ആദ്യ ശ്രമത്തില്‍ തന്നെ ഫൗസിയ ഹെവി വെഹിക്കള്‍ ലൈസന്‍സ് സ്വന്തമാക്കി.
അബുദാബി: 22 വീലുകളുള്ള ട്രക്കില്‍ ചാടിക്കയറി സ്മൂത്ത് ആയി ഓടിക്കുന്ന അബായ ധരിച്ച സുന്ദരി. അധികമൊന്നും കാണാത്ത ഒരു കാഴ്ചയാണത്. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ വമ്പന്‍ വാഹനങ്ങളെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ഫൗസിയ സാഹൂര്‍ എന്ന ഇന്ത്യക്കാരി. യുഎഇയില്‍ ഹെവി വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ സ്ത്രീയാണ് ഫൗസിയ.
ആദ്യ ശ്രമത്തില്‍ തന്നെ ഫൗസിയ ഹെവി വെഹിക്കള്‍ ലൈസന്‍സ് സ്വന്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള ഫൗസിയ മാതാപിതാക്കളുടെ ഏക മകളാണ്. കുടുംബമാണ് ഫൗസിയയുടെ ഏറ്റവും വലിയ ശക്തി. ഫൗസിയ ജനിക്കുന്നതിന് മുമ്പ് തന്നെ അവരുടെ പിതാവ് മരണപ്പെട്ടു. കുടുംബത്തിന്‍റെ ചുമതലകള്‍ ചെറുപ്പത്തില്‍ തന്നെ ഏറ്റെടുത്ത ഫൗസിയ തന്‍റെ മാതാവ് കഴിഞ്ഞ റമദാദില്‍ മരണപ്പെടുന്നത് വരെ മാതാവിനെ സംരക്ഷിച്ചിരുന്നു.
'മാതാവിന് വേണ്ടി ഞാന്‍ വളരെയധികം കഷ്ടപ്പെട്ടിരുന്നു. എന്നെ ഞാന്‍ തന്നെ അവരുടെ മകനായി കണ്ട് കുടുംബത്തിന്‍റെ ചുമതലകള്‍ ഏറ്റെടുത്തു. അമ്മ മരിച്ചപ്പോള്‍ ഞാന്‍ തകര്‍ന്നെങ്കിലും ഇനിയും ലക്ഷ്യങ്ങള്‍ നേടാനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു, അതാണ് സ്ത്രീശാക്തീകരണമെന്ന ലക്ഷ്യം'- ഫൗസിയ പറയുന്നു. ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളില്‍ പ്രയാസമേറിയ ജോലികള്‍ ചെയ്യാനാകുമെന്ന് തെളിയിക്കണമായിരുന്നെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് കൊമേഴ്സ് ആന്‍ഡ് ബിസിനസില്‍ ബിരുദം കരസ്ഥമാക്കിയ ഫൗസിയ 2013ലാണ് കാര്‍ ലൈസന്‍സ് സ്വന്തമാക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടാന്‍ തീരുമാനിക്കുകയായിരുന്നു. ദുബൈയിലെ ജബല്‍ അലിയില്‍ നിന്ന് അല്‍ ഖുദ്രയിലേക്ക് വാഹനമോടിച്ചതാണ് ഫൗസിയയുടെ ഏറ്റവും നീണ്ട യാത്ര.
Read Also - ലാൻഡിങ്ങിനിടെ തീയും പുകയും; അതിവേഗ ഇടപെടൽ, വിമാനത്തിന്‍റെ എമർജൻസി ഡോറുകൾ തുറന്നു, യാത്രക്കാർ സുരക്ഷിതർ
കാര്‍ ഓടിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ് ട്രക്ക് ഓടിക്കുന്നതെന്നും ട്രക്ക് ഓടിക്കുമ്പോള്‍ സുരക്ഷിതരായിരിക്കാന്‍ മാത്രമല്ല ചുറ്റുമുള്ള മനുഷ്യരുടെ സുരക്ഷയെ പറ്റിയും ചിന്തിക്കുമെന്നും അവര്‍ പറയുന്നു. ഒഴിവു സമയങ്ങളില്‍ വീഡിയോകളും റീല്‍സും ചെയ്യുന്ന ഫൗസിയ തന്‍റെ ജോലിയുടെ സന്തോഷം മറ്റുള്ളവരിലേക്കും പകരുന്നു. അടുത്തിടെയാണ് അവര്‍ സ്വന്തമായൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ആദ്യ സ്ത്രീ ഹെവി വെഹിക്കിള്‍ ഇന്‍സ്ട്രക്ടര്‍ ആകുകയാണ് ഫൗസിയയുടെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം