അബുദാബി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. യുഎഇയിലെ പ്രവാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജ് നേരത്തെ അബുദാബിയിലെത്തിയിരുന്നു. ഭരണ, ആത്മീയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ അരങ്ങേറുന്നത്. രാവിലെ മുതൽ ആരംഭിക്കുന്ന ചടങ്ങിൽ പൂജ ചടങ്ങുകളോടെ ഏഴ് ആരാധന മൂർത്തികളെ പ്രതിഷ്ഠിക്കും. നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിന്റെ സമർപ്പണചടങ്ങ് നടക്കുക.
എന്താണ് ബിഎപിഎസ്
- ബോചസൻവാസി ശ്രീ അക്ഷര്‍ പുരുഷോത്തമം സ്വാമിനാരായണ സന്‍സ്ത എന്നതാണ് ബിഎപിഎസിന്റെ പൂര്‍ണരൂപം. പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഭഗ്വാൻ സ്വാമിനാരായണൻ (1781-1830) തുടക്കമിട്ടതും 1907 ൽ ശാസ്ത്രിജി മഹാരാജ് (1865-1951) സ്ഥാപിച്ചതുമായ വേദങ്ങളിൽ വേരൂന്നിയ ഒരു സാമൂഹിക-ആത്മീയ ഹിന്ദു വിശ്വാസമാണിതെന്ന് എന്ന് ബിഎപിഎസ് വെബ്സൈറ്റ് പറയുന്നു.
- ബിഎപിഎസ് ഇന്നത്തെ ലോകത്തെ ആത്മീയ, ധാര്‍മ്മിക, സാമൂഹിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നു. 3,850 കേന്ദ്രങ്ങളുള്ള ആഗോള ശൃംഖലയായ ബിഎപിഎസിന് ആഗോള പ്രശസ്തിയുണ്ടെന്നും ഇത് നിരവധി ദേശീയ, അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ടെന്നും വെബ്സൈറ്റില്‍ പറയുന്നു. യുണൈറ്റഡ് നേഷന്‍സ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ അഫിലിയേഷനും ഉണ്ട്.
- 2015ലാണ് അബുദാബിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കിയത്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നല്കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. 2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്.
- 2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്റെ ഉയരം. ശിലാരൂപങ്ങൾ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്. ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
- പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്പങ്ങളിൽ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപന. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിച്ചത്.ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല എന്നിവയും ക്ഷേത്രത്തോട് അനുബന്ധിച്ചുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ബുർജ് ഖലീഫ, അബൂദബിയിലെ ശൈഖ് സായിദ് മോസ്ക് ഉൾപ്പെടെയുള്ള യുഎഇയിലെ പ്രമുഖ നിർമിതികളുടെ രൂപങ്ങളും വെണ്ണക്കല്ലിൽ കൊത്തിയിട്ടുണ്ട്.
Read Also - ചതിച്ചതിൽ കൂട്ടുകാരും, വിൽക്കാൻ കൊടുത്ത കാര്‍ വഴി പണി! ജയിലിൽ കഴിഞ്ഞ മലയാളികളടക്കമുള്ള പ്രവാസികൾ നാടണഞ്ഞു
ഫെബ്രുവരി 18 മുതൽ പൊതു ജനങ്ങൾക്ക് ക്ഷേത്ര സന്ദർശനം അനുവദിക്കുമെങ്കിലും മാർച്ച് ഒന്നുമുതലാണ് പൂർണമായ തോതിൽ സന്ദർശനം അനുവദിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...