നിരവധി മൊബൈല്‍ ഫോണ്‍ സ്റ്റോറുകളില്‍ നിന്ന് മോഷണം സംബന്ധിച്ച പരാതികള്‍ ലഭിച്ചതോടെയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതെന്ന് ഷാര്‍ജ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ ഉമര്‍ അഹ്‍മദ് അബു അല്‍ സൗദ് പറഞ്ഞു.
ഷാര്‍ജ: യുഎഇയിലെ മൊബൈല്‍ ഫോൺ സ്റ്റോറുകളില്‍ നിന്ന് ഫോണുകള്‍ മോഷ്ടിച്ചിരുന്ന സംഘം അറസ്റ്റിലായി. മോഷണം നടത്തിയ ഒരാളും ബില്ല് ഇല്ലാതെ ഇയാളില്‍ നിന്ന് ഫോണുകള്‍ വാങ്ങാമെന്ന് സമ്മതിച്ചിരുന്ന രണ്ട് പേരുമാണ് പിടിയിലായത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് തുടര്‍ നടപടികള്‍ക്കായി കൈമാറി. മോഷ്ടിക്കപ്പെട്ട ഫോണുകളെല്ലാം പൊലീസ് പിടിച്ചെടുക്കുകയും ചെയ്‍തു.
ഷാര്‍ജയിലെ നിരവധി മൊബൈല്‍ ഫോണ്‍ സ്റ്റോറുകളില്‍ നിന്ന് മോഷണം സംബന്ധിച്ച പരാതികള്‍ ലഭിച്ചതോടെയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതെന്ന് ഷാര്‍ജ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ ഉമര്‍ അഹ്‍മദ് അബു അല്‍ സൗദ് പറഞ്ഞു. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഒരു കടയുടെ വാതില്‍ തകര്‍ത്ത് രണ്ട് ലക്ഷം ദിര്‍ഹത്തിലധികം വിലവരുന്ന ഫോണുകളും അനുബന്ധ സാധനങ്ങളും മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ടു.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി മോഷ്ടാവ് മാസ്‍കും തൊപ്പിയും ഗ്ലൗസും ഉള്‍പ്പെടെ ധരിച്ച് ശരീരം മുഴുവനായി മൂടിയിരുന്നെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ എട്ട് മണിക്കൂറിനുള്ളില്‍ ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തു. മോഷ്ടിച്ച ഫോണുകള്‍ കണ്ടെടുക്കുകയും ചെയ്തു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും തെളിവുകള്‍ നിരത്തി ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പിന്നാലെ മോഷ്ടിച്ച ഫോണുകള്‍ സൂക്ഷിച്ച വിവരങ്ങളും രേഖകളില്ലാതെ ഫോണുകള്‍ വാങ്ങിയവരുടെ വിവരങ്ങളുമെല്ലാം ഇയാള്‍ പൊലീസിനോട് പറഞ്ഞു. എല്ലാവരെയും അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണിപ്പോള്‍.
Read also: വിട്ടുവീഴ്ചയില്ല; ഭാര്യയെ കുത്തിക്കൊന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കണമെന്ന് കുടുംബം കോടതിയില്‍