നാല് പേരുടെ മരണത്തിന് ഉത്തരവാദിയായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രവാസി മോചിതനായി; സ്വീകരിച്ച് സൗദി പൗരന്‍

By Web Team  |  First Published Mar 15, 2023, 4:26 PM IST

ജയിലില്‍ കിടന്ന കാലമത്രയും കണക്കാക്കി ശമ്പളത്തിന് തുല്യമായ തുക അദ്ദേഹത്തിന് നല്‍കുമെന്നും നാട്ടില്‍ വീടുവെച്ച് നല്‍കുമെന്നും ഹാദി ബിന്‍ ഹമൂദ് പറഞ്ഞു. അവാദേശിന്റെ മോചനത്തിനായി ശ്രമിച്ചപ്പോള്‍ നിരവധി സൗദി പൗരന്മാരില്‍ നിന്ന് മറക്കാനാവാത്ത അനുഭവങ്ങള്‍ തനിക്കുണ്ടായെന്നും അദ്ദേഹം പറഞ്ഞു.


റിയാദ്: നാല് പേരുടെ മരണത്തിന് കാരണമായ വാഹനാപകട കേസില്‍ അഞ്ചര വര്‍ഷമായി സൗദി ജയിലില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരന്‍ മോചിതനായി. ഉത്തര്‍പ്രദേശിലെ ബീജാപൂര്‍ സ്വദേശിയായ അവാദേശ് സാഗര്‍ (52) ആണ് മോചനദ്രവ്യമായ രണ്ട് കോടി രൂപ കോടതിയില്‍ കെട്ടിവെച്ചതിനെ തുടര്‍ന്ന് മോചിതനായത്. സൗദി പൗരനായ ഹാദി ബിന്‍ ഹമൂദിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയ ക്യാമ്പയിനിലൂടെയാണ് സൗദി സ്വദേശികള്‍ ആവാദേശ് സാഗറിന്റെ മോചനത്തിന് ആവശ്യമായ പണം സംഭാവന നല്‍കിയത്.

ജയില്‍ മോചിതനായെത്തിയ അവാദേശ് ശേഖറിനെ ഹാദി ബിന്‍ ഹമൂദ് സ്വീകരിച്ചു. എല്ലാവിധ സൗകര്യങ്ങളും ഒരുക്കി ഇനി അവാദേശിനെ നാട്ടിലേക്ക് അയക്കാനാണ് അടുത്ത ശ്രമം. ജയിലില്‍ കിടന്ന കാലമത്രയും കണക്കാക്കി ശമ്പളത്തിന് തുല്യമായ തുക അദ്ദേഹത്തിന് നല്‍കുമെന്നും നാട്ടില്‍ വീടുവെച്ച് നല്‍കുമെന്നും ഹാദി ബിന്‍ ഹമൂദ് പറഞ്ഞു. അവാദേശിന്റെ മോചനത്തിനായി ശ്രമിച്ചപ്പോള്‍ നിരവധി സൗദി പൗരന്മാരില്‍ നിന്ന് മറക്കാനാവാത്ത അനുഭവങ്ങള്‍ തനിക്കുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

9,45,000 റിയാലാണ് മോചനദ്രവ്യമായി കോടതിയില്‍ കെട്ടിവെയ്ക്കാന്‍ വേണ്ടിയിരുന്നത്. ഇതിന്റെ ഏകദേശം പകുതിയോളം തുക സമാഹരിച്ച് കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഒരു സൗദി പൗരന്‍ തന്നെ ബാങ്കിലേക്ക് വിളിച്ചുവരുത്തി. അവിടെയെത്തിയപ്പോള്‍ ബാക്കി വേണ്ടിയിരുന്ന നാലര ലക്ഷത്തോളം റിയാല്‍ അദ്ദേഹം ബാങ്കില്‍ നിക്ഷേപിച്ച് നല്‍കി. തന്റെ പേര് എവിടെയും വെളിപ്പെടുത്തരുതെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.

തൊട്ടുപിന്നാലെ സൗദിയിലെ പ്രമുഖ വ്യവസായി ആയിരുന്ന ഒരു വനിതയും വിളിച്ചു. മോചനത്തിന് ആവശ്യമായ മുഴുവന്‍ പണവും നല്‍കാമെന്നായിരുന്നു അവരുടെ വാഗ്ദാനം. എന്നാല്‍ അപ്പോഴേക്കും ആവശ്യമായ പണം ലഭിച്ചുകഴിഞ്ഞുവെന്ന് അവരെ അറിയിക്കുകയായിരുന്നു. ഇനി മറ്റൊരു ആവശ്യം വരുമ്പോള്‍ ബന്ധപ്പെടാമെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചതെന്നും ഹാദി ബിന്‍ ഹമൂദ് പറഞ്ഞു. തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച അത്ഭുതങ്ങള്‍ കണ്ട് അമ്പരന്ന് എല്ലാവര്‍ക്കും നന്ദി പറയുകയാണ് ജയില്‍ മോചിതനായ അവാദേശ്.

ജീവിതം കീഴ്മേല്‍ മറിഞ്ഞ വാഹനാപകടം
യാദ് - ത്വാഇഫ് റോഡിൽ ബീഷക്ക് സമീപം ഖുവയ്യയിൽ അലഹ്സ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിലാണ് ഇയാൾ പ്രതിയായത്. വെള്ളം വിതരണം ചെയ്യുന്ന ലോറി ഓടിക്കലായിരുന്നു ഇയാളുടെ ജോലി. ലൈസൻസോ ഇഖാമയോ ഇല്ലാതെയാണ് ഇയാൾ സൗദിയിൽ തങ്ങുകയും വാഹനം ഓടിക്കുകയും ചെയ്തിരുന്നത്. ഒരുദിവസം വൈകുന്നേരം ഒറ്റവരി പാതയിലുടെ വണ്ടിയോടിച്ചു പോകുമ്പാൾ ഒരു വളവിൽ വെച്ച് എതിരെ അതിവേഗത്തിലെത്തിയ വാഹനങ്ങളെ രക്ഷിക്കാൻ അരികിലേക്ക് ഒതുക്കിയ ഇയാളുടെ ലോറിയിലേക്ക് സ്വദേശി യുവാവ് ഒടിച്ച ഹൈലക്സ് പിക്കപ്പ് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ അടുത്തുള്ള പാറക്കൂട്ടത്തിലേക്ക് തെറിച്ചുവീണ വാഹനത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും വാഹനമോടിച്ച യുവാവും മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റു. ലൈസൻസും ഇഖാമയുമില്ലാത്തതിനാൽ അവദേശ് സാഗർ പൂർണക്കുറ്റക്കാരനായി ജയിലിൽ അടയ്ക്കപ്പെട്ടു. മരിച്ച നാലുപേർക്കും പരിക്കേറ്റ പെൺകുട്ടിക്കുമുള്ള നഷ്ടപരിഹാരമായി വിധിച്ച തുക 9,45,000 റിയാലാണ്. തികച്ചും നിർദ്ധന കുടുംബത്തിൽപ്പെട്ട അവാദേശിന് ഈ തുക സങ്കൽപിക്കാൻ പോലും കഴിയാത്തതായിരുന്നു. 

തന്റെ വിധിയെപ്പഴിച്ച് ജയിലിൽ കഴിഞ്ഞുകൂടാനല്ലാതെ ഈ മനുഷ്യന് മറ്റൊന്നിനും ആകുമായിരുന്നില്ല. ഭാര്യ സുശീലാദേവിയും 10 മക്കളും അടങ്ങുന്ന കുടുംബത്തിന് കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂര പോലുമുണ്ടായിരുന്നില്ല. ഇതിനിടയിൽ അവാദേശിന്റെ രണ്ട് പെൺകുട്ടികൾ മരിച്ചു. ജീവിക്കാൻ പോലും വഴിയില്ലാതെ അലഞ്ഞ അവാദേശിന്റെ കുടുംബം ഇദ്ദേഹത്തിന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. എന്നാൽ ഒരു ഫലവും ഉണ്ടായില്ല. 

അവാദേശിന്റെ നിരപരാധിത്വം അറിയാമായിരുന്ന പൊലീസുകാരിൽ ചിലരാണ് ഹാദി ബിൻ ഹമൂദ് എന്ന സ്വദേശി സാമൂഹിക പ്രവർത്തകനോട് ഇക്കാര്യം പറയുന്നത്. ഹാദി ബിൻ ഹമൂദ് ജയിലിലെത്തി അവാദേശിനെ കണ്ടു വിവരങ്ങൾ ശേഖരിച്ചു. ഒരായുസ്സ് മുഴുവനും ജയലിൽ കഴിഞ്ഞാലും ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത ഇയാളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഹാദി ബിൻ ഹമൂദ് അവാദേശിനെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ അവാദേശിന്റെ നിസ്സഹായാവസ്ഥ അറിയിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തു. ഫേസ്‍ബുക്ക്, വാട്സ് ആപ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ സൗദി സമൂഹത്തിൽ ഈ വീഡിയോകൾ വ്യാപകമായി പ്രചരിച്ചു. ഒപ്പം ഹാദി ബിൻ ഹമൂദിന്റെ സഹായ അഭ്യർഥനയും. ഇന്ത്യക്കാരും സൗദികളും തമ്മിലുള്ള പരമ്പരാഗത ആത്മബന്ധത്തെക്കുറിച്ച് ഓരോ വീഡിയോ പോസ്റ്റിലും അദ്ദേഹം ഓർമിപ്പിച്ചുകൊണ്ടിരുന്നു. 

ഇതോടെ സോഷ്യൽ മീഡിയ വഴി ഇദ്ദേഹം പിരിവ് നടത്തുകയാണന്നാരോപിച്ച് ചിലർ ഇദ്ദേഹത്തിനെതിരെ കേസ് കൊടുത്തു. എന്നാൽ സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ സൗദി അധികൃതർ അദ്ദേഹത്തിന്  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാൻ അനുവാദം നൽകി. അതോടെ സ്വദേശികൾ മനസ്സറിഞ്ഞ് സഹായവുമായി മുന്നോട്ട് വന്നു. 

Read also: വിദേശത്തായിരുന്നപ്പോള്‍ ട്രാഫിക് ഫൈന്‍; ബിസിനസുകാരന്റെ അന്വേഷണം കലാശിച്ചത് വിവാഹമോചനത്തില്‍

click me!