സ്വദേശികളും വിദേശികളും അടങ്ങുന്ന 1500ലേറെ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ മാറ്റുരച്ചതിൽ തിരഞ്ഞെടുക്കപ്പെട്ട ഏക വിദേശിയാണ് നൗഷാദ്.
റിയാദ്: മരുക്കാട്ടിലെ അപൂർവ്വയിനം അറേബ്യൻ കുറുക്കനെ ക്യാമറയിലാക്കിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശി നൗഷാദ് കിളിമാനൂരിന് സൗദി പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം. ലോക പരിസ്ഥിതി വാരാചരണത്തിനോടനുബന്ധിച്ച് സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സരത്തിലാണ് നൗഷാദിന്റെ ചിത്രം അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.
സ്വദേശികളും വിദേശികളും അടങ്ങുന്ന 1500ലേറെ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ മാറ്റുരച്ചതിൽ തിരഞ്ഞെടുക്കപ്പെട്ട ഏക വിദേശിയാണ് നൗഷാദ്. റിയാദിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയ "ഷട്ടർ അറേബ്യ" നടത്തുന്ന വാരാന്ത്യ മരുഭൂയാത്രക്കിടെയാണ് റിയാദ് നഗരത്തോട് ചേർന്നുള്ള അൽ ഹയർ മരുഭൂ മേഖലയിൽ നിന്ന് അവാർഡ് നേടിയ ചിത്രം നൗഷാദിന്റെ ക്യാമറ ഒപ്പിയത്. ചിത്രമെടുപ്പ് മാത്രമല്ല തന്റെ ക്യാമറയിൽ പതിയുന്ന ജീവിയുടെ ആവാസവ്യവസ്ഥയും, വംശവും ദേശവുമെല്ലാം കണ്ടെത്തുന്നതിലും നൗഷാദ് വിദഗ്ദ്ധനാണ്.
Read Also - കോളടിച്ചു! പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; യുഎഇയിൽ പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും
നൂറുകണക്കിന് മരുഭൂ ജീവികളുടെ ചിത്രം നൗഷാദിന്റെ ക്യാമറയിലും അവരുടെ ചരിത്രം മനസ്സിലുമുണ്ട്. റിയാദിൽ നടന്ന അവാർഡ് ദാന ചടങ്ങി പരിസ്ഥിതി സഹമന്ത്രി മൻസൂർ അൽ ഹിലാലിൽ നിന്ന് നൗഷാദ് അവാർഡ് ഏറ്റുവാങ്ങി. ഭാര്യ സജീന നൗഷാദ്, മക്കള്‍, നൗഫല്‍ നൗഷാദ്, നൗഫിദ നൗഷാദ് എന്നിവരാണ് നൗഷാദിന്റെ കുടുംബവും ഫോട്ടോഗ്രാഫി ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിലെ പിന്തുണയും പ്രോത്സാഹനവും.
(ഫോട്ടോ: പരിസ്ഥിതി സഹമന്ത്രിയിൽ നിന്നും നൗഷാദ് അവാർഡ് ഏറ്റ് വാങ്ങുന്നു)