ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; മൂന്ന് പ്രവാസികള്‍ ജയിലിലായി

By Web Team  |  First Published Jul 5, 2023, 11:50 PM IST

ഗുദൈബിയയിലെ ഒരു റസ്റ്റോറന്റില്‍ പതിവ് പരിശോധനകള്‍ക്കായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്.


മനാമ: നാട്ടില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ ബഹ്റൈനില്‍ ജയിലിലായി. റസ്റ്റോറന്റ് മാനേജര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു സ്‍ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷയ്ക്ക് പുറമെ ഇരകളാക്കപ്പെട്ട യുവതികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ചെലവും ഇവര്‍ വഹിക്കണം. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും. 44ഉം 20ഉം വയസുള്ള രണ്ട് പുരുഷന്മാരും 37 വയസുകാരിയായ സ്ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്. ഇവരില്‍ 44 വയസുകാരനും 37 വയസുകാരിക്കും 5000 ബഹ്റൈനി ദിനാര്‍ വീതം പിഴയും 20 വയസുകാരന് 2000 ബഹ്റൈനി ദിനാര്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 

ഗുദൈബിയയിലെ ഒരു റസ്റ്റോറന്റില്‍ പതിവ് പരിശോധനകള്‍ക്കായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഹോട്ടലിലേക്ക് വെയിറ്റര്‍മാരായി ജോലി ചെയ്യാനെന്ന പേരില്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്ന നാല് യുവതികളെ പ്രതികള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതായി ഇവര്‍ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. 

Latest Videos

മാന്യമായ ജോലി വാഗ്ദാനം ചെയ്താണ് കൊണ്ടുവന്നതെങ്കിലും ഇവിടെ എത്തിയ ശേഷം തങ്ങളുടെ പാസ്‍പോര്‍ട്ട് പിടിച്ചുവെച്ച്  ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടതായി ഇവര്‍ പറഞ്ഞു. ഹോട്ടലിലെത്തുന്ന അതിഥികളോട് ലൈംഗിക ചുവയോടെ സംസാരിക്കാനും അവരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാനും നിര്‍ബന്ധിച്ചു. താമസിപ്പിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് എപ്പോള്‍ പുറത്തിറങ്ങിയാലും ഇവര്‍ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍, പ്രതികളിലൊരാളായ യുവാവ് ഒപ്പം കാണുമായിരുന്നു.

ദിവസം 12 മണിക്കൂറിലധികം ജോലി ചെയ്യിപ്പിച്ചിട്ടും ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം പോലും ലഭിച്ചിരുന്നതെന്ന് ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഹോട്ടലിലെ ഉപഭോക്താക്കളുടെ ഇംഗിതത്തിന് വഴങ്ങാതെ വന്നപ്പോഴെല്ലാം ക്രൂരമായ മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും ഇവര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തിയപ്പോള്‍ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞു. 

യുവതികള്‍ക്ക് ശമ്പളം നല്‍കിയതിന്റെ രേഖകളോ തൊഴില്‍ കരാറുകളോ മറ്റ് നിയമപരമായ രേഖകളോ  പോലും പ്രതികളുടെ കൈവശം ഇല്ലായിരുന്നു. കുറ്റകൃത്യങ്ങള്‍ നടന്ന റസ്റ്റോറന്റിന്റെ ഉടമയുടെ പേരില്‍ ബഹ്റൈനില്‍ മറ്റ് ഒന്‍പത് റസ്റ്റോറന്റുകളും ഒരു ഹോട്ടല്‍ ആന്റ് ടൂറിസം സ്ഥാപനവും ഉണ്ടെന്നും രേഖകള്‍ പറയുന്നു. എന്നാല്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

Read also:  'മലയാളികളായ പ്രവാസികൾക്ക് ഇത് കനത്ത ആഘാതം'; ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!