37 ശതമാനം സ്വദേശിവത്കരണം കൈവരിച്ചതായി യൂണിയന്‍ കോപ്

By Web Team  |  First Published Dec 9, 2019, 4:21 PM IST

423 യുഎഇ പൗരന്മാരാണ് യൂണിയന്‍ കോപില്‍ ജോലി ചെയ്യുന്നത്


ദുബായ്: നവംബര്‍ അവസാനത്തോടെ 37 ശതമാനം സ്വദേശിവത്കരണം കൈവരിച്ചതായി യൂണിയന്‍ കോപ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വദേശിവത്കരണത്തില്‍ സ്ഥാപനം 30 ശതമാനം വര്‍ദ്ധനവ് നേടി. ഇപ്പോള്‍ 423 സ്വദേശികളും 725 പ്രവാസികളുമാണ് യൂണിയന്‍ കോപില്‍ ജോലി ചെയ്യുന്നത്.

സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കുകയെന്ന യുഎഇ ഭരണകര്‍ത്താക്കളുടെ ലക്ഷ്യത്തോട് തങ്ങള്‍ക്ക് പുലര്‍ത്തുന്ന പ്രതിബദ്ധതയാണിതെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. നേട്ടങ്ങള്‍ കൈമുതലാക്കുന്ന പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായകമായ 'ദുബായ് പ്ലാന്‍ 2021'ലേക്കുള്ള ചുവടുവെപ്പ് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

undefined

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതില്‍ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവുകള്‍ക്ക് വലിയ പങ്കുണ്ടെന്നും യൂണിയന്‍ കോപ് സിഇഒ പറഞ്ഞു. ലക്ഷ്യസാക്ഷാത്കാരണത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ അതിജീവിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വിപണിയില്‍ പൊതുവിലും കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവുകള്‍ക്ക് വിശേഷിച്ചുമുള്ള  വെല്ലുവിളികള്‍ നിലനില്‍ക്കെ സാമൂഹിക പുരോഗതിയിലേക്കുള്ള ദേശീയ ദൗത്യമായാണ് യൂണിയന്‍ കോപ് സ്വദേശിവത്കരണത്തെ കാണുന്നതെന്നും സിഇഒ പറഞ്ഞു.

സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ നിരവധി വെല്ലുവിളികളാണ് അഭിമുഖികരിക്കേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയ സഹകരണ നിയമം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേകിച്ചും ചില ബുദ്ധിമുട്ടുകളുണ്ട്. ചില്ലറ വില്‍പന മേഖലയിലെ മികച്ച പ്രകടനമുണ്ടായിട്ടും ഭക്ഷ്യ-സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു ദേശീയ സ്ഥാപനമെന്ന തലത്തില്‍ പ്രവര്‍ത്തിക്കാന്‍ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍ക്ക് സാധിക്കാത്തത് കാലഹരണപ്പെട്ട സഹകരണ നിയമം കാരണമാണ്. ജനറല്‍ പെന്‍ഷന്‍, സാമൂഹിക സുരക്ഷാ നിയമങ്ങള്‍ തുടങ്ങിയവയിലും മറ്റ് ചട്ടങ്ങളിലും ചില ഭേദഗതികള്‍ വരുത്തിയാല്‍ മാത്രമേ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കാനും അതുവഴി ഭരണനേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനും സാധിക്കൂ.

യൂണിയന്‍ കോപിനെ സംബന്ധിച്ചിടത്തോളം സ്വദേശിവത്കരണം കേവലമായ ഒരു മുദ്രാവാക്യമെന്നതിലുപരി മഹത്തായ ദേശീയ ഉത്തരവാദിത്തമാണെന്നും സിഇഒ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമായി എല്ലാ ദേശീയ സ്ഥാപനങ്ങളുടെയും മുന്‍ഗണനയായി സ്വദേശിവത്കരണം മാറണമെന്നും സ്ഥാപനങ്ങളുടെ പ്രകടനത്തിന്റെ പ്രധാന അളവുകോലായി അത് കണക്കാക്കണമെന്നും ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു.

click me!