1,578 രൂപ മുതല്‍ വിമാന ടിക്കറ്റ്, അതിഗംഭീര ഓഫർ; അന്താരാഷ്ട്ര യാത്രകൾക്കും ഇളവ്, ഫ്രീഡം സെയിലുമായി വിസ്താര

By Web Team  |  First Published Aug 12, 2024, 4:21 PM IST

ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ഈ ഓഫറുള്ളത്. ഓഫര്‍ നിരക്കില്‍ സീറ്റുകളെല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ബുക്കിങിന് ശ്രമിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ബാധകമല്ല.


ദില്ലി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഓഫര്‍ നല്‍കുന്ന ഫ്രീഡം സെയില്‍ പ്രഖ്യാപിച്ച് വിസ്താര എയര്‍ലൈന്‍സ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. 

ഇക്കണോമി ക്ലാസില്‍ പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയില്‍ നിന്ന് ആസ്സാമിലെ ദിബ്രുഗഡിലേക്കുള്ള വണ്‍വേ ടിക്കറ്റിന്  1,578 രൂപയാണ് നിരക്ക്. ഇതാണ് ഏറ്റവും വലിയ ഓഫര്‍. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള പ്രീമിയം എക്കണോമി ക്ലാസ് ടിക്കറ്റിന് 2,678 രൂപയാണ് നല്‍കേണ്ടി വരിക. ബിസിനസ് ക്ലാസിന് 9,978 രൂപയാണ് ടിക്കറ്റ് നിരക്ക്. അന്താരാഷ്ട്ര യാത്രാ നിരക്കുകള്‍ 11,978 രൂപ മുതലാണ് തുടങ്ങുന്നത്. ദില്ലിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കാണിത്. പ്രീമിയം എക്കണോമി റേഞ്ചില്‍ നിരക്കുകള്‍ തുടങ്ങുന്നത് 13,978 രൂപ മുതലാണ്. ദില്ലിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള നിരക്കാണിത്. ഇതേ യാത്രയ്ക്ക് ബിസിനസ് ക്ലാസ് നിരക്ക് 46,978 രൂപയാണ്.

Latest Videos

undefined

Read Also -  ആകാശത്തുവെച്ച് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവിന് 'പണി കിട്ടി'

ഓഗസ്റ്റ് 15ന് രാത്രി 11.59 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് ഒക്ടോബര്‍ 31 വരെ യാത്രകള്‍ നടത്താം. വിസ്താര എയര്‍ലൈന്‍സിന്‍റെ www.airvistara.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വിസ്താരയുടെ ഐഒഎസ്, ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പുകള്‍ വഴിയോ വിസ്താര എയര്‍പോര്‍ട്ട് ടിക്കറ്റ് ഓഫീസുകള്‍, വിസ്താര കോള്‍ സെന്‍ററുകള്‍, ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍, ട്രാവല്‍ ഏജന്‍റുകള്‍ എന്നിവ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഇന്ത്യയ്ക്കുള്ളിൽ പറക്കുമ്പോൾ ഇക്കണോമി ക്ലാസ്, പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് എന്നിവയിൽ വൺ-വേ യാത്രയ്ക്കും മടക്കയാത്രയ്ക്കും നേരിട്ടുള്ള ഫ്ലൈറ്റുകളിൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിസ്താരയുടെ വെബ്സൈറ്റ് പറയുന്നത്. 

അബുദാബി, ബാലി, ബാങ്കോക്ക്, കൊളംബോ, ദമ്മാം, ധാക്ക, ദുബൈ, ദോഹ, ഫ്രാങ്ക്ഫര്‍ട്ട്, ഹോങ്കോങ്, ജിദ്ദ, കാഠ്മണ്ഡു, ലണ്ടന്‍, മാലി, മൗറീഷ്യസ്, മസ്കറ്റ്, സിംഗപ്പൂര്‍, പാരിസ് എന്നീ അന്താരാഷ്ട്ര യാത്രകള്‍ക്ക് നിരക്കിളവുണ്ട്. തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ മാത്രമേ നിരക്ക് ഇളവ് ലഭിക്കൂ. ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾക്ക്, സെയില്‍ നിരക്ക് അടിസ്ഥാന നിരക്കുകളില്‍ മാത്രമേ ബാധകമാകൂ, വിസ്താര വഴി നേരിട്ട് ബുക്കിംഗ് നടത്തുമ്പോൾ കൺവീനിയൻസ് ഫീസ് ഉൾപ്പെടെ മറ്റ് ചാര്‍ജുകള്‍ ഈ നിരക്കിലേക്ക് ചേർക്കും. അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ബാധകമാണ്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ഈ ഓഫറുള്ളത്. സീറ്റുകള്‍ ബുക്ക് ആയി കഴിഞ്ഞാല്‍ ഓഫര്‍ ലഭിക്കുകയില്ല. ഗ്രൂപ്പ് ആയോ കുഞ്ഞുങ്ങള്‍ക്കോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇളവില്ല. ഫ്രീഡം സെയില്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ നോണ്‍ റീഫണ്ടബിള്‍ ആണ്. ടാക്സും മറ്റ് ഫീസും റീഫണ്ട് ലഭിക്കും. വിസ്താര എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

https://www.youtube.com/watch?v=Ko18SgceYX8

click me!