'കാനഡ റ്റു കേരള, കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ്; 350 ലേറെ പ്രവാസികളെ പറ്റിച്ച് ദമ്പതിമാർ തട്ടിയത് കോടികൾ

By Web Team  |  First Published Jun 2, 2024, 9:08 PM IST

കാനഡയില്‍നിന്നും കേരളത്തിലേക്കും തിരിച്ചും വളരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്താണ് ദമ്പതിമാർ തട്ടിപ്പ് നടത്തിയത്. ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളും വ്യാപകമായി തട്ടിപ്പിനിരയായിട്ടുണ്ട്.


തൃശൂര്‍: കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തു ദമ്പതികള്‍ തട്ടിയെടുത്തത് കോടിക്കണക്കിന് രൂപ. സംഭവത്തിൽ ദമ്പതിമാർക്കെതിരെ കേസെടുത്തു. 350ലേറെ പ്രവാസി മലയാളികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് റിപ്പോര്‍ട്ട്. വെളുത്തൂര്‍ സ്വദേശിയായ യുവാവിനും ഇയാളുടെ കൊല്ലം സ്വദേശിയായ ഭാര്യയ്ക്കുമെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.  കാനഡയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 

കേരളത്തിന് പുറത്തുള്ളവരടക്കം നിരവധി പ്രവാസികളാണ്  മലയാളി ദമ്പതികളുടെ തട്ടിപ്പിന് ഇരയായത്. തട്ടിപ്പിനിരയായ വിവരം പുറത്തുപറയാന്‍ മുന്നിട്ടിറങ്ങിയ 341 പേരില്‍ നിന്നു മാത്രം 2.62 കോടി രൂപ അപഹരിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. 
പരാതിയുമായി കൂടുതല്‍ പേര്‍ വന്നാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഉയരും. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതിക്കാരെത്താനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നു. ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളും വ്യാപകമായി തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും പരാതി ഉയര്‍ന്നു തുടങ്ങുന്നതേയുള്ളൂ.

Latest Videos

കാനഡയില്‍നിന്നും കേരളത്തിലേക്കും തിരിച്ചും വളരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്താണ് ദമ്പതിമാർ തട്ടിപ്പ് നടത്തിയത്. മറ്റു ടിക്കറ്റ് ബുക്കിങ് ഏജന്‍സികളെക്കാള്‍ മൂന്നിലൊന്നു നിരക്കില്‍ ടൊറന്റോയില്‍നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു വിമാന ടിക്കറ്റ് ബുക്ക് ചെയ്തുനല്‍കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചവരാണ് ചതിക്കപ്പെട്ടത്. മുന്തിയ വിമാന സര്‍വീസുകളില്‍ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും  ഉള്‍പ്പെട്ട കുടുംബത്തിനു ശരാശരി ഒമ്പതു ലക്ഷം രൂപയോളം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് വേണ്ടിവരുമെന്നിരിക്കെ 3.30 ലക്ഷം രൂപയ്ക്കു യാത്ര ഒരുക്കി നല്‍കുമെന്നായിരുന്നു ദമ്പതികളുടെ വാഗ്ദാനം. 

പണവുമായി ആദ്യം ഇവരെ സമീപിച്ച ഏതാനും പ്രവാസികള്‍ക്ക് ടിക്കറ്റ് ലഭിച്ചതോടെ ഇവരിലുള്ള വിശ്വാസവും വര്‍ധിച്ചു. ഇതോടെ കൂടുതല്‍ പേര്‍ പണവുമായി ഇവരെ സമീപിച്ചു. കാനഡയിലെ മലയാളികളുടെ സുഹൃത്തുക്കളായ ഇതര സംസ്ഥാനക്കാരും വിമാന ടിക്കറ്റിനു പണം നല്‍കി. ഇതോടെ കൂടുതല്‍ പേര്‍ ടിക്കറ്റിനായി ഇവരെ സമീപിക്കുകയായിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ആളുകള്‍  ദമ്പതിമാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പണം മടക്കിനല്‍കാമെന്നു പലരോടും പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ആര്‍ക്കും പണം തിരികെ നല്‍കിയതുമില്ല. ദമ്പതിമാരിലൊരാളുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം പ്രവാസികള്‍ അതതു പൊലീസ് സ്റ്റേഷനുകള്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരിക്കുകയാണ്.

Read More : കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: 'വാട്ട്സ്ആപ്പിലും ഓൺലൈനിലുമുണ്ട്', മുഖ്യ പ്രതി രതീശൻ ഇപ്പോഴും കാണാമറയത്ത് തന്നെ
 

click me!