പലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരത്തിനായി സമ്മർദം ചെലുത്താൻ രൂപവത്കരിച്ച ആഗോള സഖ്യത്തിന്‍റെ ആദ്യ ഉന്നതതല യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
റിയാദ്: യുദ്ധം നിർത്താൻ ഞങ്ങൾ ലോകത്തെ മുഴുവൻ ഒരുമിച്ച് അണിനിരത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. പലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരത്തിനായി സമ്മർദം ചെലുത്താൻ രൂപവത്കരിച്ച ആഗോള സഖ്യത്തിന്‍റെ ആദ്യ ഉന്നതതല യോഗത്തിൽ പങ്കെടുക്കവേ റിയാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര തലത്തിൽ പൊതുജനാഭിപ്രായം സമാഹരിക്കാനും ഗാസയിലും ലബനോനിലും വെടിനിർത്തലിന് സമ്മർദം വർധിപ്പിക്കാനും ഞങ്ങൾ പ്രവർത്തിക്കുകയാണ്. നിർഭാഗ്യവശാൽ വളരെക്കാലമായി തുടരുന്ന പലസ്തീൻ പ്രശ്നത്തിന് ഒരു അന്തിമ പരിഹാരത്തിൽ എത്തിച്ചേരാൻ സൗദി അറേബ്യ കഴിയുന്നതെല്ലാം ചെയ്യും. വെടിനിർത്തലിന് ആഹ്വാനം ചെയ്യുക എന്നതാണ് അന്താരാഷ്ട്ര സമൂഹത്തിെൻറ പങ്ക്.
സൗദി ഈ ശ്രമങ്ങളുടെയും ആഹ്വാനങ്ങളുടെയും ഒരു ഭാഗമാണ്. വരാനിരിക്കുന്ന കാലയളവിൽ ഗാസയിലെയും പലസ്തീനിലെയും പൊതുവെ ലബനോനിലെയും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്ന ഒരു സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടി ഉണ്ടാകും. വെടിനിർത്തലിനുള്ള ആഹ്വാനം തുടരും. ദീർഘനാളത്തെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയാണ് സഖ്യം ലക്ഷ്യമിടുന്നത്. പലസ്തീന് മാത്രമല്ല, യുദ്ധങ്ങളും ശത്രുതയും ഉള്ള മുഴുവൻ മേഖലകൾക്കും വേണ്ടിയാണിത്. ഈ ദിശയിലുള്ള നിരവധി ഘട്ടങ്ങളിൽ ആദ്യപടിയായിരിക്കും ഇതെന്നും വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.
പലസ്തീൻ രാഷ്ട്രത്തിന്‍റെ സ്ഥാപനം എന്ന ലക്ഷ്യത്തിൽ ഒരേ മനസ്സോടെയും ഒരു ലക്ഷ്യത്തോടെയും നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 90 ആയി ഉയർന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ ലോകത്തെ ഏതാണ്ട് എല്ലാ പ്രധാനപ്പെട്ടവയടക്കം കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നുള്ള രാജ്യങ്ങളുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഈ രാജ്യങ്ങളെ ഈ ചുവടുവെപ്പിന് പ്രാപ്തരാക്കുന്ന അടിത്തറ പാകാൻ റിയാദ് ആതിഥേയത്വം വഹിച്ച സംവാദത്തിലൂടെ കഴിയുമെന്ന് പ്രത്യാശിക്കുന്നു. ഗാസയിൽ എല്ലാ ദിവസവും നടക്കുന്ന ദാരുണവും വിനാശകരവുമായ ആക്രമണത്തെ അപലപിക്കുന്നു. പലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉപരോധത്തെ വംശഹത്യ എന്ന് മാത്രമേ വിളിക്കാൻ കഴിയൂ. ഇതിനെ സൗദി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫോട്ടോ: ആഗോള സഖ്യത്തിെൻറ ആദ്യ ഉന്നതതല യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു