ശനിയാഴ്‍ച ക്രൌണ്‍ പ്ലാസ ഹോട്ടലിന് സമീപം അല്‍ ഇബ്‍ദ സ്‍ട്രീറ്റില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഇവിടെ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ദുബൈ: ദുബൈയില്‍ വെള്ളി, ശനി ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചതായും 11 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ വരുത്തിയ വീഴ്‍ചകളാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് ദുബൈ പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ശനിയാഴ്‍ച ക്രൌണ്‍ പ്ലാസ ഹോട്ടലിന് സമീപം അല്‍ ഇബ്‍ദ സ്‍ട്രീറ്റില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഇവിടെ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു വാഹനത്തിന്റെ ഡ്രൈവര്‍ റോഡില്‍ ശ്രദ്ധിക്കാതെ വാഹനം യു-ടേണ്‍ എടുത്തതാണ് അപകടത്തിന് കാരണമായി മാറിയത്. വെള്ളിയാഴ്‍ച അല്‍ ഖലീല്‍ റോഡില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയത് കാരണം ഒരു വാഹനത്തിന്റെ നിയന്ത്രണം വിട്ട് മറിയുകയും ചെയ്‍തു. ബിസിനസ് ബേ എക്സിറ്റിന് സമീപം നടുറോഡിലാണ് വാഹനം തലകീഴായി മറിഞ്ഞത്.
എമിറേറ്റ്സ് റോഡില്‍ ഒരു പാലത്തിന് മുകളില്‍ ട്രക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ റോഡില്‍ പെട്ടെന്ന് ലേന്‍ മാറിയതാണ് അപകടത്തിന് കാരണമായതെന്ന് ദുബൈ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജുമാ സലീം ബിന്‍ സുവൈദാന്‍ പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ദുബൈ - അല്‍ ഐന്‍ ബ്രിഡ്‍ജിന് സമീപം കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് ഇവിടെ അപകട കാരണമായത്.
ഖുമാശ സ്‍ട്രീറ്റില്‍ ഒരു കാല്‍നടയാത്രക്കാരന് കാറിടിച്ച് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‍തു. മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി വളരെ വേഗത്തില്‍ വാഹനം റോഡിന്റെ വലതുവശത്തേക്ക് തിരിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ശൈഖ് സായിദ് റോഡിലുണ്ടായ മറ്റൊരു അപകടത്തില്‍ വാഹനം തലകീഴായി മറിഞ്ഞ് ഒരു യുവതിക്ക് പരിക്കേറ്റു. വാഹനമോടിച്ചിരുന്ന ഇവര്‍ പെട്ടെന്ന് തിരിക്കാന്‍ ശ്രമിച്ചതാണ് ഇവിടെ അപകടത്തിന് വഴിവെച്ചത്. എമിറേറ്റ്സ് റോഡില്‍ അല്‍ ഫയ ബ്രിഡ്ജിന് മുമ്പ് ട്രക്കും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും ഒരാള്‍ക്ക് പരിക്കേറ്റു.
Read also: ഖത്തറില്‍ ദന്ത ചികിത്സക്ക് രോഗികളില്‍ 'നൈട്രസ് ഓക്സൈഡ്' വാതകം ഉപയോഗിക്കരുതെന്ന് നിര്‍ദേശം