ഇത്തവണത്തേത് യുഎഇയുടെ 53-ാമത് ദേശീയദിനമാണ്.
അബുദാബി: ദേശീയദിനത്തോട് അനുബന്ധിച്ച് നാല് ദിവസത്തെ ആഘോഷങ്ങൾക്കൊരുങ്ങി യുഎഇ. ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയദിനം. 'ഈദ് അൽ ഇത്തിഹാദ്' എന്നാണ് ദേശീയദിനാഘോഷത്തെ നാമകരണം ചെയ്തിരിക്കുന്നത്.
സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും വളർച്ചയുടെയും സൗഭാഗ്യം അനേകരാജ്യങ്ങളിലെ പ്രവാസികളിലൂടെ ആ രാജ്യങ്ങളിലേക്ക് കൂടിയെത്തിച്ച ഐക്യ അറബ് എമിറേറ്റ്സ്, യുഎഇ. സ്വന്തം രാജ്യം കഴിഞ്ഞാൽ മലയാളികളുൾപ്പടെ ഇന്ത്യക്കാർ ഏറ്റവും സജീവമായി പങ്കെടുക്കുന്ന ദിനം. ദേശീയ ദിനാഘോഷങ്ങൾക്ക് ഈദ് അൽ ഇത്തിഹാദ് എന്നാണ് പേര് നൽകിയിരിക്കുന്നത്.
undefined
1971 ഡിസംബർ രണ്ടിനാണ് ഏഴ് എമിറേറ്റുകൾ ചേർന്ന് ഐക്യ അറബ് എമിറേറ്റ്സ് രൂപംകൊണ്ടത്. ഇത് 53-ാമത് ദേശീയദിനമാണ്. വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ. രാജ്യത്തിന്റെ പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ. സുസ്ഥിരതയ്ക്കും സഹകരണത്തിനുമാണ് ഊന്നൽ. ഇത്തവണത്തെ ഈദ് അൽ ഇത്തിഹാദിന്റെ പ്രധാന വേദി എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അൽ ഇത്തിഹാദ് സോണുകൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ രണ്ടിനും മൂന്നിനുമാണ് ഔദ്യോഗിക അവധിയെങ്കിലും വാരാന്ത്യത്തോട് ചേർന്ന് വരുന്നതിനാൽ നാല് ദിവസത്തെ അവധിയാണ് പൊതജനങ്ങൾക്ക് ലഭിക്കുക. ആഘോഷങ്ങൾക്ക് പരമാവധി മാലിന്യം കുറക്കണമെന്നും പുനരുപയോഗിക്കാവുന്ന വസ്തുക്കളെ ആശ്രയിക്കണമെന്നും അധികൃതർ ജനങ്ങളോട് ആഹ്വാനം ചെയ്തു.