യുഎഇയിലെ പ്രളയം; വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഉടമകള്‍

By Web Team  |  First Published Jul 31, 2022, 9:50 AM IST

വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുതെന്നും അത് കൂടുതല്‍ പ്രശ്നത്തിലേക്ക് നയിക്കുമെന്നുമാണ് സാങ്കേതിക വിദഗ്ധര്‍ വാഹന ഉടമകള്‍ക്ക് നല്‍കുന്ന ഉപദേശം. വാഹനത്തിന്റെ ബോണറ്റ് തുടര്‍ന്നുവെച്ച് പരമാവധി വെള്ളം ഒഴിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 


ഫുജൈറ: യുഎഇയില്‍ കഴിഞ്ഞയാഴ്‍ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറു കണക്കിന് വാഹനങ്ങളിലാണ് വെള്ളം കയറിയത്. ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിവരവെ വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് വാഹന ഉടമകളായ പ്രവാസികള്‍. പലരും വാഹനങ്ങള്‍ കെട്ടിവലിച്ച് ഗ്യാരേജുകളിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ നടപടികളെക്കുറിച്ച് പലര്‍ക്കും വലിയ ധാരണകളില്ല.

വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുതെന്നും അത് കൂടുതല്‍ പ്രശ്നത്തിലേക്ക് നയിക്കുമെന്നുമാണ് സാങ്കേതിക വിദഗ്ധര്‍ വാഹന ഉടമകള്‍ക്ക് നല്‍കുന്ന ഉപദേശം. വാഹനത്തിന്റെ ബോണറ്റ് തുടര്‍ന്നുവെച്ച് പരമാവധി വെള്ളം ഒഴിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പലരുടെയും കാറുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുകയും ഏതാണ്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുകയും ചെയ്‍തവയാണ്. തുറസായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്‍തിരുന്നവയും കെട്ടിടങ്ങളുടെയും മറ്റും പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഇന്‍ഷുറന്‍സ് ക്ലെയിം സംബന്ധിച്ച നടപടികളെക്കുറിച്ചും പലര്‍ക്കും ധാരണയില്ല. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസുകള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചിട്ടില്ലാത്തത് കൂടിയാണ് ഇതിന് പ്രധാന കാരണം.

Latest Videos

പല സ്ഥലങ്ങളിലും ഇപ്പോഴും വെള്ളം കെട്ടി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ വാഹനം പരിശോധിക്കാനും എന്തൊക്കെയാണ് തകരാറുകളെന്ന് കണ്ടെത്താനും സാധിക്കുന്നില്ല. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വാഹനങ്ങള്‍ റിപ്പയറുകള്‍ക്കായി എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് ഗ്യാരേജ് ഉടമകള്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. 

ചെറിയ തോതില്‍ വെള്ളം കയറിയ വാഹനങ്ങളില്‍ ഇലക്ട്രിക് സര്‍ക്യൂട്ടുകളുടെ തകരാറുകളും ചില മെക്കാനിക്കല്‍ ഭാഗങ്ങളുടെ തകരാറും  പരിഹരിച്ച ശേഷം വൃത്തിയാക്കി രണ്ട് ദിവസം കൊണ്ട് പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിക്കുമെന്ന് മെക്കാനിക്കുകള്‍ പറയുന്നു. എന്നാല്‍ കാര്യമായിത്തന്നെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയ കാറുകള്‍ വിശദമായി പരിശോധിച്ച് തകരാറുകള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിന് ആദ്യം വെള്ളം മുഴുവന്‍ ഒഴിവാക്കണം. തകരാറുകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തിയ ശേഷമേ എത്ര ദിവസമെടുക്കൂ എന്നും എത്ര സമയം കൊണ്ട് വാഹനം നന്നാക്കാന്‍ സാധിക്കും എന്നും പറയാന്‍ സാധിക്കുകയുള്ളൂ. ഇത്തരം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചില്ലെങ്കില്‍ റിപ്പയര്‍ ചെയ്യാന്‍ വലിയ തുക ചെലവാകും. 

വെള്ളപ്പൊക്കം കാരണമായുണ്ടാകുന്ന എഞ്ചിന്‍ തകരാറുകള്‍ മിക്കതും കോംപ്രഹെന്‍സീവ് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുമെന്ന് ഇന്‍ഷുറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ഇത്തരം ക്ലെയിമുകള്‍ പരിഗണിക്കാനും തീര്‍പ്പാക്കാനും പ്രത്യേക സമയപരിധിയൊന്നും നിജപ്പെടുത്തിയിട്ടില്ല. തകരാറിന്റെ സ്വഭാവമനുസരിച്ച് ഈ സമയപരിധിയിലും മാറ്റം വരും. 

Read also:  യുഎഇ പ്രളയം; ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ 300 ഹോട്ടല്‍ മുറികള്‍ വിട്ടുകൊടുത്ത് വ്യവസായി

click me!