34 ആഡംബര സ്യൂട്ടുകൾ അടങ്ങുന്ന 14 ബോഗികളുമായി വരുന്നൂ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആഢംബര ട്രെയിൻ.
റിയാദ്: മിഡിൽ ഈസ്റ്റിലെ ആദ്യ പഞ്ചനക്ഷത്ര ട്രെയിൻ സൗദി അറേബ്യയിൽ. ‘സെഡോർട്ട് ഡ്രീം’എന്ന ആഡംബര ട്രെയിൻ സൗദി റെയിൽവേക്ക് കീഴിൽ 2026 മൂന്നാം പാദത്തിൽ രാജ്യത്തിനകത്ത് ഓടിത്തുടങ്ങും. നിർമാതാക്കളായ ഇറ്റാലിയൻ കമ്പനി ആഴ്‌സനാലെ ട്രെയിനിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പഞ്ചനക്ഷത്ര ട്രെയിനായിരിക്കും ഇത്. 34 ആഡംബര സ്യൂട്ടുകൾ അടങ്ങുന്ന 14 ബോഗികളാണ് ട്രെയിനിലുള്ളത്. ആതിഥ്യമര്യാദയുടെ ഊഷ്മളതയും അതുല്യമായ രൂപകൽപ്പനയും ചേർന്ന് ഉന്നത നിലവാരം പ്രതിഫലിപ്പിക്കുന്ന ഒരു മൊബൈൽ ലക്ഷ്വറി ഡെസ്റ്റിനേഷനായിരിക്കും ട്രെയിൻ.
റിയാദ് നഗരത്തിൽ നിന്ന് ആരംഭിക്കുന്ന വടക്കൻ റെയിൽവേ ശൃംഖലയിലൂടെയാണ് ഈ ട്രെയിൻ സർവിസ് നടത്തുക. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങളും പ്രകൃതിദത്ത ലാൻഡ്‌മാർക്കുകളും കാണാൻ യാത്രക്കാർക്ക് ഇതിലൂടെ അവസരമുണ്ടാകും. സാംസ്കാരിക മന്ത്രാലയം യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ സമ്പന്നമായ കലാസാംസ്കാരിക പരിപാടികൾ ട്രെയിനുള്ളിൽ അവതരിപ്പിക്കും. ഡെവലപ്‌മെൻറ് അതോറിറ്റി സപ്പോർട്ട് സെൻറർ, സൗദി ടൂറിസം അതോറിറ്റി എന്നിവയുടെ ഏകോപനത്തിൽ വികസിപ്പിച്ചെടുത്ത അതുല്യമായ ടൂറിസം പരിപാടികളുമുണ്ടാകും.
Read Also - അബുദാബിയിലെ രണ്ട് പ്രധാന റോഡുകളിൽ നിയന്ത്രണം, ഭാഗികമായി അടച്ചിടും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം