വന്ധ്യത ചികിത്സിക്കാം; പുതിയ ചികിത്സാരീതികള്‍ അറിയാം

By Web Team  |  First Published Oct 25, 2022, 3:37 PM IST

"അഞ്ചോ ആറോ ദിവസവം വരെ ഭ്രൂണത്തെ പുറത്തു വളർത്തിയശേഷം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് ബ്ലാസ്റ്റോസിസ്റ്റ് ട്രാൻസ്ഫർ. ഇത് ഒരു ഭ്രൂണം മാത്രം നിക്ഷേപിച്ച് ചികിത്സ നടത്താനും ഗർഭധാരണ സാധ്യത വർധിപ്പിക്കാനും സഹായിക്കും"


ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നവര്‍ക്ക് വന്ധ്യത വലിയൊരു കടമ്പയാണ്. പക്ഷേ, നൂതന ചികിത്സകള്‍ വന്ധ്യത ചികിത്സിക്കുന്നത് എളുപ്പമാക്കുകയാണ്.

വിവിധ കാരണങ്ങള്‍ കൊണ്ട് വന്ധ്യത ഉണ്ടാകാം. പുരുഷന്മാരിൽ ബീജത്തിന്‍റെ ചലനശേഷിക്കുറവ്, സ്ഖലന പ്രശ്‍നങ്ങള്‍, ഹോര്‍മോൺ വ്യതിയാനങ്ങള്‍, ശാരീരിക ബന്ധത്തിനുള്ള തടസ്സങ്ങള്‍, ബീജം തീരെ ഇല്ലാത്ത അവസ്ഥ, വെരിക്കോസ് വെയിൻ, പ്രമേഹം തുടങ്ങിയ അവസ്ഥകള്‍ വന്ധ്യതയ്ക്ക് കാരണമാകാം - അടൂരിലെ ദി ലൈഫ്‍ലൈൻ ഹോസ്‍പിറ്റലിലെ കൺസൾട്ടന്‍റ് ഇൻഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റും ലാപ്രോസ്കോപിക് സര്‍ജനുമായ ഡോ. സിറിയക് പാപ്പച്ചൻ പറയുന്നു.

Latest Videos

സ്ത്രീകളിൽ പി.സി.ഒ.എസ്, എൻഡോമെഡ്രിയോസിസ്, ട്യൂബിലുണ്ടാകുന്ന ഗര്‍ഭധാരണം, ക്രമം തെറ്റിയ ആര്‍ത്തവം, ജന്മനാ ഗര്‍ഭപാത്രത്തിനുള്ള തകരാറുകള്‍, ട്യൂബൽ ബ്ലോക്ക്, പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് തുടങ്ങിയവാണ് പൊതുവെയുള്ള കാരണങ്ങള്‍. അമിതവണ്ണവും വന്ധ്യതക്ക് കാരണമാകാം - കൺസൾട്ടന്‍റ് ഇൻഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. കൃപ റേച്ചൽ ഫിലിപ് വിശദീകരിക്കുന്നു.

വിവാഹവും ഗര്‍ഭധാരണവും വൈകുന്നത് വന്ധ്യതയിലേക്ക് നയിക്കാമെന്ന് ചികിത്സകര്‍ പറയുന്നത്. 

പ്രായം കൂടുന്നതിന് അനുസരിച്ച് സ്ത്രീകളിൽ അണ്ഡോൽപ്പാദനവും പുരുഷന്മാരിൽ ബീജാണുക്കളുടെ ചലനശേഷിയും കുറയുന്നു. അണ്ഡത്തിന്‍റെയും ബീജത്തിന്‍റെയും ഗുണമേന്മയും കുറയാം. ഈ സാഹചര്യത്തിൽ ഗര്‍ഭധാരണത്തിന് 20-30 ശതമാനം മാത്രമാണ് സാധ്യത. നാൽപ്പത് വയസ്സ് കഴിഞ്ഞാൽ സ്ത്രീകളിൽ അണ്ഡോൽപ്പാദനത്തിനും ഗര്‍ഭധാരണത്തിനുമുള്ള സാധ്യത അഞ്ച് ശതമാനം മാത്രമാണ് - ഡോ. കൃപ റേച്ചൽ ഫിലിപ് പറയുന്നു.

വന്ധ്യത പരിഹരിക്കാൻ നിരവധി ചികിത്സകളുണ്ട്. പുരുഷ ശരീരത്തിൽ നിന്ന് ബീജാണു എടുത്ത് അണ്ഡത്തിൽ കുത്തിവെക്കുന്ന ഐ.സി.എസ്.ഐ. (ICSI - Intracytoplasmic Sperm Injection), ഐ.വി.എഫ്. (IVF - In Vitro Fertilization) എന്നിവ പുതിയ ചികിത്സാരീതികളാണ്. ഇതിൽപ്പെടുന്ന മറ്റൊരു ചികിത്സാരീതിയാണ് ഐ.എം.എസ്.ഐ (IMSI - Intracytoplasmic Morphologically Selected Sperm Injection). ഈ രീതിയിലൂടെ സാധാരണ മൈക്രോസ്കോപ്പിലൂടെ കാണുന്നതിനെക്കാൾ 20 മടങ്ങ് വലുതായി ബീജാണുക്കളെ കാണാനാകും. ഇതിൽ നിന്ന് ഏറ്റവും നല്ല ബീജാണുക്കളെ തെരഞ്ഞെടുത്ത് IVF ചികിത്സയിലൂടെ ഗർഭധാരണം സാധ്യമാകും - ഡോ.സിറിയക് പാപ്പച്ചൻ പറയുന്നു.

പ്രായമായ സ്ത്രീകളിൽ ഭ്രൂണം വികസിച്ചു കഴിയുമ്പോൾ പുറത്തേക്ക് കൊണ്ടുവരാൻ ലേസർ അസിസ്റ്റഡ് ഹാച്ചിങ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഭ്രൂണം ഫ്രീസ് ചെയ്തുവെക്കുന്ന ശാസ്ത്രീയ രീതിയുമുണ്ട്. എംബ്രിയോ ഫ്രീസിങ് എന്നാണ് ഇതിന് പേര്. - അദ്ദേഹം വിശദീകരിക്കുന്നു.

ക്യാൻസർ പോലെയുള്ള രോഗങ്ങളുള്ളവർക്ക് കീമോതെറപ്പി, റേഡിയോതെറപ്പിക്ക് മുൻപ് അണ്ഡം ഈ രീതിയിൽ സൂക്ഷിക്കാനാകുമെന്ന് ഡോ. കൃപ പറയുന്നു.

ചികിത്സ കഴിഞ്ഞ് ഐ.വി.എഫ് വഴി ഗർഭധാരണത്തിന് ശ്രമിക്കാം. കുറച്ചുകാലം കഴിഞ്ഞുമതി കുട്ടികൾ എന്ന് ആഗ്രഹിക്കുന്നവർക്കും ഈ രീതി പരീക്ഷിക്കാം. വിദൂര രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഭർത്താക്കന്മാരുടെ ബീജാണു എടുത്ത് ഫ്രീസ് ചെയ്ത് അവരുടെ അഭാവത്തിലും ഗർഭധാരണം സാധ്യമാക്കാനും കഴിയും - ഡോ. കൃപ വിശദീകരിക്കുന്നു.

മറ്റൊരു ചികിത്സാരീതിയാണ് ബ്ലാസ്റ്റോസിസ്റ്റ് ട്രാൻസ്ഫർ. അഞ്ചോ ആറോ ദിവസവം വരെ ഭ്രൂണത്തെ പുറത്തു വളർത്തിയശേഷം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയാണിത്. ഇത് ഒരു ഭ്രൂണം മാത്രം നിക്ഷേപിച്ച് ചികിത്സ നടത്താനും ഗർഭധാരണ സാധ്യത വർധിപ്പിക്കാനും സഹായിക്കുമെന്ന് ഡോ. സിറിയക് പാപ്പച്ചൻ പറയുന്നു.

"ഇത്തരത്തിൽ ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാൽ ഐ.വി.എഫ്. ചികിത്സയ്ക്ക് 80% വിജയസാധ്യതയുണ്ട്. ഐ.വി.എഫിൽ ഏറ്റവും പ്രധാനം ഗർഭാശയം, ഭ്രൂണം എന്നിവയുടെ ഗുണമേന്മയാണ്."

മറ്റു രണ്ടു ചികിത്സാരീതികൾ PGD (Pre Implantation Genetic Diagnosis), PGS (Pre Implantation Genetic Screening) എന്നിവയാണ്. പാരമ്പര്യരോഗങ്ങൾ ഉണ്ടെങ്കിൽ അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതാണ് ഈ രീതി. സിംഗിൾ ജീൻ ഡിസോർഡർ ആയ ഹീമോഫീലിയ, സിക്കിൾ സെൽ ഡിസീസ്, സ്പൈനൽ മസ്കുലർ അട്രോഫി എന്നിവ ഈ രീതിയിൽ തടയാനാകും എന്ന് ഡോക്ടർമാർ പറയുന്നു.

പുരുഷന്മാർക്കുള്ള ഒരു ചികിത്സാരീതിയും പുതുതായിട്ടുണ്ട്. Micro - TESE എന്ന ചികിത്സ ഒട്ടും ബീജാണുക്കൾ ഇല്ലാത്തവരിൽപ്പോലും മൈക്രോസ്കോപ് ഉപയോഗിച്ച് ബീജാണുക്കളെ കണ്ടെത്താൻ സഹായിക്കും. ഈ ചികിത്സാരീതികളെല്ലാം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ലഭ്യമാണ്.

click me!