യുഎഇയും ഈജിപ്തും തമ്മിലുള്ള സാഹോദര്യ ബന്ധം കണക്കിലെടുത്താണ് യുഎഇ പ്രസിഡന്റ് മാപ്പ് നൽകിയത്
അബുദാബി: യുഎഇയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചതിന് ജയിലിലായ മൂന്ന് ഈജിപ്ഷ്യൻ കളിക്കാർക്ക് മാപ്പ് നൽകി. യുഎഇ പ്രസിഡന്റാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. യുഎഇയും ഈജിപ്തും തമ്മിലുള്ള സാഹോദര്യ ബന്ധം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
ഈജിപ്ഷ്യൻ ക്ലബ്ബിന്റെ ഭാഗമായി യുഎഇയിൽ മത്സരത്തിനെത്തിയ മൂന്ന് പേർക്ക് ഒരു മാസം ജയിൽ ശിക്ഷയും രണ്ട് ലക്ഷം ദിർഹം പിഴയുമാണ് വിധിച്ചത്. ഒക്ടോബർ 20നാണ് ഈജിപിഷ്യൻ സൂപ്പർ കപ്പിന്റെ സെമി ഫൈനൽ മത്സരം നടന്നത്. അന്നുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് പിറ്റേ ദിവസം തന്നെ മത്സരവുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെ ചൊവ്വാഴ്ചയാണ് സംഭവത്തിൽ മൂന്ന് ഫുട്ബോൾ താരങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടിരുന്നു. മർദനമേറ്റവരുടെ മൊഴികളും സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രോസിക്യൂഷൻ കേസിൽ അന്വേഷണം നടത്തിയത്. മത്സരവുമായി ബന്ധപ്പെട്ട നിബന്ധനകളും പ്രതികൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം