സെലീൻ, എലീൻ എന്നീ കുഞ്ഞുങ്ങള്‍ക്ക് പത്ത് മാസം മാത്രമാണ് പ്രായം.
റിയാദ്: വേർപെടുത്തൽ ശസ്ത്രക്രിയക്കായി സിറിയൻ സയാമീസ് ഇരട്ടകളായ സെലിനേയും എലീനേയും റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്‍റെ നിർദേശപ്രകാരം കിങ് സൽമാൻ റിലീഫ് സെൻററാണ് മാതാപിതാക്കളും മറ്റ് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തോടൊപ്പം ലബനാൻ തലസ്ഥാനമായ ബയ്റൂത്ത് വഴി സൗദി പ്രതിരോധ മന്ത്രാലയത്തിന്‍റെ മെഡിക്കൽ സർവിസിനുള്ള സ്വകാര്യ വിമാനമായ ‘ഗൾഫ് സ്ട്രീം ജി എൽ എഫ് ഫൈവി’ൽ റിയാദ് വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്.
വിദഗ്ധ പരിശോധനക്ക് വിധേയമാക്കാൻ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേർപ്പെടുത്തൽ സാധ്യത സൂക്ഷ്മമായ പഠിച്ച ശേഷമാണ് അനന്തര നടപടികളിലേക്ക് കടക്കൂ. പത്തുമാസം പ്രായമുള്ള സയാമീസ് ഇരട്ടകൾ പെൺകുട്ടികളാണ്. സെലീൻ, എലീൻ എന്നാണ് പേരുകൾ. കുട്ടികളുടെ ആരോഗ്യസ്ഥിതി മികച്ചതാണ്.
Read Also - 'ഇത് എന്‍റെ അവസാനത്തെ അപേക്ഷ, ഇനി കുറച്ച് ദിവസങ്ങൾ മാത്രം'; എല്ലാവരും സഹായിക്കണമെന്ന് നിമിഷ പ്രിയയുടെ അമ്മ
രണ്ടായി വേർപിരിഞ്ഞ് സ്വതന്ത്രവ്യക്തിത്വത്തോടെ ജീവിക്കാനുള്ള ശസ്ത്രക്രിയക്കായി സൗദിയിലെത്തിക്കാൻ നിർദേശം നൽകി മഹത്തായ മാനുഷിക സംരംഭത്തിന് നേതൃത്വം നൽകുന്ന സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കെ.എസ് റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസറും ശസ്ത്രക്രിയ തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ നന്ദി അറിയിച്ചു.