വാഹനാപകടത്തിന് 4.5 ലക്ഷം റിയാൽ നഷ്ടപരിഹാരം കൊടുക്കാനില്ലാതെ സൗദി ജയിലിൽ കഴിഞ്ഞ പ്രവാസിക്ക് ഒടുവിൽ മോചനം

By Web TeamFirst Published Oct 26, 2024, 12:10 AM IST
Highlights

കൊല്ലം സ്വദേശിയായ പ്രവാസി ഓടിച്ചിരുന്ന വാഹനം ഒരു പലസ്തീനി കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. 16 വയസുള്ള കുട്ടി മരിക്കുകയും പിതാവിന് പരിക്കേൽക്കുകയും ചെയ്തു.
 

റിയാദ്: ഒരു ഫലസ്തീൻ കുട്ടിയുടെ മരണത്തിനും പിതാവിന് പരിക്കേൽക്കാനും ഇടയാക്കിയ വാഹനാപകട കേസിൽ നാലര ലക്ഷം റിയാൽ നഷ്ടപരിഹാരം കൊടുക്കാനില്ലാതെ സൗദിയിലെ ജയിലിൽ കഴിഞ്ഞ കൊല്ലം സ്വദേശിക്ക് ഒടുവിൽ മോചനം. റിയാദിന് സമീപം അല്‍ഖർജിലെ ജയിലില്‍ കഴിഞ്ഞിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശി ഷാജഹാനാണ് സാമൂഹികപ്രവർത്തകരുടെ ഇടപെടൽ രക്ഷയായത്. 

കഴിഞ്ഞ 23 വര്‍ഷമായി അൽ ഖര്‍ജില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷാജഹാൻ. ഇയാൾ ഓടിച്ചിരുന്ന വാഹനം അൽ ഖര്‍ജിലുള്ള ഒരു പലസ്തീനി കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് 16 വയസായ കുട്ടി മരിക്കകയും ആ കുട്ടിയുടെ പിതാവിന് പരിക്കേല്‍ക്കുകയും ചെയ്തു. വാഹനത്തിന് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. സ്‌പോണ്‍സറും കൈയ്യൊഴിഞ്ഞതോടെ ഷാജഹാന്‍ ജയിലിലകപ്പെട്ടു.

Latest Videos

ഷാജഹാന്റെ കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് സുഹൃത്തുക്കളായ ബെന്നി ജോസഫ്, അഷ്‌റഫ് വീരാജ്‌പേട്ട് എന്നിവര്‍ അൽ ഖര്‍ജ് കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് പുന്നക്കാട്, ഷബീബ് കൊണ്ടോട്ടി, ഇസ്മാഈല്‍ കരിപ്പൂര്‍ എന്നിവരുടെ സഹായം തേടി. വിഷയത്തില്‍ ഇടപെടാന്‍ കുടുംബത്തിന്റെ പ്രതിനിധിയായി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന് ഇന്ത്യന്‍ എംബസി അനുമതി പത്രവും അനുവദിച്ചു. 

മരിച്ച കുട്ടിയുടെ പിതാവും മറ്റു കുടുംബാംഗങ്ങളുമായും സ്‌പോണ്‍സറുമായും സംസാരിച്ച് നാലര ലക്ഷം റിയാലിന്റെ നഷ്ടപരിഹാരത്തിൽനിന്ന് ചികിത്സക്ക് വേണ്ടി ചെലവായ 80,000 റിയാല്‍ മാത്രമാക്കി നഷ്ടപരിഹാരം കുറപ്പിക്കുകയും ചെയ്തു. ഒരു മാസത്തിനകം പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നും പലസ്തീനി കുടുംബത്തില്‍ നിന്നും ഉറച്ചും വാങ്ങി.

സൗദി കൊല്ലം ജില്ല കെ.എം.സി.സി ഭാരവാഹികളായ നജീം അഞ്ചല്‍, ഫിറോസ് കൊട്ടിയം തുടങ്ങിയവരുടെ നേതൃത്വത്തില്‍, നാട്ടിലെ വാര്‍ഡ് മെമ്പര്‍ നസീര്‍ പത്തടി, റാഫി പത്തടി എന്നിവരുടെ സഹകരണത്തോടെ നാട്ടിൽ കമ്മിറ്റി രൂപവത്കരിച്ച് പണം സ്വരൂപിച്ചു. അൽ ഖര്‍ജ് ഫര്‍സാന്‍ ഏരിയ കെ.എം.സി.സി കമ്മിറ്റിയും എസ്.ഐ.സി സൗദി നാഷനല്‍ കമ്മിറ്റിയും വേണ്ട സഹായങ്ങള്‍ ചെയ്തു.

സമാഹരിച്ച തുക മരിച്ച ബാലെന്റെ കുടുംബത്തിന് കൈമാറിയ ശേഷം കേസ് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പാക്കി. പബ്ലിക് റൈറ്റ് പ്രകാരം കോടതി വിധി ഒരു മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞ ദിവസം ജയില്‍ മോചിതനാകുകയും ചെയ്തു. 

നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഒത്തുതീർപ്പിൽ എത്തിയിരുന്നില്ലെങ്കിൽ ആ തുക കൊടുക്കുന്നതുവരെയും ജയിലിൽ കഴിയേണ്ടി വന്നേനെ. പ്രായമായ ഉമ്മ ഉള്‍പ്പെടെയുള്ള കുടുംബത്തിന് ഷാജഹാന്റെ ജയില്‍ മോചനം വലിയ ആശ്വാസമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

click me!