സോഷ്യൽ മീഡിയ വഴി പരസ്യം, വന്ധ്യത ചികിത്സ നൽകുമെന്ന് വാദം; പക്ഷേ വൻ ചതി, ഒടുവിൽ കയ്യോടെ പിടികൂടി സൗദി അധികൃതർ

By Web TeamFirst Published Oct 12, 2024, 5:04 PM IST
Highlights

വന്ധ്യത, ഗ്രന്ഥികൾ, രക്തം കട്ടപിടിക്കൽ എന്നിവക്കുള്ള ചികിത്സ നടത്തുമെന്ന അവകാശ വാദമാണ് ഇവര്‍ ഉന്നയിച്ചത്. 

റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി ലൈസൻസില്ലാതെ ചികിത്സ നടത്തിവന്ന സ്വദേശി വനിതയടക്കം രണ്ട് വ്യാജ ഡോക്ടർമാർ സൗദി അറേബ്യയിൽ അറസ്റ്റിൽ. നിയമവിരുദ്ധമായി പ്രവർത്തിച്ച സൗദി യുവതിയും മറ്റൊരു അറബ് വംശജനും ഹാഇലിൽനിന്നാണ് അറസ്റ്റിലായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതികൾക്കെതിരായ അനന്തര നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

പരമ്പരാഗത വൈദ്യശാസ്ത്രം ഉപയോഗിച്ച് വന്ധ്യത, ഗ്രന്ഥികൾ, രക്തം കട്ടപിടിക്കൽ എന്നിവക്ക് ചികിത്സിക്കുന്നതായി സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ അവകാശവാദം ഉന്നയിച്ചാണ് സൗദി യുവതി ചികിത്സ നടത്തിയിരുന്നത്. കുട്ടികളിലെ സംസാര വൈകല്യവും പഠന ബുദ്ധിമുട്ടുകളും കൈകാര്യം ചെയ്യുന്ന സ്പെഷ്യലിസ്റ്റാണെന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്താണ് അറബ് പൗരൻ ചികിത്സ നടത്തിവന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ വാഗ്ദാനം ചെയ്യുന്നവരെ ഒഴിവാക്കാനും ആശുപത്രികളിൽനിന്നും അധികാരപ്പെടുത്തിയ പ്രാക്ടീഷണർമാരിൽ നിന്നും മാത്രമേ ആരോഗ്യ സേവനങ്ങൾ സ്വീകരിക്കാവൂവെന്നും  മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Latest Videos

ഇത്തരം അനധികൃത ചികിത്സകൾ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരവും അപകടം സൃഷ്ടിക്കുന്നതുമായിരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

click me!