പരാതികളും കുറവുകളും പരിഹരിക്കും; ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപന നിലവാരം ഉയര്‍ത്തുമെന്ന് മൂന്ന് പാനലുകളും

By K T Noushad  |  First Published Dec 7, 2023, 6:02 PM IST

'ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുളളത്' എന്ന ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മൂന്നു പാനലുകളിലെയും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികള്‍.


മനാമ: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുളള ഭരണം ഉറപ്പു നല്‍കി ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയിലേക്ക് മത്സരിക്കുന്ന മൂന്നു പാനലുകളും. നാളെയാണ് ഇന്ത്യൻ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പ്. 'ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുളളത്' എന്ന ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മൂന്നു പാനലുകളിലെയും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികള്‍. പരാതികളും കുറവുകളും പരിഹരിച്ച് അധ്യാപന നിലവാരം ഉയര്‍ത്താനാവശ്യമായതൊക്കെ ചെയ്യുമെന്ന് മൂന്നു പാനലുകളും ആവര്‍ത്തിച്ചു. മൂന്ന് പാനലുകളുടെയും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ താഴെ:
 
ബിനു മണ്ണില്‍ (പ്രോഗ്രസീവ് പാരന്റ്‌സ് അലയന്‍സ്)

അധ്യാപന നിലവാരം ഉയര്‍ത്താന്‍ നിലവിലെ ഭരണസമിതി പരമാവധി ശ്രമിച്ചിട്ടുണ്ട്. മുന്‍ ഭരണസമിതിയില്‍ നിന്ന് വ്യത്യസ്തമായി അധ്യാപക നിയമനങ്ങളെല്ലാം പൂര്‍ണമായും യോഗ്യതയും കഴിവും മാത്രം നോക്കിയാണ് നടത്തിയത്.  അധ്യാപകരുടെ പ്രകടനം വിലയിരുത്തി പരിശീലനം നല്‍കാനും ശ്രമിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൗണ്‍സിലുമായി സഹകരിച്ച് അധ്യാപകര്‍ക്ക് ഇംഗ്ലീഷ് ഭാഷയിലും പരിശീലനം നല്കി. അതേ സമയം മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്‍ഭരണസമിതി നിയോഗിച്ച അധ്യാപകരില്‍ ചിലര്‍ പ്രതീക്ഷിക്കൊത്ത് ഉയര്‍ന്നിട്ടില്ല.

ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം മുന്‍പത്തേക്കാള്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി ഓടുന്ന 268 ബസുകളില്‍ ഒന്നോ രണ്ടോ കേടായതിനെ ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിക്കുന്നത് ശരിയല്ല. എണ്ണായിരത്തോളം കുട്ടികള്‍ ഏതാണ്ട് ഒരേ സമയം ഉപയോഗിക്കുന്ന ടോയിലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കല്‍ ശ്രമകരമാണ്. അതു കൊണ്ടാണ് പുതിയ ടോയിലെറ്റുകള്‍ ഉണ്ടാക്കാന്‍ പ്രോജക്ട് തയ്യാറാക്കിയത്. കോവിഡ് കാരണം അതു നടപ്പിലായില്ല. അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി നടപ്പാക്കും.സപോര്‍സ് ടീമുമായി വിദ്യാര്‍ത്ഥികള്‍ക്കുളള പരാതികള്‍ ബന്ധപ്പട്ടവരുമായി ആലോചിച്ച് പരിഹരിക്കാന്‍ ശ്രമിക്കും.

Latest Videos

undefined

വന്‍തുക ചെലവു വരുമായിരുന്ന പാരന്റ് പോര്‍ട്ടല്‍ ഭരണസമിതിയിലെ ഐ.ടി വിദഗ്ദ്ധര്‍ സൗജന്യമായി യാഥാര്‍ത്ഥ്യമാക്കിയത് വലിയ നേട്ടമാണ്. അക്കാഡമിക് എക്‌സലന്‍സ്, വിദ്യാര്‍ത്ഥി-അധ്യാപക ശാക്തീകരണം എന്നിവയിലൂന്നിയായിരിക്കും ഭരണം. അനാവശ്യ ഇടപെടലുകള്‍ നടത്താതെ പഠിക്കാനും പഠിപ്പിക്കാനുളള സാഹചര്യം ഒരുക്കി കൊടുക്കുക എന്ന പ്രഖ്യാപിത നിലപാട് തുടരും. മൂന്ന് വര്‍ഷത്തെ ഭരണത്തിന് വേണ്ടി സ്‌കൂളിനെ മോശമാക്കി ചിത്രീകരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ പാനലുകള്‍ വിട്ടു നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
ബിജു ജോര്‍ജ് ( യുണൈറ്റഡ് പാരന്റ്‌സ് പാനല്‍)
 

അധ്യാപന നിലവാരം ഉയര്‍ത്താനെന്ന പേരില്‍ വന്‍തുക ചെലവാക്കി നടത്തിയ അസെസ്‌മെന്റിന്റെ ഫലമെന്താണെന്ന് വിശദീകരിക്കാന്‍ നിലവിലുളള ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ചില അധ്യാപകര്‍ പഠിപ്പിക്കാന്‍ യോഗ്യരല്ല എന്ന് കണ്ടെത്താന്‍ ഇത്രയും തുക ചെലവാക്കേണ്ട ആവശ്യമില്ല.  കണ്ടെത്തലിന് ശേഷം എന്ത് നടപടിയെടുത്തു എന്നതാണ് പ്രധാനം. അധികാരത്തിലെത്തിയാല്‍ അധ്യാപനനിലവാരം ഉയര്‍ത്താനായിരിക്കും ആദ്യ പരിഗണന. സമാര്‍ട്ട് ബോര്‍ഡ് പഠനത്തിന് തുടക്കം കുറിക്കും.
ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം കാര്യക്ഷമമാക്കാന്‍ 'ബസ് ട്രാക്ക്' ആപ്പ് ഉണ്ടാക്കും.പാരന്റ് പോര്‍ട്ടലിനേക്കാളും ഉപയോഗിക്കാന്‍ എളുപ്പമായിരിക്കും ഈ മൊബൈല്‍ ആപ്പ്.  ഇതുവഴി ബസിന്റെ റൂട്ടും സമയവുമൊക്കെ രക്ഷിതാക്കള്‍ക്ക് എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനാകും. ടോയ്‌ലെറ്റുകള്‍ പുതുക്കിപ്പണിയാന്‍ ആറു മാസത്തിനകം നടപടിയെടുക്കും. സ്‌പോര്‍ട്‌സ്, മ്യൂസിക് തുടങ്ങിയവക്ക് നല്ല പരിശീലകരെ നിയമിക്കും.

എല്ലാവര്‍ക്കും താങ്ങാനാവുന്ന ഫീസ് മാത്രം വാങ്ങി മികച്ച വിദ്യാഭ്യാസം എന്നതാണ് ലക്ഷ്യം. കോവിഡ് കാലത്ത് 17000 ദീനാര്‍ പ്രിന്റിംഗിന് മാത്രം ചെലവാക്കിയതു പോലുളള കളളക്കണക്കുകള്‍ തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവില്ല. സ്‌കൂളില്‍ പ്രവര്‍ത്തന സമത്ത് ഭരണസിമിതിയിലെ ഒരംഗത്തിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും ബിജു പറഞ്ഞു.

Read Also - അധ്യാപന നിലവാരം മെച്ചപ്പടണം; ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിൽ വിദ്യാര്‍ഥികള്‍ക്ക് പറയാനുളളത്
 
വാണി ചന്ദ്രന്‍ (ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം)

അധ്യാപക-വിദ്യാര്‍ഥി സൗഹൃദ ക്യാമ്പസ് യാഥാര്‍ത്ഥ്യമാക്കും. അധ്യാപകര്‍ക്ക് മാന്യമായ ശമ്പളവും അധ്യാപന അന്തരീക്ഷവും ഒരുക്കിയാല്‍ നിലവാരം താനെ മെച്ചപ്പെടും. ഇംഗ്ലീഷ് ഭാഷയില്‍ അധ്യാപകര്‍ക്ക് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കും. സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ ഡിജിറ്റല്‍ ക്ലാസ് റൂം നടപ്പിലാക്കും. എല്ലാ ക്ലാസ്ലിലും ചെറിയ ലൈബ്രറി സ്ഥാപിക്കും.

അധികാരത്തിലെത്തിയാലുടന്‍ ടോയ്‌ലെറ്റുകള്‍ നവീകരിക്കാനുളള നടപടി തുടങ്ങും. സാനിറ്ററി പാഡ് വെന്റിംഗ് മെഷീന്‍ സ്ഥാപിക്കും. വലിയ ബസിന് പകരം ചെറിയ ബസുകള്‍ ട്രാന്‍സ്‌പോര്‍ട്ടിനായി ഉപയോഗിക്കും. എ.സി. ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഇതിലൂടെ പരിഹരിക്കാനാകും. കുട്ടികള്‍ക്കു കൂടുതല്‍ ദൂരം നടക്കാതെ ബസില്‍ കയറാന്‍ പറ്റുന്ന സാഹചര്യവും ഇതൊരുക്കും.
നിലവില്‍ ഫുട്‌ബോളിനും ക്രിക്കറ്റിനുമൊന്നും ശരിയായ കോച്ചില്ല. സ്വിമ്മിംഗ് പൂള്‍ അടച്ചിട്ടിരിക്കുകയാണ്. ടാറിട്ടാണ് റണ്ണിംഗ് ട്രാക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ഇതെല്ലാം പരിഹരിച്ച് സൗകര്യങ്ങള്‍ മികച്ചതാക്കും.രക്ഷിതാക്കളുടെയും അധ്യാപകരുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും വേവ്വേറെ ഗ്രീവെന്‍സ് സെല്‍ രൂപീകരിക്കും. ഉച്ചവരെ സ്‌കൂളില്‍ ചെയര്‍മാന്റ് സാന്നിധ്യം ഉറപ്പാക്കും. ക്രെഡിറ്റ് കാര്‍ഡിലൂടെയും ബെനഫിറ്റ് പേയിലൂടെയും ഫീസടക്കാനുളള സൗകര്യം സൃഷ്ടിക്കുമെന്നും വാണി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!