ഖത്തറിന് ആവശ്യമായ എന്ത് സഹായവും നല്‍കണമെന്ന് സൗദിയിലെ മന്ത്രാലയങ്ങള്‍ക്ക് കിരീടാവകാശിയുടെ നിര്‍ദേശം

By Web Team  |  First Published Nov 21, 2022, 11:33 AM IST

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് സമ്പൂര്‍ണ പിന്തുണയാണ് സൗദി അറേബ്യ നല്‍കുന്നതെന്ന് സൗദി കായിക മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ കിരീടാവകാശിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


റിയാദ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടനത്തിന് ഖത്തറിന് കൂടുതല്‍ പിന്തുണയുമായി സൗദി അറേബ്യ. ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ എന്ത് അധിക സഹായവും നല്‍കണമെന്ന് സൗദി അറേബ്യയിലെ മന്ത്രാലയങ്ങളോടും ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ഏജന്‍സികളോടും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. സൗദി കായിക മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് സമ്പൂര്‍ണ പിന്തുണയാണ് സൗദി അറേബ്യ നല്‍കുന്നതെന്ന് സൗദി കായിക മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ കിരീടാവകാശിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടന്ന ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തായ്‌ലന്റിൽനിന്ന് നേരിട്ടാണ് സൗദി കിരീടാവകാശി ദോഹയിലെത്തിയത്. ഖത്തർ ഡെപ്യൂട്ടി അമീർ അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, കിരീടാവകാശിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

Latest Videos

സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുർക്കി ബിൻ മുഹമ്മദ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, സൗദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ,  സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബാൻ, വാണിജ്യ മന്ത്രിയും വാർത്താവിതരണ മന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ്, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി, കിരീടാവകാശി സെക്രട്ടറി ഡോ. ബന്ദർ ബിൻ ഉബൈദ് അൽറഷീദ് എന്നിവരും ദോഹയിലെത്തിയിരുന്നു.

സൗദി - ഖത്തർ അതിർത്തിയിലെ സൽവ അതിർത്തി പോസ്റ്റിന്റെ ശേഷി ഉയർത്തിയതായി സൗദി ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി അറിയിച്ചു. യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലും കൃത്യതയോടെയും പൂർത്തിയാക്കാൻ സഹായിക്കുന്ന നൂതന സാങ്കേതിക ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹയാ കാര്‍ഡെടുത്ത് ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദി അറേബ്യയിലെവിടെയും സന്ദര്‍ശിക്കാനുള്ള അനുമതി സൗദി ഭരണകൂടം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും സാധിക്കും. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്ക് പോകാന്‍ 49 പേര്‍ക്ക് സഞ്ചരിക്കാവുന്ന 55 ബസുകള്‍ തയാറാക്കിയിട്ടുണ്ടെന്ന് പൊതുഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. 3500 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യവും അതിര്‍ത്തിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

Read also: ലോകകപ്പ് സംഘാടനം; ഖത്തര്‍ അമീറിന് അഭിനന്ദനവും നന്ദിയും അറിയിച്ച് സൗദി കിരീടാവകാശി

click me!