ചേർത്തുപിടിക്കും വയനാടിനെ, ഒരു കോടി രൂപയുടെ സഹായം; അവശ്യ മരുന്നുകൾ എത്തിക്കുമെന്ന് വിപിഎസ് ലേക്‌ഷോർ

By Web Team  |  First Published Aug 1, 2024, 6:49 PM IST

അടിയന്തര ആവശ്യമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും വയനാട്ടിലെത്തിക്കും.


വയനാട്‌ ദുരന്തത്തിൽ മരിച്ചവർക്കും മറ്റ്‌ നാശനഷ്ടങ്ങൾ അനുഭവിച്ചവർക്കുമായി വിപിഎസ് ലേക്‌ഷോർ ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി അടിയന്തര ആവശ്യമുള്ള മരുന്നുകൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയായാണ് സഹായം എത്തിക്കുക.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ അടിയന്തര മരുന്നുകൾക്കായി സഹായം അഭ്യർത്ഥിച്ചതിനെ  തുടർന്നാണ് വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്കെ അബ്ദുള്ള അടിയന്തരമായി ഒരു കോടി രൂപയുടെ മരുന്നുകൾ എത്തിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശമയച്ചത്. "കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നൽകിയ ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ, നിലവിലുള്ള ദുരിതാശ്വാസ-മെഡിക്കൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് അവശ്യ മരുന്നുകളും മെഡിക്കൽ ഉപഭോഗവസ്തുക്കളും എത്തിക്കുന്നത്. ഒരു കോടി രൂപ വിലമതിക്കുന്ന സഹായം എത്രയും വേഗം എത്തിക്കാൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്"- എസ്കെ അബ്ദുള്ള പറഞ്ഞു. 

Latest Videos

undefined

Read Also -  ലഗേജില്ലാതെ നാട്ടിൽ പോകുന്നവരുണ്ടോ? ദുരന്തമുഖത്തേക്ക് പ്രവാസിയുടെ കൈത്താങ്ങായ ചെറുബോട്ട് എത്തിക്കാൻ സഹായം വേണം

ദുരിതാശ്വാസ പ്രവർത്തനത്തിനായുള്ള ഏതാവശ്യങ്ങൾക്കും സഹായം നല്കാൻ വിപിഎസ് ലേക്‌ഷോർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അണുബാധകൾ ചികിത്സിക്കുന്നതിനും അടിയന്തര പരിചരണം നൽകുന്നതിനും ദീർഘകാല രോഗ ചികിത്സയ്ക്കും ആവശ്യമായ മരുന്നുകളായ അമോക്സില്ലിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ്, അസിത്രോമൈസിൻ ഗുളികകൾ, സെഫ്റ്റ്രിയാക്സോൺ ഇഞ്ചക്ഷൻ മരുന്ന് , ഒസെൽറ്റാമിവിർ കാപ്സ്യൂളുകൾ, ഇൻസുലിൻ തുടങ്ങിയവ ദുരിതാശ്വാസ പാക്കേജിൽ ഉണ്ടാകും. കൂടാതെ സാനിറ്ററി പാഡുകൾ, ബെഡ് ഷീറ്റുകൾ എന്നീ അവശ്യവസ്തുക്കളും പാക്കേജിൽ ഉൾപ്പെടുന്നു. വിവിധ മേഖലകളിൽ വർഷങ്ങളായി നടപ്പാക്കുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വയനാടിന് കൈത്താങ്ങേകാനുള്ള വിപിഎസ് ലേക്‌ഷോറിന്റെ ഇടപെടൽ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!