പ്രതികൂല കാലാവസ്ഥ, മഴ മുന്നറിയിപ്പ്; ഒമാനിലെ പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

By Web TeamFirst Published Oct 14, 2024, 5:16 PM IST
Highlights

രാജ്യത്തെ  വിവിധ ഗവർണറേറ്റുകളിലെ  പൊതു, സ്വകാര്യ സർവ്വകലാശാലകളിലും കോളേജുകളിലും ഈ ദിവസം അവധിയാണ്. 

മസ്കറ്റ്: ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഒക്ടോബർ 15 ചൊവ്വാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ പൊതു,സ്വകാര്യ സർവ്വകലാശാലകളിലും കോളേജുകളിലും അധ്യയനം നിർത്തിവച്ചതായി ഒമാൻ ഉന്നത വിദ്യാഭ്യാസ,ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Latest Videos

Read Also -  നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ മാറ്റം; അഭിഭാഷകനെ അറിയിച്ചു, റഹീം കേസിൽ കോടതി സിറ്റിങ് ഒക്ടോബർ 21ന്

നാഷണൽ മൾട്ടി-ഹാസാർഡ് എർലി വാണിംഗ് സെൻററില്‍ നിന്ന് ലഭിച്ച റിപ്പോർട്ടുകളെത്തുടർന്ന് ഒക്ടോബർ 15 ചൊവ്വാഴ്ച ജോലിയും പഠനവും താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഒമാൻ മസ്‌കറ്റ് ഉൾപ്പെടെയുള്ള ചില ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ മേഖലകളിലെ ജോലികൾ 15 ന് നിർത്തിവെക്കും. മസ്‌കറ്റ്, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ എന്നിവിടങ്ങളിലെ പൊതു-സ്വകാര്യ മേഖലകളാണ് പ്രവർത്തനം നിർത്തിവെക്കുക. 

മസ്‌കറ്റ്, വടക്കൻ  അൽ ഷർഖിയ, തെക്കൻ  അൽ ഷർഖിയ തെക്കൻ  അൽ ബത്തിന, വടക്കൻ  അൽ ബത്തിന അൽ ബുറൈമി, അൽ ദഖിലിയ, അൽ ദാഹിറ എന്നി ഗവര്ണറേറ്റുകളെയാണ്  കാലാവസ്ഥ ബാധിക്കുക. 30 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മണിക്കൂറില്‍ 28 മുതല്‍ 64 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. മഴ മൂലം വാദികള്‍ നിറഞ്ഞൊഴുകും. കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഈ ദിവസങ്ങളില്‍ വാദികള്‍ മുറിച്ച് കടക്കുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.  ഒമാന്‍ കടല്‍ത്തീരത്ത് തിരമാലകള്‍ 1.5 മുതല്‍ 3 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!