നിയമലംഘനം നടത്തിയയാള്‍ക്ക് പിഴ ചുമത്തിയതിന് പുറമെ സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
റിയാദ്: ബിനാമി ബിസിനസ് നടത്തിവന്ന ഇന്ത്യാക്കാരന് പിഴയും നാടുകടത്തലും ശിക്ഷിച്ച് സൗദി കോടതി. രാജ്യത്ത് വാണിജ്യ സംരംഭങ്ങൾ നടത്തുന്നതിനുള്ള വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയില്‍ ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനം നടത്തിയ മദീര്‍ ഖാൻ എന്ന ഇന്ത്യാക്കാരനെതിരെയാണ് അൽ അഹ്സ ക്രിമിനല്‍ കോടതി ശിക്ഷാനടപടി സ്വീകരിച്ചതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി പൗരനെ ബിനാമിയാക്കി മദീര്‍ ഖാന്‍ സ്വന്തമായി സ്ഥാപനം നടത്തുകയായിരുന്നു.
നിയമലംഘകന് പിഴ ചുമത്തിയ കോടതി, സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിച്ചു. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും ഈടാക്കാനും കോടതി ഉത്തരവിട്ടു. മദീര്‍ ഖാനെ സൗദിയില്‍നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും വിധിയുണ്ട്. പ്രതിയുടെ പേരുവിവരങ്ങളും ഇയാള്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും അയാളുടെ തന്നെ ചെലവില്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്താനും ഉത്തരവിൽ പറയുന്നു.
Read Also - എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ളവ സർവീസ് നടത്തുക ടെർമിനൽ മൂന്നിൽ നിന്ന്; റിയാദ് എയർപോർട്ടിൽ പുതിയ മാറ്റം
വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ബിനാമി വിരുദ്ധ സംഘം ഇൗ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ബിനാമി ഇടപാട് കണ്ടെത്തുകയായിരുന്നു. സൗദി പൗരനെ മറയാക്കി അയാളുടെ സ്പോൺസർഷിപ്പിൽ മദീർ ഖാൻ സ്വന്തം നിലക്ക് നടത്തുന്നതാണെന്ന സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞു. കേസെടുത്ത മന്ത്രാലയം പ്രതിയെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. സൗദിയില്‍ ബിനാമി ബിസിനസ് ഇടപാടുകൾക്ക് പരമാവധി അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. ബിനാമി ഇടപാടിലൂടെ സമ്പാദിക്കുന്ന പണം കണ്ടുകെട്ടുകയും പ്രതിയെ തടവുശിക്ഷക്ക് ശേഷം നാടുകടത്തുകയും ചെയ്യും.