ജോലി പോയ മലയാളി തൊഴിലാളികൾക്ക് ആശ്വാസം; ശമ്പള കുടിശ്ശികയും ആനുകൂല്യവുമടക്കം വൻതുക നല്‍കി തുടങ്ങി സൗദി കമ്പനി

By Web Team  |  First Published Nov 20, 2023, 9:43 PM IST

അഞ്ച് ലക്ഷം റിയാല്‍ വരെ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പണം നല്‍കി വരുന്നത്.


റിയാദ്: സൗദി ഓജര്‍ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്ത് തുടങ്ങി. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മലയാളി തൊഴിലാളികളുള്‍പ്പെടെയുള്ള പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുണ്ടായത്.

അഞ്ച് ലക്ഷം റിയാല്‍ വരെ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പണം നല്‍കി വരുന്നത്. 38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ ഓജര്‍ 2016ലാണ് സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. പത്ത് മാസത്തെ ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യവും ലഭിക്കാതെ വന്നതോടെ തൊഴിലാളികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ജീവനക്കാരായ പതിനായിരത്തിലേറെ ഇന്ത്യക്കാരില്‍ 3500ഓളം പേര്‍ മലയാളികളായിരുന്നു. 

Latest Videos

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി വിധിയെ തുടര്‍ന്ന് കമ്പനിയുടെ ആസ്തികളും മറ്റും വിറ്റ് സ്വരൂപിച്ച തുക വിതരണത്തിനായി മാനവശേഷി വികസന വകുപ്പ് അല്‍ഇന്‍മ ബാങ്കിന് കൈമാറുകയായിരുന്നു. നിലവില്‍ സൗദിയിലുള്ളവര്‍ ഇഖാമയുമായി ബാങ്കില്‍ നേരിട്ടെത്തി ഐബാന്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും. ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യവും ചേര്‍ത്ത് പലര്‍ക്കും വലിയ തുകയാണ് ലഭിച്ചത്.

Read Also -  അമ്മയോട് മൊബൈല്‍ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നാലെ അസ്വസ്ഥത; എക്സ്റേ, 10 വയസ്സുകാരൻ വിഴുങ്ങിയത് ഇയര്‍ ബഡ്

ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങിയവര്‍ക്കും ഇതിനകം മരിച്ചവരുടെ ആശ്രിതര്‍ക്കും പണം എങ്ങനെ ലഭിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ തുക ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികളടക്കമുള്ള തൊഴിലാളികള്‍. പ്രശ്‌നം പരിഹരിക്കാന്‍ നേരത്തെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സൗദിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്നവരുടെ ആനുകൂല്യം ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ മുഖേന അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുമെന്നാണ് അന്നത്തെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...


 

click me!