ഹജ്ജ്; പുണ്യസ്ഥലങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് വിലക്ക്

By Web Team  |  First Published Jun 8, 2024, 7:09 PM IST

തീപിടിത്തത്തിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണിത്.


റിയാദ്: പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വാകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന് വിലക്ക്. വെള്ളിയാഴ്ച മുതൽ പുണ്യസ്ഥലങ്ങളിലേക്ക് വിവിധതരത്തിലും വലുപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് വ്യക്തമാക്കി. 

തീപിടിത്തത്തിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. സിവിൽ ഡിഫൻസ് പ്രിവൻറീവ് സൂപ്പർവിഷൻ ആൻഡ് സേഫ്റ്റി ടീമുകൾ ഫീൽഡ് പരിശോധന സന്ദർശനത്തിലൂടെ പുണ്യസ്ഥലങ്ങൾക്കുള്ളിൽ ഗ്യാസ് ഉപയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. സുരക്ഷ അധികാരികളുമായി ഏകോപിപ്പിച്ച് നിയമലംഘകർക്കെതിരെ നിർദ്ദിഷ്‌ട നടപടിക്രമങ്ങൾ കൈക്കൊള്ളും. പിടിച്ചെടുക്കുന്ന ഗ്യാസ് സ്റ്റൗവുകളും പാചക സിലിണ്ടറുകളും കണ്ടുകെട്ടുമെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.

Latest Videos

Read Also - നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് ദുബൈയില്‍ മലയാളി മരിച്ചു

അതേസമയം ഹജ്ജ് വേളയിൽ തീർഥാടകർക്കായി മിനായിൽ 1,60,000 തമ്പുകൾ സജ്ജമായതായി സിവിൽ ഡിഫൻസ് അറിയിച്ചു. തമ്പുകളിലെ ഫീൽഡ് സന്ദർശനം വഴി സുരക്ഷ നിലനിർത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

അപകടസാധ്യതകളുടെ കാരണങ്ങളും ഹജ്ജുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മഴയും കാറ്റും പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നതാണ് മിനായിലെ തമ്പുകൾ. 

അതിന്‍റെ ഭാഗങ്ങൾ വേഗത്തിൽ അഴിക്കാനും പുനസ്ഥാപിക്കാനും വഴക്കമുള്ളതാണ്. ഓരോ തമ്പിനുള്ളിലും ഫയർ ഹോസ് ഘടിപ്പിച്ചിട്ടുണ്ട്. മഴവെള്ളം കയറാത്ത വിധത്തിലാണ് തമ്പുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. തമ്പുകളുടെ ഇടയിലുള്ള പാതകൾ വെള്ളം കെട്ടിനിൽക്കാതെ സമീപത്തെ റോഡുകളിലേക്ക് തള്ളാൻ കഴിയുന്ന വിധത്തിലുള്ളതാണെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!