നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി കൃത്യം ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. തെക്കന്‍ കേരളത്തില്‍ 2016ല്‍ ഏറ്റവും വലിയ കക്ഷിയായി മാറിയത് എല്‍ഡിഎഫാണ്. കോണ്‍ഗ്രസിനെ നിലംപരിശാക്കി കൊണ്ടാണ് എല്‍ഡി എഫ് മുന്നേറ്റമുണ്ടാക്കിയത്. ഇത്തവണ സ്ഥാനാര്‍ത്ഥിനിര്‍ണയം പുരോഗമിക്കുമ്പോള്‍ എന്താണ് തെക്കന്‍ കേരളത്തിലെ പൊതുസാഹചര്യം? മേല്‍ക്കയ്യുണ്ടാക്കാന്‍ യുഡിഎഫിന് കഴിയുമോ? ബിജെപിയുടെ സ്ഥിതിയെന്താണ്? വിശകലനവുമായി തിരുവനന്തപുരം റീജിയണല്‍ എഡിറ്റര്‍ ആര്‍.ആജയഘോഷ്
തെക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ആര്‍ക്ക് നേട്ടമുണ്ടാകുന്നോ അവരായിരിക്കും സംസ്ഥാനം ഭരിക്കുക എന്നുള്ളത് കഴിഞ്ഞ കുറച്ച് നാളുകളായിട്ട് കേരളരാഷ്ട്രീയം കാണുന്നൊരു പ്രത്യേകതയാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പമാണ് ഈ നാല് ജില്ലകളും ഉറച്ചുനിന്നത്.
ആകെയുള്ള 39 സീറ്റുകളില്‍ 33ഉം എല്‍ഡിഎഫ് ജയിച്ചു. രമേശ് ചെന്നിത്തല ജയിച്ച ഹരിപ്പാട് സീറ്റടക്കം യുഡിഎഫിന് കിട്ടിയത് ആകെ അഞ്ച് സീറ്റുകള്‍ മാത്രമാണ്. നേമം വിജയിച്ചുകൊണ്ട് അക്കൗണ്ട് തുറന്ന ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു.
undefined
ആലപ്പുഴയില്‍ നിന്ന് ജി. സുധാകരനെയും തോമസ് ഐസകിനെയും മാറ്റിയത് ഇപ്പോള്‍ ആലപ്പുഴയില്‍ വലിയ പ്രതിഷേധത്തിനിടയാക്കുകയാണ്. ഈ രണ്ട് പ്രമുഖരുടെ പിന്മാറ്റവും, ഒരുകൂട്ടം പുതിയ ആളുകള്‍ വന്നപ്പോഴുണ്ടായിരിക്കുന്ന ആശയക്കുഴപ്പവും തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ കഴിയുമോയെന്നും കഴിഞ്ഞ തവണത്തെ ദയനീയ പരാജയത്തില്‍ നിന്നും കരകയറാന്‍ കഴിയുമോ എന്നുമാണ് യുഡിഎഫ് ആലപ്പുഴയില്‍ പ്രധാനമായും നോക്കുന്നത്.
കൊല്ലത്ത് കഴിഞ്ഞ തവണ പതിനൊന്നില്‍ പതിനൊന്നും എല്‍ഡിഎഫിനൊപ്പമായിരുന്നു. യുഡിഎഫിന് കടുത്ത മത്സരം തന്നെ നേരിടേണ്ടിവരുന്ന ഒരു ജില്ലയാണ് കൊല്ലം. പി.സി വിഷ്ണുനാഥിനെ പോലെയുള്ള നേതാക്കള്‍, ബിന്ദു കൃഷ്ണയെ പോലെയുള്ള നേതാക്കളെയൊക്കെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കൊണ്ടുവന്നുകൊണ്ട് അവിടെ എല്‍ഡിഎഫിന്റെ തേരോട്ടം പിടിച്ചുനിര്‍ത്താനുള്ള ശ്രമമായിരിക്കും യുഡിഎഫ് നടത്തുക.
തിരുവനന്തപുരത്ത് ഇത്തവണ എല്‍ഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എമാരെല്ലാം തന്നെ മത്സരരംഗത്തേക്ക് വരുന്നുണ്ട്. യുഡിഎഫാകട്ടെ നേമം, അതുപോല തന്നെ വട്ടിയൂര്‍ക്കാവ്, ഈ സ്ഥലങ്ങളിലൊക്കെ ആരെ നിര്‍ത്തുന്നു എന്നുള്ളത് തീരുമാനിച്ചിട്ടില്ല. വലിയ ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ നടക്കുന്നത്.
കുമ്മനം രാജശേഖരന്‍, നടന്‍ സുരേഷ് ഗോപി, അതുപോലെ കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവരെ രംഗത്തിറക്കിക്കൊണ്ട് താരപരിവേഷമുള്ള മത്സരത്തിന് തയ്യാറാവുകയാണ് തലസ്ഥാനത്ത് ബിജെപി. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ അതുപോലെ വര്‍ക്കല എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ ദേശീയ നേതൃത്വമടക്കം ഇപ്പോള്‍ പറയുന്നത്.
സ്വാഭാവികമായും, അതിനനുസരിച്ചുള്ള സ്ഥാനാര്‍ത്ഥികളുണ്ടാകും. അങ്ങനെയെങ്കില്‍ തലസ്ഥാനത്ത് കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഒരു നേമത്തിന് പകരം ഇത്തവണ നാലോ അഞ്ചോ സ്ഥലങ്ങളില്‍ അതുപോലെയുള്ള ശക്തമായ ത്രികോണ മത്സരവും ശക്തമായ സ്ഥാനാര്‍ത്ഥി സാന്നിധ്യവും ഉണ്ടാകാനുള്ള സാധ്യത നമ്മള്‍ കാണുന്നു.
പത്തനംതിട്ടയില്‍ കഴിഞ്ഞ തവണ ഉപതെരഞ്ഞെടുപ്പടക്കം ജയിച്ച അഞ്ച് സീറ്റും നിലവില്‍ എല്‍ഡിഎഫ് പക്ഷത്താണ്. അവിടെയും റാന്നി സീറ്റിലും കോന്നി സീറ്റിലുമൊക്കെ വലിയ മത്സരം കാഴ്ചവയ്ക്കാന്‍ വേണ്ടി ബിജെപി തയ്യാറായിക്കൊണ്ടിരിക്കുമ്പോള്‍ ആരൊക്കെ മത്സരരംഗത്തേക്ക് വരുന്നു എന്നുള്ളത് ഒരു പ്രത്യേകത തന്നെയായിരിക്കും.
എന്തായാലും ഈ മുപ്പത്തിയൊമ്പത് സീറ്റുകളിലേക്ക് അരയും തലയും മുറുക്കി ആ സീറ്റുകളിലെ ബഹുഭൂരിപക്ഷം പിടിക്കാനുള്ള നീക്കമാണ് മൂന്ന് മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ഈ സംഭവവികാസങ്ങള്‍ ഏതെങ്കിലും മുന്നണികള്‍ക്ക് ദോഷമായിട്ടോ മറ്റേതെങ്കിലും മുന്നണികള്‍ക്ക് ഗുണമായിട്ടോ വരുമോ എന്നുള്ള കാര്യങ്ങളൊക്കെ ഇനി നമുക്ക് വരും ദിവസങ്ങളിലാണ് അറിയാന്‍ കഴിയുക.