ഇറച്ചിയിലും കറന്‍സിയിലും കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

By Web Team  |  First Published Oct 25, 2022, 3:08 PM IST

രണ്ടാമത്തെ യാത്രക്കാരന്റെ പഴ്‌സിനുള്ളില്‍ കറന്‍സി നോട്ടുകള്‍ക്കുള്ളില്‍ ചുരുട്ടിയാണ് കഞ്ചാവ് ഒളിപ്പിച്ചത്. ഒരേ വിമാനത്തില്‍ വന്നവരാണ് ഇവര്‍.


കുവൈത്ത് സിറ്റി: കുവൈത്തില്‍ കഞ്ചാവുമായി മൂന്ന് ഏഷ്യക്കാര്‍ പിടിയില്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ആദ്യത്തെ യാത്രക്കാരന്‍  ഇറച്ചിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇത് ഇയാളുടെ ബാഗില്‍ നിന്ന് കണ്ടെത്തി.

രണ്ടാമത്തെ യാത്രക്കാരന്റെ പഴ്‌സിനുള്ളില്‍ കറന്‍സി നോട്ടുകള്‍ക്കുള്ളില്‍ ചുരുട്ടിയാണ് കഞ്ചാവ് ഒളിപ്പിച്ചത്. ഒരേ വിമാനത്തില്‍ വന്നവരാണ് ഇവര്‍. മൂന്നാമത് പിടിയിലായ യാത്രക്കാരന്‍ ടിഷ്യൂ പേപ്പറില്‍ കഞ്ചാവ് ഒളിപ്പിച്ച് ട്രൗസറിന്റെ പോക്കറ്റില്‍ സൂക്ഷിക്കുകയായിരുന്നു. പിടിയിലായ മൂന്നു പേരും ഏഷ്യന്‍ രാജ്യത്ത് നിന്നുള്ളവരാണ്. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Latest Videos

കഴിഞ്ഞ ദിവസം കുവൈത്തില്‍ കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും കുവൈത്ത് എയര്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കഞ്ചാവ്, ട്രമഡോള്‍ ഗുളികകള്‍, ലാറിക ഗുളികകള്‍, ഹാഷിഷ് എന്നിവ യാത്രക്കാരില്‍ നിന്ന് പിടികൂടിയത്. വ്യത്യസ്ത സംഭവങ്ങളിലാണ് ഇവ പിടിച്ചെടുത്തത്. വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് രാജ്യത്തേക്ക് എത്തിയവരാണിവര്‍. ദില്ലിയില്‍ നിന്ന് വന്ന ഏഷ്യക്കാരനില്‍ നിന്നാണ് കഞ്ചാവും 350 ട്രമഡോള്‍ ഗുളികകളും പിടിച്ചെടുത്തത്.

Read More - കായിക ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്; കയ്യോടെ പിടികൂടി കസ്റ്റംസ്

രണ്ടാമത്തെ സംഭവത്തില്‍ 20 ലാറിക ഗുളികകളും ഹാഷിഷ് നിറച്ച സിഗരറ്റും കൈവശം വെച്ച കുവൈത്ത് സ്വദേശിയെ അധികൃതര്‍ പിടികൂടി. ആംസ്റ്റെര്‍ഡാമില്‍ നിന്ന് വന്നതാണ് ഇയാള്‍. മൂന്നാമത്തെ സംഭവത്തില്‍ ആംസ്റ്റെര്‍ഡാമില്‍ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു സ്ത്രീയുടെ പക്കല്‍ നിന്നും ഹാഷിഷ്, ഒരു തരം ലഹരി മരുന്ന് എന്നിവ പിടിച്ചെടുക്കുകയായിരുന്നു. ഇവരുടെ ഹാന്‍ഡ് ബാഗില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Read More -  ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാകും

മറ്റൊരു സംഭവത്തില്‍ ബെയ്‌റൂത്തില്‍ നിന്ന് വന്ന ഒരു കുവൈത്ത് സ്വദേശിനിയും പിടിയിലായി. 15 നാര്‍കോട്ടിക് ലാറിക ഗുളികകളും ഹാഷിഷുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. ബ്രിട്ടനില്‍ നിന്നെത്തിയ സ്വദേശി ദമ്പതികളെ കഞ്ചാവ് നിറച്ച സിഗരറ്റും കഞ്ചാവും ലഹരി നിറച്ച ഇലക്ട്രോണിക് സിഗരറ്റും കൈവശം വെച്ചതിന് അധികൃതര്‍ പിടികൂടി. പിടിയിലായ എല്ലാവരെയും, പിടികൂടിയ ലഹരി വസ്തുക്കള്‍ക്കൊപ്പം ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറി. 

click me!