സൗദി അറേബ്യയിൽ 200ഓളം മരുന്നുകളുടെ നിർമാണം തദ്ദേശീയവത്കരിക്കും

By Web TeamFirst Published Oct 23, 2024, 4:31 PM IST
Highlights

200 മരുന്നുകളുടെ നിർമാണം പൂർണമായും തദ്ദേശീയവത്കരിക്കാനാണ് പദ്ധതിയിടുന്നത്. 

റിയാദ്: സൗദിയിൽ ഉൽപ്പാദിപ്പിക്കുന്ന ഏകദേശം 200 മരുന്നുകളുടെ നിർമാണം പൂർണമായും തദ്ദേശീയവത്കരിക്കുമെന്നും ആ മരുന്നുകൾ ഏതെല്ലാമെന്ന് നിർണയിച്ചെന്നും വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രിയും വാക്സിൻ ആൻഡ് ബയോ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രി കമ്മിറ്റി ചെയർമാനുമായ ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ് അറിയിച്ചു. 

ഔഷധസുരക്ഷ കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. റിയാദിൽ ആരംഭിച്ച ആഗോള ആരോഗ്യ അന്താരാഷ്ട്ര സമ്മേളനത്തിലെ (ഗ്ലോബൽ ഹെൽത്ത് ഫോറം) ഡയലോഗ് സെഷനിൽ സംസാരിക്കവേയാണ് അൽഖുറൈഫ് ഇക്കാര്യം പറഞ്ഞത്.

Latest Videos

പ്രധാന അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി സ്ഥാപിച്ച ഫലപ്രദമായ പങ്കാളിത്തത്തിലൂടെ ഫാർമസ്യൂട്ടിക്കൽ, വാക്സിൻ വ്യവസായത്തിെൻറ ഒരു സുപ്രധാന കേന്ദ്രമായി മാറാൻ സൗദി മുന്നോട്ട് പോകുകയാണ്. മരുന്നുകളിൽ 42 എണ്ണം സർക്കാർ, സ്വകാര്യ ഏജൻസികളുമായി ഏകോപിപ്പിച്ച് തദ്ദേശീയവൽക്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഔഷധനിർമാത്തിലെ ഏകീകൃത ശ്രമങ്ങളുടെയും ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിെൻറ തദ്ദേശീയവൽക്കരണത്തിന് വ്യക്തമായ ഒരു റഫറൻസ് സ്ഥാപിക്കേണ്ടതിെൻറയും പ്രധാന്യം മന്ത്രി സൂചിപ്പിച്ചു.

വാക്സിൻ ആൻഡ് ബയോഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രി കമ്മിറ്റി രൂപവത്കരിച്ചത് ഇതിെൻറ ഭാഗമാണ്. അതിെൻറ പ്രവർത്തനം വിപുലീകരിക്കുകയും നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി മാറുകയും ചെയ്തു. ഫാർമസ്യൂട്ടിക്കൽ വ്യവസായ മേഖലയിൽ ‘വിഷൻ 2030’-െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വേഗത ഇത് ത്വരിതപ്പെടുത്തി. ഫാർമസ്യൂട്ടിക്കൽ, വാക്സിൻ വ്യവസായം വികസിപ്പിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരും തമ്മിലുള്ള തുടർച്ചയായ ഏകോപനത്തെ മന്ത്രി പ്രശംസിച്ചു.

Read Also - 10 വർഷത്തിനിടെ റെസിഡൻസി നിയമങ്ങൾ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബൈ

ആളുകൾ ഉപയോഗിക്കുന്ന മരുന്നുകളുടെ എണ്ണം 8,000 കവിയുന്ന രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ വ്യവസായ മേഖലയിലെ ഗുണപരമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം നിക്ഷേപകരോട് ആഹ്വാനം ചെയ്തു. സൗദിയിൽ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ ഫാക്ടറികളുടെ എണ്ണം സമീപവർഷങ്ങളിൽ 25 ശതമാനം വർധിച്ചതായി മന്ത്രി സൂചിപ്പിച്ചു. മെഡിക്കൽ ഉപകരണ ഫാക്ടറികൾ 54-ൽനിന്ന് 150-ലേക്ക് കുതിച്ചു. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറികൾ 42-ൽ നിന്ന് 56 ആയും വളർന്നു. മൊത്തം മൂല്യം 10 ശതകോടി ഡോളർ കവിഞ്ഞു. ഏറ്റവും പുതിയ നിർമാണ സാങ്കേതികവിദ്യകൾ ഈ മേഖല സ്വീകരിച്ചതാണ് ഈ വളർച്ചയെ ഉത്തേജിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!