റിക്രൂട്ട്മെന്‍റ് കണ്‍സള്‍ട്ടന്‍സിയായ റോബര്‍ട്ട് ഹാഫിന്‍റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ദുബൈ: ഇന്ത്യക്കാരടക്കം നിരവധി രാജ്യക്കാരുടെ സ്വപ്ന രാജ്യമാണ് യുഎഇ. തൊഴിലവസരങ്ങള്‍ തേടി അനേകായിരം മലയാളികളും ചേക്കേറുന്ന ഇടമാണ് യുഎഇ. ഉയര്‍ന്ന ശമ്പളവും ജീവിതനിലവാരവുമെല്ലാം യുഎഇയിലേക്ക് പോകുന്ന തൊഴില്‍ അന്വേഷകരെ ആകര്‍ഷിക്കുന്നു. എന്നാല്‍ യുഎഇയിലേക്ക് പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് മൂലം വിവിധ തൊഴിലുകളില്‍ ശരാശരി തുടക്ക ശമ്പളം കുറയുന്നതായി റിപ്പോര്‍ട്ട്.
റിക്രൂട്ട്മെന്‍റ് കണ്‍സള്‍ട്ടന്‍സിയായ റോബര്‍ട്ട് ഹാഫിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പ്രൊഫഷണല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ ശരാശരി ആരംഭ ശമ്പളം വര്‍ഷം തോറും 0.7 ശതമാനം കുറഞ്ഞുവരികയാണ്. ഉയരുന്ന ജീവിത ചെലവുകള്‍ കാരണം പകുതിയിലേറെ ജോലിക്കാരും അടുത്ത വര്‍ഷം പുതിയ ജോലികളിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഫിനാന്‍സ്, അക്കൗണ്ടിങ് മേഖലകളില്‍ വന്‍ തോതില്‍ പ്രവാസികളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നുണ്ട്. ഇത് മൂലം ശരാശരി തുടക്ക ശമ്പളത്തില്‍ 2.1 ശതമാനത്തിന്‍റെ കുറവുണ്ടായി. ശമ്പളം ഏറ്റവും അധികം കുറയുന്നത് ഫിനാന്‍സ്, അക്കൗണ്ടിങ്, ഹ്യൂമന്‍ റിസോഴ്സ് മേഖലകളിലാണ്. ഈ ജോലികളിലെ തുടക്ക ശമ്പളം 2.1 ശതമാനമാണ് പ്രതിവര്‍ഷം കുറയുന്നത്. കോര്‍പ്പറേറ്റ് അക്കൗണ്ടിങ് മേഖലയില്‍ 23 ശതമാനം വരെ ഇടിവുണ്ട്.
കോര്‍പ്പറേറ്റ് അക്കൗണ്ടിങ് ജോലികളില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിങ്, ടാക്സ് കൈകാര്യം ചെയ്ത് തൊഴില്‍ പരിചയമുള്ളവര്‍ക്ക് യുഎഇയില്‍ ഡിമാന്‍ഡ് ഉണ്ട്. എന്നാല്‍ തൊഴില്‍ തേടിയെത്തുന്ന പ്രവാസികളുടെ ലഭ്യത കൂടുതലായതാണ് ഈ മേഖലയില്‍ ശമ്പളം കുറയാന്‍ കാരണം. എന്നാല്‍ ചില ജോലികള്‍ക്ക് തുടക്ക ശമ്പളം വര്‍ധിച്ചിട്ടുണ്ട്. കമ്പനികളിലെ നിയമ മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുള്ള ശമ്പളം 1.6 ശതമാനം വര്‍ധിച്ചു. തൊഴില്‍ പരിചയമുള്ള നിയമ, അഭിഭാഷക ജോലികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചു വരികയാണെന്നും ശരാശരി ശമ്പളം 15 ശതമാനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎഇയിലെ ജനസംഖ്യയും വര്‍ധിച്ചിട്ടുണ്ട്. നിക്ഷേപകരുടെയും പ്രൊഫഷണലുകളുടെയും ബാഹുല്യം കാരണം അബുദാബിയിലും ദുബൈയിലും ജനസംഖ്യ ഗണ്യമായി ഉയര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം