Pinarayi Vijayan : 'ഗുഡ്മോണിംഗ്'; ഹോട്ടല്‍ ഇടനാഴിയില്‍ മുഖ്യമന്ത്രിക്ക് ഒരു 'അപൂര്‍വ്വ കൂടികാഴ്ച'

By Web TeamFirst Published Jan 30, 2022, 5:25 PM IST
Highlights

പിണറായി വിജയൻ ഒന്നു നിന്നു. പിന്നെ കുട്ടിയോട് വാത്സല്യത്തോടെ ‘ഗുഡ് മോണിങ്’ നല്‍കി.

ദുബൈ: അമേരിക്കയിലെ ചികില്‍സയ്ക്ക് ശേഷം യുഎഇയില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ദുബൈയില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഞായറാഴ്ച രാവിലെയുണ്ടായ അപൂര്‍വ്വമായ ഒരു കൂടികാഴ്ചയാണ് വാര്‍ത്ത. ദുബൈയിലെ ഹോട്ടലിലെ ഇടനാഴിയിലൂടെ രാവിലെ ഭക്ഷണഹാളിലേക്ക് നടക്കുമ്പോഴാണ് സംഭവം. 

മുഖ്യമന്ത്രി മുറിയില്‍ നിന്നും ഇറങ്ങി ഹോട്ടലിന്റെ ഇടനാഴിയിലൂടെ നടന്ന് വരുമ്പോഴാണ് വഴിയിൽ കളിചിരികളുമായി കിടക്കുന്ന  കുഞ്ഞിനെ കണ്ടത്. പിണറായി വിജയൻ ഒന്നു നിന്നു. പിന്നെ കുട്ടിയോട് വാത്സല്യത്തോടെ ‘ഗുഡ് മോണിങ്’ നല്‍കി. ഈ അപൂര്‍വ്വ കൂടികാഴ്ചയില്‍ മുഖ്യമന്ത്രി താമസിക്കുന്ന ദുബൈയിലെ  ഹയാത്ത് റീജൻസിലെ ജീവനക്കാർക്കും കൗതുകമായി. മുഖ്യമന്ത്രി നടന്ന് നീങ്ങുന്നതിന് മുന്‍പ് തന്നെ കുഞ്ഞിനെ തിരഞ്ഞ് തൊട്ടടുത്ത മുറി തുറന്ന് പിതാവും എത്തി.

Latest Videos

അമേരിക്കയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ മാറ്റം വരുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ദുബായിലെത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ദുബായിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഭാര്യ കമലയും ഒപ്പമുണ്ട്. എട്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ആദ്യത്തെ മൂന്ന് ദിനം പൂര്‍ണ വിശ്രമമാണ്. 

പിന്നീട് വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ ഭരണാധികാരികളും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്കരണങ്ങള്‍, ഡിജിറ്റല്‍ വല്‍ക്കരണം, നടപടിക്രമങ്ങളിലെ ലളിതവല്‍ക്കരണമെല്ലാം ബോധ്യപ്പെടുത്തും. 

അടുത്തമാസം നാലിന് ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയിനില്‍ കേരള സ്റ്റാളിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. എക്സപോയില്‍ ആറുദിവസമാണ് കേരളത്തിന്‍റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക. 

click me!