു. സ്കോര്‍: പ്രിറ്റോറിയ ക്യാപിറ്റല്‍സ്-135 (19.3), സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്-137/6 (16.2). കലാശപ്പോരില്‍ നാല് വിക്കറ്റ് നേടിയ സണ്‍റൈസേഴ്‌സ് ബൗളര്‍ റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വ് ഫൈനലിന്‍റേയും നായകന്‍ എയ്‌ഡന്‍ മാര്‍ക്രം ടൂര്‍ണമെന്‍റിന്‍റേയും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്‌ത പ്രിറ്റോറിയ ക്യാപിറ്റല്‍സ് താരങ്ങളില്‍ ആരും 30 കടന്നില്ല. 19 പന്തില്‍ 21 റണ്‍സ് നേടിയ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസാണ് അവരുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് പ്രകടനവുമായി റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വായിരുന്നു പ്രിറ്റോറിയക്ക് അപകടം വിതച്ചത്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് മെല്‍വ് നാല് പേരെ പുറത്താക്കിയത്. സിസിന്ദ മഗാലയും ഒട്ട്നൈല്‍ ബാര്‍ട്‌മാനും രണ്ട് വീതവും ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രവും മാര്‍ക്കോ യാന്‍സനും ഓരോ വിക്കറ്റും നേടിയതോടെ പ്രിറ്റോറിയ 19.3 ഓവറില്‍ ഔള്‍ഔട്ടായി.
undefined
കുശാല്‍ മെന്‍ഡിസിന്‍റെ സഹ ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് എട്ടും മൂന്നാമന്‍ തെന്യൂസ് ഡി ബ്രൂയിന്‍ 11 ഉം റിലീ റൂസ്സോ 19 ഉം കോളിന്‍ ഇന്‍ഗ്രാം 17 ഉം ജിമ്മി നീഷാം 19 ഉം ഏതന്‍ ബോഷ് 15 ഉം വെയ്‌ന്‍ പാര്‍നല്‍ 8 ഉം മിഗ്വേല്‍ പ്രിറ്റോറിയസ് പൂജ്യത്തിനും ആദില്‍ റഷീദ് മൂന്നിനും പുറത്തായപ്പോള്‍ ആന്‍റിച്ച് നോര്‍ക്യ നാല് പന്തില്‍ 5* റണ്‍സുമായി പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപിന് രണ്ടാം ഓവറില്‍ തെംബാ ബാവൂമയെ നഷ്‌ടമായെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം റോസിംഗ്‌ടണിന്‍റെ വെടിക്കെട്ടും ജോര്‍ദാന്‍ ഹെര്‍മാന്‍റെ ഇന്നിംഗ്‌സും മികച്ച തുടക്കം നല്‍കി. ഇരുവരും രണ്ടാം വിക്കറ്റില്‍ 67 റണ്‍സ് ചേര്‍ത്തു. ആദം 30 പന്തില്‍ 57 ഉം ജോര്‍ദാന്‍ 17 പന്തില്‍ 22 ഉം പിന്നാലെ ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം 19 പന്തില്‍ 26 ഉം റണ്‍സെടുത്ത് മടങ്ങി. വെടിക്കെട്ട് വീരന്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 5നും ജോര്‍ദാന്‍ കോക്‌സ് ഏഴിനും പുറത്തായെങ്കിലും മാര്‍ക്കോ യാന്‍സനും(13*) ബ്രൈഡന്‍ കാര്‍സും(0*) സണ്‍റൈസേഴ്‌സിനെ കിരീടത്തിലെത്തിച്ചു. യാന്‍സന്‍ സിക്‌സോടെയാണ് മത്സരം ഫിനിഷ് ചെയ്‌തത്.